രാജ്യത്തെങ്ങും ഈദ് ആഘോഷങ്ങൾ പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവിധ സംഘടനകളുടെയും പള്ളികളുടെയും നേതൃത്വത്തിൽ ഈദ് പരിപാടികൾ സംഘടിപ്പിക്കുമ്പോൾ തൊഴിലാളികൾക്കായി ഈദ് ആഘോഷം ഒരുക്കി മാതൃകയാവുകയാണ് ഖത്തറിലെ ആഭ്യന്തര മന്ത്രാലയം.

ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം തൊഴിലാളികൾക്കായി രണ്ട് ദിവസത്തെ ആഘോഷ പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത്. ഈദിന്റെ ആദ്യരണ്ട് ദിവസങ്ങളിലായാണ് ആഘോഷം നടക്കുകയെന്ന് പബഌക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കേണൽ അബ്ദുല്ല ഖലീഫ അൽ മുഫ്ത അറിയിച്ചു.

അൽഖോറിലെ ബർവ വർക്കേഴ്‌സ് റിക്രിയേഷൻ കോംപഌ്‌സ്, ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് ക്രിക്കറ്റ് സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് തൊഴിലാളികൾക്കായുള്ള പെരുന്നാൾ ആഘോഷ പരിപാടികൾ നടക്കുക. ഉച്ചക്ക് മൂന്ന് മണി മുതൽ രാത്രി പത്ത് വരെയായിരിക്കും ആഘോഷങ്ങൾ. ബർവ, ഏഷ്യൻ ടൗൺ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.

കൾച്ചറൽ, റിക്രിയേഷണൽ പരിപാടികൾ അൽ ഖോറിലെ ബർവ വർക്കേഴ്‌സ് കോംപഌ്‌സിൽ അരങ്ങേറും. ഇന്ത്യ, നേപ്പാൾ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള കലാ, സാംസ്‌കാരിക പരിപാടികൾ നടക്കും. പോപിൻസ്, സരിഗ ഒർക്കസ്ട്ര ടീമുകളുടെ പരിപാടി വൈകീട്ട് നാല് മുതൽ രാത്രി ഒമ്പത് വരെ നടക്കും.

ആഭ്യന്തര മന്ത്രാലയം കമ്പനികൾക്കും കമ്യൂണിറ്റികൾക്കുമായി നടത്തിയ 'റമദാൻ ചാമ്പ്യൻഷിപ്പ് 2015' ക്രിക്കറ്റ്, വേളിബാൾ മത്സരങ്ങളുടെ ഫൈനൽ ഈദിന്റെ ആദ്യ ദിനവും ഫുട്‌ബോൾ, ബാസ്‌കറ്റ് ബാൾ എന്നിവയുടെ കലാശക്കളി രണ്ടാം ദിനത്തിലും നടക്കും.

ഏഷ്യൻ ടൗൺ സ്‌റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗഌദേശ്, നേപ്പാൾ, ഖത്തർ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് 5000 റിയാലും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 3000 റിയാലും ട്രോഫിയും സമ്മാനമായി നൽകും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 2000 റിയാൽ വീതം നൽകും. കുടുംബവുമായി എത്തുന്നവർക്ക് ഇരിക്കാൻ പ്രത്യേകം സ്ഥലം തയ്യാറാക്കിയിട്ടുണ്ടെന്നും കേണൽ മുഫ്ത അറിയിച്ചു.പരിപാടികൾക്ക് പ്രവേശനം സൗജന്യമാണ്.