കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. ശവ്വാൽ മാസപ്പിറവി കണ്ടതായി ഇന്നലെ വിവരം ലഭിക്കാത്തതിനാൽ റമാദാൻ നോമ്പ് വ്രതം ഇന്ന് കൂടി തുടരും. ഇന്ന് റംസാൻ പൂർത്തീകരിച്ച് ശനിയാഴ്ച ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, കാഞ്ഞങ്ങാട്ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാസർകോട് ഖാസി കെ. ആലിക്കുട്ടി മുസ്‌ല്യാർ, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി എന്നിവർ അറിയിച്ചു.

അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയാണ്. ഒമാനിൽ ശനിയാഴ്ചയാണ് ചെറിയ പെരുന്നാൾ. ലോകമെങ്ങുമുള്ള മലയാളികൾക്കു ഗവർണർ പി. സദാശിവം റമസാൻ ആശംസ നേർന്നു. സാഹോദര്യവും പരസ്പരസ്‌നേഹവും ഊട്ടിയുറപ്പിക്കാനുള്ള അവസരമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

അതേസമയം കേരളത്തിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി ആയതിനാലും പതിവുപോലെ രണ്ട് ദിവസം അവധി കിട്ടുമെന്നതിനാലും ഇന്ന് സർക്കാർ ഉദ്യോഗസ്ഥർ അവധി പ്രതീക്ഷിച്ചിരുന്നു. ദൂരെയള്ള പലും ഇന്നലെ രാത്രി തന്നെ പോയി. കഴിഞ്ഞ വർഷം രാത്രി വൈകിയാണ് അവധി പ്രഖ്യാപനം വന്നത്. ഞായറാഴ്‌ച്ച കൂടി വരുന്നതിനാൽ മൂന്ന് ദിവസം ഉദ്യോഗസ്ഥർ അവധി പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ശനിയാഴ്‌ച്ചയാണ് ഈദുൽ ഫിത്തർ എന്ന ഉറപ്പിച്ചതോടെ ഇന്ന് ഉദ്യോഗസ്ഥർ അവധിയെടുക്കേണ്ടി വരും.

ദുബായ് അടക്കമുള്ള ഗൾഫ് നാടുകളിൽ ഇന്ന് ഈദുൽ ഫിത്തർ ആഘോഷിക്കുന്നതിനാൽ ഇവിടങ്ങളിലെ മലയാളികൾ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മലയാളികൾ ഉൾപ്പെടെയുള്ളവർ ഇന്ന് സന്ധ്യമുതൽ ആഘോഷത്തിലേക്കു കടന്നു. പുത്തൻ കുപ്പായത്തിന്റെയും അത്തറിന്റെയും ഗന്ധമുള്ള രാവിൽ ഒരുക്കങ്ങൾ ആവേശമായി. ഇന്ന് പെരുനാൾ ആകുമെന്ന പ്രതീക്ഷയിൽ പലരും ഇന്നലെ നേരത്തെ ഓഫിസുകളിൽ നിന്നിറങ്ങി.