കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ കേരളാ കോൺ.(എം) ഭരണം പിടിച്ചതിന് പിന്നാലെ ജില്ലാ പ്രസിഡന്റ് ഇ.എം.അഗസ്തി രാജിവച്ചു. കോൺഗ്രസുമായി കോട്ടയം ജില്ലാ പഞ്ചായത്തിൽ എഴുതി ഒപ്പിട്ട് തയാറാക്കിയ ധാരണയുണ്ടായിരുന്നെന്ന് അഗസ്തി വ്യക്തമാക്കുകയും ചെയ്തു. ഇന്നലത്തെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ എല്ലാ കാര്യങ്ങളും കെ എം മാണിക്ക് അറിയാമായിരുന്നുവെന്നും അഗസ്തി അറിയിച്ചു.

പാർട്ടി അംഗങ്ങൾക്ക് വോട്ട് ചെയ്യാനുള്ള വിപ്പ് തയാറായിരുന്നു. എന്നാൽ അവസാന നിമിഷം വേണ്ടെന്ന് പറയുകയായിരുന്നു. എന്താണ് കാരണമെന്തെന്ന് അറിയില്ലെന്നും അഗസ്തി പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്ത് 25 വർഷം ആയതിനാലാണ് രാജിെന്നാണ് അഗസ്തി പറയുന്നത്. രാജിക്കത്ത് നേരത്തെ കൈമാറിയതാണ്. പാർട്ടി ചെയർമാൻ കെ.എം.മാണിയുടെ നിർദ്ദേശമനുസരിച്ച് തുടർന്ന് പ്രവർത്തിക്കുമെന്നും അഗസ്തി കൂട്ടിച്ചേർത്തു. സിപിഎമ്മുമായി സഹകരിക്കാനുള്ള കെ.എം.മാണിയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണ് അഗസ്തി രാജി വച്ചതെന്നാണ് സൂചന.

കേരളാ കോൺഗ്രസ്(എം) അംഗം സഖറിയാസ് കുതിരവേലി നാടകീയനീക്കങ്ങൾക്കൊടുവിൽ സി.പി.എം. പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. ഡി.സി.സി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിഞ്ഞതിനേത്തുടർന്നു വേണ്ടിവന്ന തെരഞ്ഞെടുപ്പിലാണ് സി.പി.എം.-മാണി ഗ്രൂപ്പ് കൂട്ടുകെട്ടിൽ കോൺഗ്രസിനു കനത്ത പ്രഹരമേറ്റത്. തെരഞ്ഞെടുപ്പിൽ സിപിഐ. അംഗം വിട്ടു നിന്നപ്പോൾ പി.സി. ജോർജിന്റെ ജനപക്ഷം അംഗം വോട്ട് അസാധുവാക്കി.

ജില്ലാ പഞ്ചായത്തിൽ 22 അംഗങ്ങളാണുള്ളത്. സഖറിയാസ് കുതിരവേലിക്ക് പന്ത്രണ്ടും എതിർസ്ഥാനാർത്ഥി കോൺഗ്രസിലെ സണ്ണി പാമ്പാടിക്ക് എട്ടും വോട്ട് ലഭിച്ചു. കോൺഗ്രസിന് എട്ടും മാണി ഗ്രൂപ്പിനും സിപിഎമ്മിനും ആറു വീതവും സിപിഐയ്ക്കും ജനപക്ഷത്തിനും ഓരോ സീറ്റുകളുമാണുള്ളത്. സിപിഐ. അംഗം പി. സുഗതൻ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നപ്പോൾ ജനപക്ഷം അംഗം ലിസി സെബാസ്റ്റ്യൻ അസാധുവാക്കി. കോൺഗ്രസും കേരളാ കോൺഗ്രസും ചർച്ച ചെയ്താണു സണ്ണി പാമ്പാടിയെ സ്ഥാനാർത്ഥിയാക്കിയത്. കെ. രാജേഷിനെ സ്ഥാനാർത്ഥിയാക്കാൻ സി.പി.എം. തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീടു കേരളാ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ചരൽക്കുന്ന് ക്യാമ്പ് തീരുമാനപ്രകാരം മാണി ഗ്രൂപ്പ് യു.ഡി.എഫ്. വിട്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ധാരണ തുടരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, മുത്തോലി, മൂന്നിലവ് എന്നിവിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ധാരണ ലംഘിക്കപ്പെടുകയും കേരളാ കോൺഗ്രസ് അംഗങ്ങൾ വിജയിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ മൂന്നിലവ് പഞ്ചായത്തിൽ കോൺഗ്രസ്-സി.പി.എം. പിന്തുണയോടെ കേരളാ കോൺഗ്രസിനെതിരേ അവിശ്വാസം പാസാക്കിയതോടെ തർക്കം രൂക്ഷമായി.

എഴുതിത്ത്ത്തയാറാക്കിയ കരാർ പോലും ലംഘിച്ച കേരളാ കോൺഗ്രസ് രാഷ്ട്രീയ നെറികേടാണു കാണിച്ചതെന്നു ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ചരൽക്കുന്നു തീരുമാനം നടപ്പാക്കുകയാണു ചെയ്തതെന്നു കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗം സ്റ്റീഫൻ ജോർജ് പ്രതികരിക്കുകയും ചെയ്തു.