ലണ്ടൻ: ഇന്ത്യൻ വംശജർ വിവിധ രംഗങ്ങളിലെ കഴിവുകളുടെ പേരിൽ ഏഷ്യക്കാർക്ക് മൊത്തത്തിൽ അഭിമാനമേകിയ നിരവധി ഉദാഹരണങ്ങളുണ്ട്. അക്കൂട്ടത്തിലേക്ക് ചേർത്ത് വയ്ക്കാവുന്ന പുതിയൊരു നേട്ടവുമായെത്തിയിരിക്കുകയാണ് എട്ട് വയസുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയും ഇന്ത്യൻ വംശജയുമായ സോഹിനി റോയ് ചൗധരി. ബ്രിട്ടനിലെ ഏറ്റവും മിടുക്കിയായ കണക്ക് വിദ്യാർത്ഥിയെന്ന അപൂർവബഹുമതിക്കാണ് സോഹിനി അർഹയായിരിക്കുന്നത്. തന്റെ അതുല്യമായ ഗണിതശാസ്ത്രകഴിവിലൂടെ സോഹിനിക്ക് ഇപ്പോൾ യുകെയിലെ മാത്‌ലെറ്റിക്‌സ് ഹാൾ ഓഫ് ഫെയിമിലേക്ക് പ്രവേശിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഒരു ഓൺലൈൻ മാത്തമാറ്റിക്‌സ്- ബേസ്ഡ് കോംപിറ്റീവ് ടൂളാണ് മാത്ത്‌ലെറ്റിക്‌സ്.

ബ്രിട്ടനിലുടനീളവും മറ്റ് രാജ്യങ്ങളിലുമുള്ള നിരവധി ഗണിതശാസ്ത്ര പ്രതിഭകളായ കുട്ടികളോട് മാറ്റുരച്ചാണ് സോഹിനി ഉന്നത സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഇതിനായി മാത്തമാറ്റിക്‌സ് പസിലുകൾ വളരെ വേഗത്തിലും കൃത്യമായും സോഹിനി ചെയ്തിരുന്നു. ഒരു ഓൺലൈൻ ലേണിങ് എൻവയോൺമെന്റിലൂടെ മാത്തമാറ്റിക് പ്രോബ്ലങ്ങൾ അതിവേഗത്തിലും കൃത്യമായും ചെയ്ത് തീർത്ത് ലൈവ് വേൾഡ് ഹാൾ ഓഫ് ഫെയിമിൽ മുൻനിരയിലെത്താൻ സാധിച്ചതിൽ തന്റെ മകൾക്ക് അഭിമാനവും വിസ്മയവും ഏറെയുണ്ടെന്നാണ് സോഹിനിയുടെ പിതാവും ഫിനാൻസിൽ എംബിഎ നേടി അക്കൗണ്ടന്റായി പ്രവർത്തിക്കുന്ന മൈനാക് റോയ് ചൗധരി പ്രതികരിച്ചിരിക്കുന്നത്.

സോഹിനിയുടെ മുതുമുത്തച്ഛനാ ഡിഎൻ റോയ് സ്‌കോട്ട്‌ലൻഡിൽ നിന്നും ലോക്കോമോട്ടീവ് എൻജീനിയറായി പരിശീലനം നേടി ഇന്ത്യൻ റെയിൽവേസിന് വേണ്ടി പ്രവർത്തിച്ചിരുന്നുവെന്നാണ് മൈനാക് റോയ് വെളിപ്പെടുത്തുന്നത്. ഇതിനാൽ സോഹിനിക്ക് ഗണിതത്തിൽ പരമ്പരാഗതമായി താൽപര്യവും കഴിവും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രൈമറിസ്‌കൂൾ ലെവൽ മാത്ത്‌സ് കരിക്കുലത്തിനായുള്ള ഒരു ഫലപ്രദമായതും സഹായകമായതുമായ ഓൺലൈൻ ലേണിങ് റിസോഴ്‌സായിട്ടാണ് മാത്‌ലെറ്റിക്‌സിനെ കണക്കാക്കുന്നത്.

അതിലൂടെ കുട്ടികൾക്ക് ലൈവ് മെന്റൽ അരിത് മെറ്റിക്‌സ് ഗെയിംസ് ലോകമാകമാനമുള്ള മറ്റ് കുട്ടികളുമായി കളിക്കാൻ സാധിക്കും. ഇവരുടെ സ്‌കോർ നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുകയുംചെയ്യും. ഇതിൽ ഏറ്റവും കൂടുതൽ സ്‌കോറുള്ള നൂറ് പേരുടെ പേര് വിവരങ്ങൾ മാത്രമേ ലീഡർ ബോർഡിൽ കൊടുക്കുകയുള്ളൂ. ന്യൂഡൽഹിയിൽ ജനിച്ച സോഹിനി ഈ മത്സരത്തിൽ പങ്കെടുക്കാനാംരഭിച്ചത് ഈ വർഷം മുതലായിരുന്നു.

ബെർമിങ്ഹാമിലെ നെൽസൻ പ്രൈമറി സ്‌കൂളിലാണ് സോഹിനി പഠിക്കുന്നത്. മാത്സിലെ കഴിവുകളുടെ പേരിൽ സോഹിനി ഉയർന്ന ലെവലിലാണ് ഇതിൽ ഡിസ്‌പ്ലേ ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് സോഹിനിയുടെ സ്‌കൂൾ ടീച്ചർ പറയുന്നത്. വലുതാവുമ്പോൾ ഒരു ഡോക്ടറായി സേവനം അനുഷ്ഠിക്കാനാണ് ഈ കൊച്ചുമിടുക്കി ആഗ്രഹിക്കുന്നത്.