കൊച്ചി: ഓണത്തിന് നാട്ടിലേക്കുള്ള ലീവ് നിഷേധിക്കപ്പെട്ട ഒരു പ്രവാസിമലയാളിയുടെ കഥ പറയുന്ന ഹ്രസ്വചിത്രം 'ഈ തിരുവോണനാളിൽ' റിലീസായി. സംഗീത ഹ്രസ്വചിത്രം സംവിധാനം ചെയ്തത് അഖിൽ ചന്ദ്രനാണ്.

മിഥുൻ മുരളിയുടെ സംഗീതത്തിൽ സുദീപ് കുമാർ ആലപിച്ച 'മലയാളക്കര' എന്ന ഗാനവും ഈ ഹ്രസ്വചിത്രത്തിലുണ്ട്. ഗാനം രചിച്ചിരിക്കുന്നത് അഖിൽ ചന്ദ്രനാണ്. മ്യൂസിക്247നാണ് 'ഈ തിരുവോണ നാളിൽ' മ്യൂസിക്കൽ ഷോർട്ട് ഫിലിം റിലീസ് ചെയ്തത്.

ശ്യാം മനോഹരാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൃദ്യമായ ദൃശ്യാവിഷ്‌കാരവും സുദീപ് കുമാറിന്റെ  സ്വരമാധുര്യവും ഒരുമിച്ച് ചേരുന്ന ഈ വീഡിയോയിലൂടെ കേരളത്തിന്റെ വശ്യമനോഹാരിതയും സാംസ്‌കാരികത്തനിമയും എടുത്ത് കാണിക്കുന്നുണ്ട്. ഓണം നഷ്ടമാകുന്നവർക്ക് വേണ്ടിയുള്ള സമർപ്പണംകൂടിയാണ് ഈ ഹ്രസ്വചിത്രം.