മനാമ: ഈ വർഷം പെരുന്നാൾ ആഘോഷമാക്കുവാൻ പവിഴ ദ്വീപിലേക്ക് വലിയ താരനിരയാണ് എത്തുന്നത്.  നാളെ മുതൽ 28 തിങ്കൾ വരെയാണ്  മിനിസ്ട്രിയുടെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  22 നു മുൻപ് എല്ലാ സ്ഥാപനങ്ങളും ശമ്പളം നല്കുകയും ചെയ്യണമെന്ന് ബഹ്‌റൈൻ രാജാവ് പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്സവ കാലം ആഘോഷമാക്കുവാൻ മെഗാ സ്റ്റാർ മമ്മുട്ടിയും പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാറും ഗായിക ശ്രേയ ഘൊഷാലും ഉൾപ്പടെയുള്ള വലിയ താരനിരയാണ് എത്തുന്നത്.   23 ന് കൈരളി ടി വി യുടെ മാപ്പിളപ്പാട്ട്  റിയാലിറ്റി ഷോ ആയ പട്ടുറുമാലിന്റെ ഫിനാലെ ബഹറിനിൽ വച്ചാണ് നടക്കുക. അതിൽ സംബന്ധിക്കുവാൻ പ്രശസ്ത നടൻ മമ്മുട്ടി എത്തും. ഇന്ത്യൻ സ്‌കൂളിൽ വച്ചാണ് പരിപാടി .തൊട്ടടുത്ത ദിവസം പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതും അതെ വേദിയിൽ വച്ചാണ്.

25 ന് വൻ താരനിരയാണ് ഇന്ത്യൻ സ്‌കൂളിൽ എത്തുന്നത്. മ്യുസിക്കൽ റെയിൻ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമ താരങ്ങളായ നിവിൻ പോളി, മഞ്ജു വാര്യർ, ഗായകരായ എം ജി ശ്രീകുമാർ എന്നിവർക്കൊപ്പം അജു വർഗീസ് ഉൾപ്പടെ ഒരു വലിയ  സീരിയൽ സിനിമ താരങ്ങളുടെ നീണ്ട നിരയും ഉണ്ടാകും. മൂന്ന് പരിപാടികളും ഒരേ വേദിയിൽ വച്ചാണ് നടക്കുന്നത്. ബഹറിനിൽ നിന്നുള്ള ആസ്വാദകർക്ക് പുറമേ സൗദി, കുവൈറ്റ്, യു എ ഇ, ഖത്തർ എന്നിവടങ്ങളിൽ നിന്നും ആളുകളെ പ്രതീക്ഷിക്കുന്നുണ്ട്. ഏകദേശം പതിനായിരം ആളുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് അതനുസരിച്ചുള്ള ക്രമീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ താരങ്ങൾ എത്തിത്തുടങ്ങും.