ദോഹ: യൂറോപ്പിൽ കോഴിമുട്ടകളിൽ മാരകമായ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ രാജ്യത്തും മുട്ടകളുടെ കാര്യത്തിൽ ആശങ്ക ശക്തമായി. അതേസമയം ഇവിടെ ലഭ്യമാകുന്ന മുട്ടകൾ സുരക്ഷിതമെന്നും നെതർലാൻഡ്‌സിൽ നിന്നുള്ള മുട്ടകൾ ഖത്തറിൽ ഇറക്കുമതി ചെയ്യുന്നില്ലെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. ഏതാനും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മുട്ടകൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ആ മുട്ടകളെല്ലാം വിപണിയിൽ നിന്ന് പിൻവലിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

യൂറോപ്പിലെ 15 രാജ്യങ്ങളിൽ കോഴിമുട്ടയിൽ ഫിപ്രോനിൽ എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് വിവിധ സൂപ്പർമാർക്കറ്റുകളിൽ നിന്നായി ലക്ഷക്കണക്കിന് മുട്ടകൾ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഖത്തറിലേക്ക് മുട്ടകൾ എത്തുന്നത് ആറ് അറബ് രാജ്യങ്ങളിൽ നിന്നും മൂന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഒരു ഏഷ്യൻ രാജ്യത്തു നിന്നുമാണ്. നിലവിൽ കോഴി മുട്ടയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നൊന്നും മുട്ട ഇറക്കുമതി ചെയ്യുന്നില്ല. ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് യാതൊരു ആശങ്കയ്ക്കും ഇടവേണ്ടെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.