മസ്‌ക്കറ്റ്: ഒമ്പതു ദിവസം നീണ്ട ഈദ് അവധി ഇന്ന് സമാപിക്കുന്നതോടെ റോഡിൽ വൻ തിക്കും തിരക്കും അനുഭവപ്പെടാൻ തുടങ്ങി. അവധിയാഘോഷിക്കാൻ പോയവർ തിരിച്ചുവരുന്നതിന്റെ ബഹളങ്ങൾ എങ്ങും അനുഭവപ്പെടുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തന്നെ ഒമാൻ റോഡുകളിൽ വൻ തിരക്കാണ് കാണാൻ സാധിക്കുന്നത്.

അവധിയോടനുബന്ധിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിരവധി സന്ദർശകർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. പ്രത്യേകിച്ച് ബീച്ചുകളിൽ വൻ തിരക്കാണ് ഉണ്ടായിരുന്നത്. ഒമാന്റെ ഉൾമേഖലകളിൽ നിന്ന് മസ്‌ക്കറ്റിൽ അവധിയാഘോഷിക്കാൻ എത്തിയവരുടെ എണ്ണത്തിലും ക്രമാതീതമായ വർധനയാണുണ്ടായത്.

പെരുന്നാൾ അവധി വെള്ളിയാഴ്ച ആരംഭിച്ചെങ്കിലും തിങ്കളാഴ്ച മുതലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇത് വർധിച്ചു. റുസൈൽ പാർക്, മത്ര കോർണീഷ്, ഇത്തി ബീച്ച്, നസീം ഗാർഡൻ, കൽബു പാർക്, റിയാൻ പാർക്, ഖുറം നാച്വറൽ പാർക്, അൽ അമിറാത്ത് പാർക് തുടങ്ങിയ മസ്‌കത്ത് മേഖലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനം കൂട്ടത്തോടെ എത്തിച്ചേർന്നു.
വിവിധ ബീച്ചുകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. വാദീ ബനീ ഖാലിദ്, ജബൽ അഖ്ദർ, ജബൽ ശംസ്, നിസ്വ, ബഹ്ല, സൂർ, റാസൽ ഹദ്ദ്, വാദീ ഷാബ് എന്നിവിടങ്ങളിൾ കാലുകുത്താനിടമില്ലായിരുന്നു.

ഖരീഫ് കാലത്തിനുശേഷം സഞ്ചാരികൾ ഒഴിഞ്ഞിരുന്ന സലാലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പെരുന്നാൾ അവധി ദിനങ്ങളിൽ തിരക്കേറി. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾക്കും വിദേശികൾക്കും പുറമെ ദുബൈയിൽനിന്നും നിരവധി മലയാളികൾ എത്തി. ശനിയാഴ്ച മുതൽ ആളുകൾ എത്തി തുടങ്ങി.