ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമ്മാണക്കമ്പനിയായ ഡ്യൂക്കാട്ടിയെ ഏറ്റെടുക്കാൻ ഐഷർ മോട്ടേഴ്‌സ് ഇന്ത്യ ഒരുങ്ങുന്നു. 200-180 കോടി ഡോളറാണ് ഐഷർ ഇന്ത്യ ഇതിനായി ഓഫർ ചെയ്തിരിക്കുന്നത്.

ബ്രിട്ടീഷ് എൻഫീൽഡ്് ഏറ്റെടുത്ത് ലാഭത്തിലാക്കിയ വിജയചരിത്രവുമായാണ് ഐഷർ ഡ്യൂക്കാട്ടിയെ നോട്ടമിടുന്നത്. ഇതു യാഥാർത്ഥ്യമായാൽ ഡ്യൂക്കാട്ടിയുടെ സാങ്കേതികത, ബ്രാൻഡ് ഇക്വിറ്റി, ലോകമെമ്പാടുമുള്ള വിതരണശൃഖല എന്നിവ ഈ ഇന്ത്യൻ കമ്പനിക്ക് സ്വന്തമാകും .

ജർമ്മൻ വാഹനനിർമ്മാതാക്കളായ ഫോക്‌സ് വാഗന്റെ ഇറ്റാലിയൻ സൂപ്പർ ബൈക്ക് വിഭാഗമാണ് ഡ്യൂക്കാട്ടി. 2015ൽ മലീനീകരണ നിയന്ത്രണ സംവിധാനത്തിലെ തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ഔഡി ഉൾപ്പടെയെുള്ള അവരുടെ അഞ്ചു ലക്ഷത്തോളം വാഹങ്ങൾ യു എസിൽ മാത്രം പിൻവലിക്കേണ്ടി വന്നു. കൂടാതെ രണ്ടു കോടിയിലേറെ ഡോളർ പിഴയടയ്‌ക്കേണ്ടിവന്നു. കൂടാതെ ലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരവും നല്‌കേണ്ടിവന്നു. യൂറോപ്പിലും ഇതനുസരിച്ചുള്ള തിരിച്ചടിയുണ്ടായി. ഇതോടെ വൻ പ്രതിസന്ധിയിലായ കമ്പനി അടുത്തിടെയാണ് ഡ്യൂക്കാട്ടി വിൽപ്പനയ്ക്ക് വച്ചത്.

വൻകിട വാഹനനിർമ്മാതാക്കൾ ഉൾപ്പടെ ഒട്ടേറെ പ്രമുഖരാണ് ഡ്യൂക്കാട്ടിക്കായി രംഗത്തത്തെത്തിയത്. ഹാർലി ഡേവിഡ്‌സൺ, സുസുകി, തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകൾക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള ബജാജ് , ഹീറോ മോട്ടാർ കമ്പനികളും മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ അവസാന വട്ടമെത്തുമ്പോൾ ഏഷ്യയിൽ നിന്നുള്ള ഏക പ്രാതിനിധ്യം ഐഷറിന്റേതാണ് എന്നാണ് അറിയുന്നത്.

അടിസ്ഥാനവിലയായി ഡ്യൂക്കാട്ടി മുന്നോട്ടുവച്ച വില 150 കോടി ഡോളറായിരുന്നു. വില്പനയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. ബാങ്കുകളുമായുള്ള ചർച്ചകളൊക്കെ പൂർത്തിയാക്കിയതായി ഐഷർ അറിയിച്ചിട്ടുണ്ട്. നിയമപരമായ മറ്റ് സാങ്കേതിക പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസത്തിൽ തന്നെ ഇടപാടിൽ തീരുമാനമാകും. കരാർ യാഥാർത്ഥ്യമായാൽ ഡ്യൂക്കാട്ടി എന്ന ബ്രാൻഡ് ഇന്ത്യയുടേതായി മാറും. എൻഫീൽഡ് പോലെ ഡ്യൂക്കാട്ടിയും ഇന്ത്യൻ അഭിമാനമാറുമെന്ന് പ്രതീക്ഷിക്കാം.