കെയ്‌റോ: ഈജിപ്തിൽ കോപ്റ്റിക് ക്രൈസ്തവ സഭാംഗങ്ങൾ സഞ്ചരിച്ചിരുന്ന ബസിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 26 പേർ മരിച്ചു. 25 പേർക്കു പരുക്കേറ്റു. മിനിയ പ്രവിശ്യയിലെ സെന്റ് സാമുവേൽ മോണാസ്ട്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആക്രമണമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. കെയ്‌റോയിൽനിന്ന് 220 കിലോമീറ്റർ അകലെയാണ് സംഭവം.

സൈനിക യൂണിഫോമിലെത്തിയ പത്തോളം വരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്. ഭീകരർ ബസിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ക്രിസ്ത്യാനികൾക്കു നേരെ നിരന്തരമായി ആക്രമണം നടക്കുന്ന സ്ഥലമാണ് ഈജിപ്ത്. ഏപ്രിലിലുണ്ടായ ഇരട്ട സ്‌ഫോടനത്തിലും ഡിസംബറിലുണ്ടായ മറ്റൊരു ആക്രമണത്തിലുമായി 75 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.