അബുദാബി: യു എ ഇ യിൽ പെരുന്നാൾ അവധികൾ 0 ജൂൺ 24 ശനിയാഴ്ച മുതൽ അതായത് റമദാൻ 29 മുതൽ അവധി ആരംഭിക്കുന്നതായിരിക്കും. ദി ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ് എ എച് ആർ )ആണ് പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചത്. ഇതോടെ പ്രവാസികൾ കുടുംബത്തോടെ നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങുകയാണ്.

ജൂൺ 25 ഞായറാഴ്ച പെരുന്നാൾ ആകുകയാണെങ്കിൽ ജൂൺ 24 ശനിയാഴ്ച മുതൽ ജൂൺ 27 ചൊവ്വാഴ്ച വരെയായിരിക്കും അവധി. ജൂൺ 28 ബുധനാഴ്ചയായിരിക്കും പ്രവർത്തി ദിനം. ഇനി ജൂൺ 26 തിങ്കളാഴ്ചയാണ് പെരുന്നാളാകുകയെങ്കിൽ ജൂൺ 24 ശനിയാഴ്ച മുതൽ തുടങ്ങുന്ന അവധി ജൂലൈ ഒന്ന് ശനിയാഴ്ച വരെ നീണ്ട് നിൽക്കും. അതായത് ജൂലൈ രണ്ട് ഞായറാഴ്ചയായിരിക്കും പ്രവർത്തി ദിനം. എമിറേറ്റ്‌സ് ന്യൂസ്ഏജൻസിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ജൂൺ 24 ശനിയാഴ്ച വൈകുന്നേരം 7:32 ന് ചന്ദ്രൻ അസ്തമിക്കും. എന്നാൽ സൂര്യൻ അല്പം കൂടി നേരത്തെ 7:11 ന് അസ്തമിക്കും. അതുകൊണ്ട് തന്നെ സൂര്യാസ്തമയത്തിനു ശേഷം ചന്ദ്രൻ ആകാശത്ത് തെളിയും. ഇത് വെച്ച് നോക്കുമ്പോൾ പെരുന്നാൾ ജൂൺ 25 ഞായറാഴ്ചയാകാനാണ് സാധ്യതയെന്ന് ജ്യോതി ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു.