തിരുവനന്തപുരം: ഇക്കുറിയും നടൻ മോഹൻലാലാണ് ഏഷ്യാനെറ്റിന്റെ മികച്ച നടൻ. 100 കോടി ക്ലബ്ബിൽ എത്തിയ ആദ്യ മലയാള ചിത്രമായ പുലിമുരുകനിലെ പ്രകടനത്തിനാണു ലാലിനു പുരസ്‌കാരം ലഭിച്ചത്. ഇത് എട്ടാം തവണയാണ് ഏഷ്യാനെറ്റിന്റെ പുരസ്‌കാരം സൂപ്പർ താരത്തിനു ലഭിക്കുന്നത്.

ഒപ്പം എന്ന ചിത്രത്തിലെ പ്രകടനവും പുരസ്‌കാരത്തിന് അർഹനാക്കി. കൊച്ചിയിൽ വച്ചായിരുന്നു അവാർഡ്ദാന ചടങ്ങ്. 2003ൽ പുറത്തിറങ്ങിയ 'ബാലേട്ടൻ' എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിന് ആദ്യമായി ഏഷ്യാനെറ്റ് അവാർഡ് ലഭിക്കുന്നത്.

തുടർ പരാജയങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ മോഹൻലാലിനു വിജയം സമ്മാനിച്ച ചിത്രമാണു ബാലേട്ടൻ. വി എം വിനു സംവിധാനം ചെയ്ത ചിത്രം മോഹൻലാലിനു മലയാള സിനിമയിൽ ഒരു തിരിച്ചുവരവു സമ്മാനിച്ച ചിത്രമാണ്. ടൈറ്റിൽ കഥാപാത്രമായ ബാലേട്ടനെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.

2005ൽ വീണ്ടും ലാലിനെ തേടി ഏഷ്യാനെറ്റ് പുരസ്‌കാരമെത്തി. ബ്ലെസിയുടെ തന്മാത്ര, റോഷൻ ആൻഡ്രൂസിന്റെ ഉദയനാണ് താരം എന്നീ ചിത്രങ്ങളിലെ പ്രകടനമാണു പുരസ്‌കാരം സമ്മാനിച്ചത്. തന്മാത്രയിലെ അഭിനയത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡും മോഹൻലാലിനു ലഭിച്ചു.

2006ലും ലാൽ തന്നെയായിരുന്നു പുരസ്‌കാരജേതാവ്. മേജർ രവി ചിത്രമായ കീർത്തിചക്രയാണ് അവാർഡു നേട്ടത്തിന് ഇടയാക്കിയത്. 2008ൽ മാടമ്പിയായെത്തിയും മോഹൻലാൽ പുരസ്‌കാരം സ്വന്തമാക്കി. പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ പിള്ള എന്ന കഥാപാത്രത്തിലൂടെ ബി ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ മാടമ്പിയും ഹിറ്റായി.

ബ്ലെസിയുമായി വീണ്ടും ഒന്നിച്ച ഭ്രമരം, റോഷൻ ആൻഡ്രൂസിന്റെ ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ 2009ലും ഏഷ്യാനെറ്റ് പുരസ്‌കാരം മോഹൻലാലിനു ലഭിച്ചു. 2011ൽ വീണ്ടും ഏഷ്യാനെറ്റ് പുരസ്‌കാരം ലാലിനു ലഭിക്കുമ്പോൾ ബ്ലെസിയെന്ന സംവിധായകൻ തന്നെയായിരുന്നു അതിനു സഹായിച്ചത്. ബ്ലെസിയുടെ പ്രണയം, സത്യൻ അന്തിക്കാടിന്റെ സ്നേഹവീട് എന്നീ ചിത്രങ്ങളാണു ലാലിനെ പുരസ്‌കാരനേട്ടത്തിൽ എത്തിച്ചത്.

രഞ്ജിത്തിന്റെ സ്പിരിറ്റ്, ജോഷിയുടെ റൺ ബേബി റൺ, ബി ഉണ്ണിക്കൃഷ്ണന്റെ ഗ്രാന്റ് മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ 2012ലും മോഹൻലാൽ പുരസ്‌കാരം സ്വന്തമാക്കി. ഏറ്റവുമൊടുവിലായി ഇക്കുറി വൈശാഖ് ചിത്രത്തിലൂടെ എട്ടാമത്തെ പുരസ്‌കാരം ഏഷ്യാനെറ്റിൽ നിന്നു മോഹൻലാൽ സ്വന്തമാക്കുകയായിരുന്നു.