പാരീസിൽ നിന്നും കെയ്‌റോയിലേക്ക് പറക്കവെ ഈജിപ്ത് എയർ വിമാനമായ എംഎസ്804 കഴിഞ്ഞ വർഷം മെഡിറ്ററേനിയനിൽ തകർന്ന് വീണ് 66 പേർ മരിച്ച സംഭവത്തിന്റെ ഞെട്ടൽ ഇനിയും വിട്ട് മാറിയിട്ടില്ല. ആ അപകടത്തിന് കാരണം വിമാനത്തിൽ വച്ച് ഐപാഡ് ചാർജ് ചെയ്തതുകൊണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയവർ കണ്ടെത്തിയിരിക്കുന്നത്. അത് ശരിയാണെങ്കിൽ ഫ്‌ലൈറ്റിൽ ഫോൺ ഉപയോഗിച്ചാലുണ്ടാകുന്ന ദുരന്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഈ അപകടം മാറുമെന്നുറപ്പാണ്.

കോക്ക്പിറ്റിൽ പൈലറ്റ് ഐപാഡ് ചാർജ് ചെയ്യാൻ വച്ചതാണ് തീപിടിത്തമുണ്ടായി വിമാനം കത്തി വീഴാൻ കാരണമായിരിക്കുന്നതെന്നാണ് അന്വേഷകർക്ക് ലഭിച്ചിരിക്കുന്ന തെളിവുകൾ സൂചിപ്പിക്കുന്നത്. മൊബൈൽ ഡിവൈസുകളിൽ നിന്നുള്ള അമിതമായ ചൂട് കാരണം തീപിടിത്തമുണ്ടായിട്ടാണോ വിമാനം വീണതെന്നതിനെ കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത് ഫ്രഞ്ച് അധികൃതരായിരുന്നു. ഫസ്റ്റ് ഓഫീസറുടെ കൈവശമുണ്ടായിരുന്ന ആപ്പിൾ ഐ ഫോൺ 6 എസ്, ഐപാഡ് മിനി 4 എന്നിവയാണോ അപകടത്തിന് കാരണമെന്നതിലൂന്നിയായിരുന്നു ഇത് സംബന്ധിച്ച അന്വേഷണം നടത്തിയിരുന്നത്. ഇവ തെറ്റായ സോക്കറ്റിൽ ചാർജ് ചെയ്യാൻ വച്ചതിനെ തുടർന്നാണ് കോക്ക്പിറ്റിൽ സ്പാർക്കുണ്ടായി തീ പടർന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്.

തീപിടിച്ചുവെന്ന് വിശ്വസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഇൻസ്ട്രുമെന്റ് പാനലിൽ ഫസ്റ്റ് ഓഫീസർ ഒരു ടാബ്ലറ്റും ഒരു പെർഫ്യൂം ബോട്ടിലും വയ്ക്കുന്ന സിസിടിവി ഫൂട്ടേജ് കണ്ടെടുത്തിരുന്നു. ഫ്‌ലൈറ്റ് ഡാറ്റ റെക്കോർഡർ വിശകലനം ചെയ്തനുസരിച്ച് ടോയ്‌ലറ്റിലും ഏവിയോണിക്‌സ് വേയിലും പുകയുണ്ടായിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. തകർന്ന് വീണ വിമാനത്തിന്റെ മുൻഭാഗത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും അവിടെ ഉയർന്ന താപനില കാരണമുണ്ടായ കേടുപാടുകളുടെ തെളിവും കണ്ടെത്തിയിരുന്നു. വിമാനം വീഴുന്നതിന് മുമ്പുണ്ടായ ഒരു തീ കെടുത്താൻ ക്രൂ പരിഭ്രാന്തരാകുന്ന ശബ്ദം വോയിസ് റെക്കോർഡറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം മെയ്‌ മാസത്തിലുണ്ടായ അപകടത്തിൽ 40 ഈജിപ്തുകാരും 15 ഫ്രഞ്ചുകാരും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരിൽ ബ്രിട്ടീഷുകാരനായ റിച്ചാർഡ് ഓസ്മാനും ഉൾപ്പെടുന്നു. കോക്ക്പിറ്റിലെ പ്ലഗുകൾ ടോസ്‌റ്റേർസിനോ അല്ലെങ്കിൽ കോഫീ പോട്ട്‌സിനോ വേണ്ടിയല്ല നിർമ്മിച്ചിരിക്കുന്നതെന്നും അത് പ്രഫഷണൽ ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട ഉറവിടം വെളിപ്പെടുത്തുന്നു. അതിനാൽ കോക്ക്പിറ്റിൽ ഗാഡ്ജറ്റ് ചാർജ് ചെയ്തത് അപകടത്തിന് വഴിയൊരുക്കിയേക്കാമെന്നും ഈ ഉറവിടം വെളിപ്പെടുത്തുന്നു. എന്നാൽ തങ്ങളുടെ ഉൽപന്നമാണീ അപകടത്തിന് വഴിയൊരുക്കിയിരിക്കുന്നതെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആപ്പിൾ പ്രതികരിച്ചിരിക്കുന്നത്.