ബെർലിൻ: ജർമനിയിലെ ചെറുപട്ടണമായ വാലൻഫെൽസിലെ ഒരു അപ്പാർട്ട്‌മെന്റിൽ എട്ടു കുഞ്ഞുങ്ങളുടെ അഴുകിയ ജഡം പൊലീസ് കണ്ടെടുത്തു. മൃതദേഹങ്ങൾക്ക് എത്ര ദിവസത്തെ പഴക്കമുണ്ടെന്ന് നിശ്ചയിക്കാൻ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അപ്പാർട്ട്‌മെന്റിലെ മുൻ താമസക്കാരിയായ 45 കാരിയെ ജർമൻ പൊലീസ് അന്വേഷിക്കുകയാണ്.

ചെക്ക് റിപ്പബ്ലിക്ക് അതിർത്തിക്കടുത്തുള്ള വാലൻഫെൽസിലെ അപ്പാർട്ട്‌മെന്റിൽ ഒരു കുഞ്ഞിന്റെ ജഡം കണ്ടതിനെ തുടർന്ന് മറ്റൊരു സ്ത്രീയാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തിയ ശേഷം നടത്തിയ തുടർ അന്വേഷണത്തിലാണ് മറ്റു കുഞ്ഞുങ്ങളുടെ കൂടി ജീർണിച്ച ജഡം കണ്ടെത്തുന്നത്. ജഡങ്ങൾക്ക് ദിവസങ്ങളോളം പഴക്കമുള്ളതിനാൽ ഫോറൻസിക് പരിശോധന അടുത്താഴ്ചയേ പൂർത്തിയാകൂ എന്നാണ് പൊലീസ് പറയുന്നത്.

പൊലീസ് അന്വേഷിക്കുന്ന 45 കാരി മരിച്ച ഏതെങ്കിലും കുട്ടിയുടെ അമ്മയാകുമെന്നാണ് പൊലീസ് കരുതുന്നത്. ഈ അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ 18 വർഷമായി ഒരു കുടുംബമാണ് താമസിച്ചിരുന്നതെന്നും അവർ കുറച്ചു നാൾ മുമ്പ് ഒഴിഞ്ഞുപോയതാണെന്നും അയൽവാസിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതേസമയം ഇവിടെ നിന്നും  ഒഴിഞ്ഞ കുടുംബത്തെ ചോദ്യം ചെയ്യുന്നതിന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല.