റിയാദ്: മലയാളികൾ ഉൾപ്പെട്ട പ്രവാസികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന തൊഴിൽ കാലാവധി എട്ട് വർഷമായി നിശ്ചയിക്കുന്നത്  സംബന്ധിച്ചുള്ള പദ്ധതിയെപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. വാൾസ്ട്രീറ്റ് ജേണലും അൽമക്ക ദിനപത്രവും ഇതിനെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വിട്ടതോടെയാണ് രൗജ്യത്ത് വീണ്ടും ചർച്ച സജീവമായത്. എന്നാൽ പ്രചാരണം അടിസ്ഥാന രഹിചമാണെന്നാണ് തൊഴിൽമന്ത്ര്ാലയ വക്താവ് അറിയിച്ചതായും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.

തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച നിർദേശത്തിൽ പഠിച്ച ശേഷം നടപടിയെടുക്കുമെന്നാണ് മന്ത്രാലയ വക്താക്കൾ നല്കുന്ന സൂചന. തൊഴിൽ മേഖലയെയും തൊഴിലുടമകളെയും പദ്ധതി ദോഷകരമായി ബാധിക്കാതിരിക്കാൻ ഘട്ടം ഘട്ടമായാകും പദ്ധതി നടപ്പാക്കുക.വിദേശ തൊഴിലാളികളുടെ തൊഴിൽ കാലാവധി എട്ട് വർഷമായി പരിമിതപ്പെടുത്താൻ പദ്ധതിയിടുന്നതായുള്ള വാർത്ത സൗദി തൊഴിൽ മന്ത്രാലയ വക്താവ് തയ്‌സീർ അൽ മുഫെറജ് നേരത്തെ നിഷേധിച്ചിരുന്നു.

കുറഞ്ഞ വേതനത്തിൽ തൊഴിൽ ചെയ്യുന്ന ഡ്രൈവർമാർ, ഷേപ്പ് അസിസ്റ്റൻസ്, വീട്ടുവേലക്കാർ എന്നിവരെയാണ് പുതിയ നടപടി ദോഷം ചെയ്യുകയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഐഎംഎഫ്, സൗദി സർക്കാരിന്റെ തൊഴിലില്ലായ്മ കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട്, വിദേശ തൊഴിലാളികളുടെ വിവരങ്ങൾ, സാമ്പത്തിക സൂചികകൾ എന്നിവ അടിസ്ഥാനമാക്കിയാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്.

വിദേശ തൊഴിലാളികളുടെ തൊഴിൽ കാലാവധി കുറയ്ക്കുക എന്ന ജിസിസി രാഷ്ട്രങ്ങളുടെ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്. അതേസയമം ഈ നടപടി യാഥാർത്ഥ്യമാകുന്നതോടെ പരിചയസമ്പന്നരായ തങ്ങളുടെ തൊഴിലാളികളെ നഷ്ടപ്പെടുമെന്ന് സൗദി വ്യവസായിക മേഖല ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സൗദിയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസികൾക്ക് പദ്ധതി നടപ്പാക്കുന്നത് കനത്ത തിരിച്ചടിയാകും. ഇതിനകം എട്ട് വർഷത്തിലേറെ ജോലി ചെയ്തവർക്ക് ഇനിയും അവസരം നൽകുമോ എന്നത് വ്യക്തമല്ല.