ഗിരിരാജൻ കോഴിയായി പ്രേക്ഷരുടെ മനസിൽ ചേക്കേറിയ ഷറഫുദ്ദീൻ ആദ്യമായി നായക വേഷത്തിലെത്തുന്ന 'നീയും ഞാനും' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക.അഡ്വഞ്ചർ പ്രണയകഥ പറയുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ്. പ്രണയവും സംഘർഷവും നിറഞ്ഞ ട്രെയിലർ ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്നതാണ്.

ആഷ്ലി ഇക്‌ബാൽ എന്ന പെൺകുട്ടിയുടെ ജീവിതത്തിലേക്ക് രണ്ട് കാലഘട്ടങ്ങളിൽ കടന്നുവരുന്ന രണ്ട് പുരുഷന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. സിജു വിത്സൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ദിലീഷ് പോത്തൻ, അജു വർഗീസ്,സാദിഖ്, സുരഭി, സോഹൻ സീനുലാൽ, കലാഭവൻ ഹനീഫ്, സുധി, ഷഹീൻ സാദിഖ് തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. ലങ്ക, അസുരവിത്ത്, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഹരിനാരായണൻ, സലാവുദ്ദീൻ കേച്ചേരി എന്നിവരുടെ ഗാനങ്ങൾക്ക് വിനു തോമസ് ഈണം പകരുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹകൻ. കോക്കേഴ്സ് ഫിലിമിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിക്കുന്നത്.