- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ ജീവശാസ്ത്രജ്ഞൻ ഇ.ഒ.വിൽസൻ അന്തരിച്ചു; വിടവാങ്ങിയത് 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡാർവിൻ'; ചെറുജീവലോകത്തിന്റെ അത്ഭുതങ്ങളിലേക്ക് ലോകശ്രദ്ധ ആകർഷിച്ച ശാസ്ത്രകാരൻ
മാസച്യുസിറ്റ്‌സ്(യുഎസ്): പ്രശസ്ത അമേരിക്കൻ ജീവ ശാസ്ത്രകാരനും പ്രകൃതി ഗവേഷകനും എഴുത്തുകാരനുമായ എഡ്വേർഡ് ഒസ്‌ബോൺ വിൽസൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ജൈവവൈവിധ്യരംഗത്തെ ഗവേഷണങ്ങളിലൂടെ ലോകപ്രശസ്തനായ വിൽസൻ യുഎസിലെ മസാച്യുസിറ്റ്‌സിലാണ് അന്തരിച്ചതെന്ന് അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
We are deeply saddened to share the passing of E.O. Wilson, preeminent scientist, naturalist, author of #halfearth at 92. "His gift was a deep belief in people and our shared human resolve to save the natural world" - Paula Ehrlichhttps://t.co/suAoRUPil6#eowilson#extinction
- EOWilson Foundation (@EOWilsonFndtn) December 27, 2021
'ആധുനികകാല ഡാർവിൻ', 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡാർവിൻ' എന്നെല്ലാം അറിയപ്പെട്ട ഇ.ഒ.വിൽസൻ ബ്രിട്ടിഷ് പ്രകൃതി ശാസ്ത്രജ്ഞൻ ഡേവിഡ് ആറ്റൻബറോയ്‌ക്കൊപ്പം പ്രകൃതി ചരിത്രത്തിലും സംരക്ഷണത്തിലും ആധികാരികവാക്കായി കണക്കാക്കപ്പെട്ടയാൾ കൂടിയാണ്. ചെറുജീവലോകത്തിന്റെ അത്ഭുതങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കാൻ ഇ ഒ വിൽസനിലെ ശാസ്ത്രകാരന് സാധിച്ചു.
പത്തു ദശലക്ഷം വർഷങ്ങളിൽപോലും കാണാത്തത്ര വേഗത്തിൽ ജീവവർഗങ്ങളിൽ കാണപ്പെടുന്ന വംശനാശം ചെറുക്കാൻ ഭൂമിയുടെ പകുതി കരയും കടലും സംരക്ഷണമേഖലയാക്കണമെന്ന ആശയമായിരുന്നു വിൽസന്റേത്. 'ഹാഫ് എർത്ത് പ്രോജക്റ്റ്' എന്നറിയപ്പെട്ട ഈ ആശയം ഏറെ ശ്രദ്ധനേടി. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 2030 ഓടെ രാജ്യങ്ങൾ അവരുടെ ഭൂജലവിസ്തൃതിയിൽ 30 ശതമാനമെങ്കിലും സംരക്ഷിതമേഖലയാക്കണമെന്ന ആശയവുമായി ഐക്യരാഷ്ട്രസഭ '30 ൽ 30' എന്ന പ്രഖ്യാപനം നടത്തിയതും.
തെക്കൻ യുഎസിലെ അലബാമയിലെ ബിർമിങ്ഹാമിൽ 1929 ൽ ജനിച്ച അദ്ദേഹം കീടങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന എന്റമോളജി രംഗത്താണ് കൂടുതൽ ശ്രദ്ധപതിപ്പിച്ചത്. എന്റമോളജിയിൽ തന്നെ ഉറുമ്പുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഉപശാഖയായ മിർമെക്കോളജിയിലെ ആധികാരികവാക്കായിരുന്നു അദ്ദേഹം. മുപ്പതിലേറെ പുസ്തകങ്ങളും 430 ഓളം ശാസ്ത്രപഠനങ്ങളും പ്രസിദ്ധീകരിച്ചു. നാൽപതോളം ഹോണററി ഡോക്ടറേറ്റുകളും നേടി. ഹാർവഡ്, ഡ്യൂക്ക് സർവകലാശാലകളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. രണ്ടു തവണ പുലിസ്റ്റർ സമ്മാനത്തിനും അർഹനായി.
This winter solstice, let's illuminate the value of all life on earth. Join our bold vision to conserve half the land and seas by identifying and mapping biodiversity.
- EOWilson Foundation (@EOWilsonFndtn) December 21, 2021
Please sign the pledge.
????https://t.co/s8dVyieUvA #halfearthpledge#leavenospeciesbehind#seasonsgreetings pic.twitter.com/NUw8imZ51C
നാന്നൂറോളം ഇനം ഉറുമ്പുകളെ വിൽസൻ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം തേടിയുള്ള വഴിയും അപകടസാഹചര്യങ്ങളും സംബന്ധിച്ച ആശയവിനിമയം ചില രാസവസ്തുക്കൾ പുറത്തുവിട്ടാണ് ഉറുമ്പുകൾ സാധ്യമാക്കുന്നതെന്ന കണ്ടെത്തലാണ് തന്റെ വലിയ നേട്ടങ്ങളിലൊന്നായി അദ്ദേഹം പറഞ്ഞിരുന്നത്.
മാതാപിതാക്കൾ വിവാഹമോചിതരായതിനെത്തുടർന്ന് വളർത്തമ്മയ്ക്കും പിതാവിനുമൊപ്പം പല നാടുകളിലായാണ് അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസകാലം പിന്നിട്ടത്. പത്തുവയസ്സുള്ളപ്പോൾ മുതൽ സമീപത്തെ കാട്ടിലും മറ്റും ഷട്പദങ്ങളെയും കീടങ്ങളെയും നിരീക്ഷിച്ചു തുടങ്ങിയ അദ്ദേഹം ഹാർവഡ് സർവകലാശാലയിൽ ശാസ്ത്രജ്ഞനായി എഴു പതിറ്റാണ്ടോളം പ്രവർത്തിച്ചു.
മാതാപിതാക്കളുടെ വിവാഹമോചനത്തെത്തുടർന്ന് അസ്വാരസ്യങ്ങൾ നിറഞ്ഞ ബാല്യമാണ് ചെറുജീവികളെക്കുറിച്ചുള്ള ആഴമുള്ള പഠനങ്ങളിലേക്ക് തന്റെ മനസ്സിനെ വഴിതിരിച്ചതെന്ന് ആത്മകഥയായ 'നാചുറലിസ്റ്റി'ൽ അദ്ദേഹം പറയുന്നു. കുട്ടിക്കാലത്ത് മീൻപിടിക്കുന്നതിനിടെ കണ്ണിനുണ്ടായ പരുക്ക് വീട്ടിൽ പറയാതിരുന്ന വിൽസന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകാനും അതിടയാക്കി. കാഴ്ചയുറപ്പിച്ച മറുകണ്ണിലൂടെയാണ് ചെറുജീവലോകത്തിന്റെ അത്ഭുതങ്ങളിലേക്ക് അദ്ദേഹം മിഴിനട്ടതും.




