ദുബായ്: ഈദ് അൽ അദ (ബലിപ്പെരുന്നാൾ) പ്രമാണിച്ച് 23 മുതൽ 25 വരെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം യുഎഇ മിനിസ്ട്രി, ഫെഡറൽ ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാർക്ക് 23 മുതൽ 26 വരെ അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സ് അഥോറിറ്റി അറിയിച്ചു.

അവധി കഴിഞ്ഞ് 27 ഞായറാഴ്ച എല്ലാ മിനിസ്ട്രി, ഫെഡറൽ ഏജൻസികളുടേയും പ്രവർത്തനം പുനരാരംഭിക്കും. സ്വകാര്യ മേഖലയ്ക്ക് 23 ബുധനാഴ്ച മുതൽ 25 വെള്ളി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ തൊഴിലാളികൾക്കും പൂർണ ശമ്പളത്തോടുകൂടിയ അവധി നൽകണമെന്നും പകരം മറ്റൊരു ദിവസം ജോലി ചെയ്യിക്കരുതെന്നും തൊഴിൽമന്ത്രി സഖർ ഗൊബാഷ് സഈദ് ഗൊബാഷ് അറിയിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സ്വദേശികൾക്കും താമസക്കാർക്കും പെരുന്നാൾ ആശംസകൾ നേർന്നു.