തിരുവനന്തപുരം: ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശവുമായി നാടെങ്ങും ബലി പെരുന്നാൾ ആഘോഷിച്ചു. ഹജ്ജിന്റെ വിശുദ്ധിയിൽ മഹാത്യാഗത്തിന്റെ ഓർമ്മ പുതുക്കിയാണ് മുസ്ലിം സമൂഹം വലിയ പെരുന്നാൾ ആഘോഷിച്ചത്. ദൈവം വലിയവനാണ് എന്നർത്ഥമുള്ള അല്ലാഹു അക്‌ബർ എന്ന തക്‌ബീർ ധ്വനി പള്ളികളിലും ഈദ്ഗാഹുകളിലും മുഴങ്ങി.

പള്ളികളിലും ഈദ് ഗാഹിനായി തയ്യാറാക്കിയ സ്ഥലങ്ങളിലും രാവിലെ പെരുന്നാൾ ദിനത്തിലെ പ്രത്യേക നമസ്‌കാരം നടന്നു. ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ചയായിരുന്നു ബലി പെരുന്നാൾ. പുതുവസ്ത്രങ്ങളണിഞ്ഞ് സുഗന്ധം പൂശിയാണ് വിശ്വാസികൾ പള്ളികളിലേക്ക് എത്തിയത്. നമസ്‌കാരത്തിനു ശേഷം കുട്ടികളും മുതിർന്നവരുമെല്ലാം സ്‌നേഹ സന്ദേശങ്ങൾ കൈമാറി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഈദ് ഗാഹുകളിൽ രാവിലെ നടന്ന നമസ്‌കാരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. അനുകൂല കാലാവസ്ഥ പ്രതീക്ഷിച്ച് ഇത്തവണ കൂടുതൽ ഈദ് ഗാഹുകൾ ഒരുക്കിയിരുന്നു. തിരുവനന്തപുരത്ത് പാളയം ഇമാം യൂഫസ് മുഹമ്മദ് നഖ്‌വി പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഈദ് നമസ്‌കാരത്തിൽ നടൻ മമ്മൂട്ടിയുൾപ്പെടുള്ള പ്രമുഖർ പങ്കെടുത്തു. സംസ്ഥാനത്തെ ഭൂരിഭാഗം കേന്ദ്രങ്ങളിലും മഹല്ലുകൾ കേന്ദ്രീകരിച്ച് മൃഗബലി നടത്താനും മാംസ വിതരണത്തിനും സജീകരണമൊരുക്കിയിരുന്നു.

കോഴിക്കോട്ട് ഈദ്ഗാഹ് കമ്മറ്റികളുടെ നേതൃത്വത്തിലും ഈദ് നമസ്‌ക്കാരം നടന്നു. ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തിയായി വിശ്വാസികൾ ആഘോഷിക്കുന്ന ബലിപ്പെരുന്നാൾ പ്രവാചകൻ ഇബ്രാഹീം നബി പുത്രൻ ഇസ്മായീലിനെ ദൈവത്തിന് ബലി നൽക്കാൻ തയ്യാറായതിലെ സ്‌നേഹത്തെയും വിശ്വാസത്തെയും അനുസ്മരിപ്പിക്കുന്നതാണ്. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു പെരുന്നാൾ.

ബലി പെരുന്നാളിന്റെ വരവറിയിച്ച് ശനിയാഴ്ച സന്ധ്യയോടെ തന്നെ പള്ളികളിൽ നിന്നു തക്‌ബീർ വിളികൾ ഉയർന്നിരുന്നു. തെളിഞ്ഞ കാലാവസ്ഥ പെരുന്നാൾ ആഘോഷങ്ങൾക്കു മിഴിവേകി. പുതുവസ്ത്രങ്ങളിഞ്ഞ് സുഗന്ധം പൂശി പള്ളികളിലും ഈദ് ഗാഹുകളിലും പ്രാർത്ഥന കഴിഞ്ഞിറങ്ങിയ വിശ്വാസികൾ ആലിംഗനം ചെയ്തും ഹസ്തദാനം ചെയ്തും പെരുന്നാൾ ആശംസകൾ കൈകാറി. ബന്ധു വീടുകൾ സന്ദർശിച്ചും പ്രാർത്ഥനകളിൽ പങ്കുകൊണ്ടും വിഭവ സമൃദ്ധമായ സദ്യയൊരുക്കിയുമാണ് വിശ്വാസികൾ ബലി പെരുന്നാളിന്റെ പുണ്യം നുകർന്നത്.

ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗ സ്മരണകൾ ഉണർത്തിക്കൊണ്ടുള്ള പ്രഭാഷണങ്ങൾ പള്ളികളിലും ഈദു ഗാഹുകളിലും നടന്നു. വിവിധ സ്ഥലങ്ങളിൽ മഹല്ലുകൾ കേന്ദ്രീകരിച്ച് ബലി മാംസ വിതരണവും നടന്നു. ഇബ്രാഹിം നബി ദൈവ കൽപന പ്രകാരം ആറ്റു നോറ്റുണ്ടായ ഏക മകനെ ബലി നൽക്കാൻ തയ്യാറായയതിന്റെ ഭാഗമായാണ് ബലി പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ മൃഗബലി നടത്തുന്നത്. പെരുന്നാൾ ദിനം മുതൽ മൂന്നു ദിവസം ബലിയറുക്കൽ ചടങ്ങുകൾ നീണ്ടു നിൽക്കും.