ദുബായ്: 2024 മുതൽ 2031 വരെയുള്ള ഐസിസി ടൂർണമെന്റുകളുടെ വേദികൾ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന എട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റുകളുടെ വേദികളാണ് പ്രഖ്യാപിച്ചത്. 2024ലെ ട്വന്റി 20 ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇൻഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കും. ജൂണിലായിരിക്കും ടൂർണമെന്റ്. ഇതാദ്യമായാണ് അമേരിക്ക ലോകകപ്പ് പോലൊരു പ്രധാന ടൂർണമെന്റിന് ആതിഥേയരാകുന്നത്. 2010ൽ ട്വന്റി 20 ലോകകപ്പിന് വെസ്റ്റ് ഇൻഡീസ് ആതിഥേയരായിരുന്നു.

 

2025ലെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് പാക്കിസ്ഥാനാണ് ആതിഥേയരാകുക. 1996നുശേഷം പാക്കിസ്ഥാനിൽ നടക്കുന്ന പ്രധാന ഐസിസി ടൂർണമെന്റാകും ഇത്. 2025 ഫെബ്രുവരിയിലാകും ടൂർണമെന്റ് നടക്കുക. 1996ൽ ഇന്ത്യക്കും ശ്രീലങ്കക്കുമൊപ്പം പാക്കിസ്ഥാൻ ഏകദിന ലോകകപ്പിന് ആതിഥേയരായിരുന്നു.

സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു രാജ്യാന്തര ടൂർണമെന്റിന് പാക്കിസ്ഥാൻ വേദിയാകുന്നത്. 12 രാജ്യങ്ങൾക്കാണ് ടൂർണമെന്റുകൾ നടത്താൻ അവസരം ലഭിച്ചിരിക്കുന്നത്.

2026 ഫെബ്രുവരിയിൽ ട്വന്റി 20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാകും. 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായി ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും. ഇതാദ്യമായാണ് നമീബിയ ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയരാകുന്നത്. 2003ലെ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കൊപ്പം സിംബാബ്വെയും ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

2028 ഒക്ടോബർ-നവംബർ മാസങ്ങളിലായി ട്വന്റി 20 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ് സംയുക്ത ആതിഥേയത്വം വഹിക്കുക. 2029 ഒക്ടോബറിൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ നടക്കും.

2030 ജൂണിൽ ട്വന്റി 20 ലോകകപ്പിന് ഇംഗ്ലണ്ട്, അയർലൻഡ്, സ്‌കോട്ലൻഡ് എന്നീ രാജ്യങ്ങൾ സംയുക്ത ആതിഥേയത്വം വഹിക്കും. 1999ലെ ഏകദിന ലോകകപ്പിനുശേഷം ഇതാദ്യമായാണ് സ്‌കോട്ലൻഡും അയർലൻഡും പ്രധാന ഐസിസി ടൂർണമെന്റിന് ആതിഥേയരാകുന്നത്.

2031 ഒക്ടോബർ-നവംബർ മാസങ്ങളിലായി ഏകദിന ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശുമാണ് സംയുക്ത ആതിഥേയത്വം വഹിക്കുക.ഒക്ടോബർ-നവംബർ മാസങ്ങളിലായിരിക്കും ടൂർണമെന്റ്. എട്ട് ടൂർണമെന്റുകളിൽ മൂന്നെണ്ണം ഇന്ത്യയിൽ വച്ചാണ് നടക്കുന്നത്.

പാക്കിസ്ഥാനിൽ വെച്ച് നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ചിരവൈരികളായ ഇന്ത്യ പങ്കെടുക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. അടുത്ത വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഓസ്‌ട്രേലിയയും 2023ലെ ഏകിദന ലോകകപ്പിന് ഇന്ത്യയുമാണ് ആതിഥേയത്വം വഹിക്കുന്നത്.