കോഴിക്കോട്: സ്വന്തം മാതാപിതാക്കളോടും സഹോദരിമാരോടും വരെ ലൈംഗിക ബന്ധമാവാം എന്ന് പരസ്യമായി പറയുന്നവരാണ് യുക്തിവാദികളെന്നും സ്വതന്ത്ര ലൈംഗികതയെ കമ്മ്യൂണിസ്റ്റുകാർ പ്രോത്സാഹിപ്പിക്കുന്നുവെന്നും വ്യക്തമാക്കി കമ്മ്യൂണിസ്റ്റ്-യുക്തിവാദി വിരുദ്ധ പ്രചാരണ പരിപാടികളുമായി ഇ കെ വിഭാഗം സമസ്ത. യുക്തിവാദം, നിരീശ്വര വാദം, സ്വതന്ത്ര ചിന്ത, കമ്മ്യൂണിസം എന്നിവയ്‌ക്കെതിരെ മഹല്ല് കമ്മിറ്റികൾ വഴി വിശ്വസികളെ ബോധവത്ക്കരിക്കാനുള്ള നീക്കങ്ങളുമായാണ് സമസ്ത മുന്നോട്ടുപോകുന്നത്. 'ലൈറ്റ് ഓഫ് മിഹ്‌റാബ്' എന്ന പേരിൽ സുന്നീ മഹല്ല് ഫെഡറേഷൻ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

കോവിഡ് കാലത്ത് വിശ്വാസികളുടെ ആത്മീയതയ്ക്ക് മങ്ങലേറ്റതായാണ് സമസ്തയുടെ വിലയിരുത്തൽ. പള്ളികളുമായുള്ള വിശ്വാസികളുടെ ഹൃദയബന്ധം അറ്റുപോകുകയും ജുമുഅ-ജമാഅത്തുകളുടെ ഗൗരവം നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയ്‌ക്കെതിരെ ശക്തമായ ബോധവത്ക്കരണം മാത്രമാണ് പരിഹാരം എന്ന് വ്യക്തമാക്കിയാണ് ഇത്തരമൊരു കാമ്പയിനുമായി സംഘടന രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി സർക്കുലറുകൾ ഇറക്കുകയും മുൻനിര നേതാക്കൾക്ക് ക്ലാസുകൾ ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താഴേത്തട്ടിലുള്ളവർക്കുകൂടി ക്ലാസുകൾ നൽകുന്നതോടെ വെള്ളിയാഴ്ചകളിൽ സമസ്തയുടെ നേതൃത്വത്തിലുള്ള പള്ളികളിൽ കമ്മ്യൂണിസത്തിനും യുക്തിവാദത്തിനുമെതിരെയുള്ള പ്രഭാഷണങ്ങൾ നടക്കും. മഹല്ലുകളിൽ പുത്തുനുണർവ്വ് നൽകുക, മത നിരാസ പ്രവണതകളെയും യുക്തിവാദ-സ്വതന്ത്ര്യ ചിന്തകളെയും പ്രതിരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടിപ്പിക്കുന്നതെന്ന് സമസ്ത ഭാരവാഹികൾ വ്യക്തമാക്കുന്നു.

ഇതിന്റെ ഭാഗമായി ഇന്ന് പുറത്തിറങ്ങിയ സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി വൈസ് ചാൻസിലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വിയുടെ ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകൾ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയണമെന്ന് ലേഖനത്തിൽ പറയുന്നു.
മാർക്‌സും ഏംഗൽസും മുതൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ വരെ അതു വ്യക്തമാക്കിയതാണ്. കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നുവെന്നാണ് മാർക്‌സിന്റെ വീക്ഷണം. ലിബറൽ ധാർമ്മികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം, സ്വതന്ത്ര ലൈംഗികതയെ അവർ പ്രോത്സാഹിപ്പിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിന് കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടന അന്തർദേശീയ സ്വയംഭോഗ ദിനം സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മാന്യതയുള്ളവർ പറയാൻ പോലും താത്പര്യപ്പെടാത്ത കാര്യങ്ങൾ പൊതു ഇടങ്ങളിൽ ആഘോഷിക്കാൻ മടിയില്ലാത്ത വിധം ഇവരുടെ മനസ്സിനെ വികൃതമാക്കിയത് ഇത്തരം ലിബറൽ കാഴ്ചപ്പാടുകളാണ്. പതിയിരിക്കുന്ന അപകടമാണ് കമ്മ്യൂണിസം എന്ന് തിരിച്ചറിയാൻ നമുക്ക് കഴിയേണ്ടതുണ്ട്. മുസ്ലിംകൾക്കിടയിൽ കമ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്.

സമൂഹത്തിൽ യുക്തിവാദവും നിരീശ്വരവാദവും സ്വതന്ത്ര ചിന്തയും സന്നിവേശിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്ലാം വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുകയും സംഘപരിവർ വാദങ്ങൾ അതേ പടി പകർത്തുകയും ചെയ്യുന്ന യുക്തിവാദികൾ പുതുതലമുറയിൽ വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്. അസത്യങ്ങളും അർധസത്യങ്ങളും വിളമ്പി ആളുകളെ തെറ്റിധരിപ്പിക്കുകയാണവർ. ദൈവമില്ല, മതമില്ല എന്ന വാദം സ്വീകരിക്കുന്നതോടുകൂടി ആരോടും കടപ്പാടില്ലാത്ത വ്യക്തിപരമായ നിയന്ത്രണങ്ങളില്ലാത്ത ചിട്ടകൾ പാലിക്കേണ്ടതില്ലാത്ത ഒരു സർവതന്ത്രലോകമാണ് യുക്തിവാദികളും നിരീശ്വരവാദികളും സ്വതന്ത്രചിന്തകരും സ്വപ്നം കാണുന്നത്. മതം സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. എന്റെ സ്വാതന്ത്ര്യമാണ് എനിക്ക് പ്രധാനം എന്നതാണ് അവരുടെ മുദ്രാവാക്യം.

സ്വന്തം മാതാപിതാക്കളോടും സഹോദരിമാരോടും വരെ ലൈംഗിക ബന്ധമാവാം എന്നു പരസ്യമായി പറയുന്നവരാണ് യുക്തിവാദികൾ. സ്വതന്ത്ര ലൈംഗികതയിലേക്കാണ് ഇത്തരം ബഹുമുഖ ചിന്തകൾ നയിക്കുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ ഇന്ന് ഇതിന്റെ തിക്തമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണ്. കുടുംബങ്ങൾ തകരുന്ന, വ്യഭിചാരത്തിൽ പിറന്ന മക്കൾ ആൾക്കൂട്ടങ്ങളിൽ തങ്ങളുടെ മാതാപിതാക്കളെ തേടിയലയുന്ന, പിതാക്കന്മാർ അറിയപ്പെടാത്ത കുട്ടികൾ ക്രിമിനലുകളാകുന്ന ദുരവസ്ഥ വരെ ഇവിടെയുണ്ട്. ഈ ദുർഗതി നമ്മുടെ നാടിന് വരാതിരിക്കാൻ കൃത്യമായ ജാഗ്രത നാം പാലിക്കേണ്ടതുണ്ട്. മതവിശ്വാസത്തെ ബാധിക്കുന്ന അപകടങ്ങൾ സമൂഹത്തിൽ വ്യാപകമാകുമ്പോൾ അതീവ ജാഗ്രതയോടെയും ശ്രദ്ധാപൂർവ്വവും കൈകാര്യം ചെയ്യേണ്ടതുണ്ട്. മതപണ്ഡിതരുടെയും മഹല്ല് നേതൃത്വത്തിന്റെയും അനിവാര്യ ബാധ്യതയാണ്. ഈയരു സന്ദിഗ്ധ സാഹചര്യം അഭിമുഖീകരിക്കാൻ കൃത്യമായ പദ്ധതികളും പരിഹാര മാർഗങ്ങളുമായി സുന്നി മഹല്ല് ഫെഡറേഷൻ രംഗത്തിറങ്ങിയിരിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു.

പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ മുതൽ വി എസ് അച്യുതാനന്ദൻ വരെ എഴുതിയ ലേഖനങ്ങൾ ഉയർത്തിക്കാട്ടി കമ്മ്യൂണിസ്റ്റുകാർ മതവിശ്വാസികൾക്ക് എതിരാണെന്നും സമസ്തയുടെ നേതൃത്വത്തിൽ പ്രചാരണം നടന്നുവരുന്നുണ്ട്. പ്രശ്‌ന കലുഷിതമായ സാഹചര്യം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നേരിടേണ്ടിവന്നപ്പോൾ വിഘടിത വിഭാഗത്തിന് പരസ്യ പിന്തുണ നൽകിയത് അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാറായിരുന്നു എന്നും സമസ്ത കുറ്റപ്പെടുത്തുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭ സമയത്ത് ഉൾപ്പെടെ സി പി എം അനുകൂല നിലപാട് സ്വീകരിച്ച സമസ്ത ഇപ്പോൾ കമ്മ്യൂണിസത്തിനെതിരെ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുന്നോക്ക സംവരണ വിഷയത്തിൽ ഉൾപ്പെടെ സർക്കാറിനെതിരെ പ്രതിഷേധവുമായി സംഘടന രംഗത്തെത്തിയിരുന്നു. ഹരിത വിഷയത്തിൽ മുസ്ലിം ലീഗിനെ മറ്റ് സംഘടനകൾ അക്രമിച്ചപ്പോൾ ലീഗ് അനുകൂല സമീപനമായിരുന്നു സമസ്തയുടേത്.

ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ

'സമൂഹത്തിൽ യുക്തിവാദവും നിരീശ്വരവാദവും സ്വതന്ത്രചിന്തയും സന്നിവേശിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്ലാം വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുകയും സംഘ്പരിവാർ വാദങ്ങൾ അതേപടി പകർത്തുകയും ചെയ്യുന്ന യുക്തിവാദികൾ പുതുതലമുറയിൽ വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്. അസത്യങ്ങളും അർധസത്യങ്ങളും വിളമ്പി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണവർ. ദൈവമില്ല, മതമില്ല എന്ന വാദം സ്വീകരിക്കുന്നതോടുകൂടി ആരോടും കടപ്പാടില്ലാത്ത, വ്യക്തിപരമായ നിയന്ത്രണങ്ങളില്ലാത്ത, ചിട്ടകൾ പാലിക്കേണ്ടതില്ലാത്ത ഒരു 'സർവതന്ത്ര' ലോകമാണ് യുക്തിവാദികളും നിരീശ്വരവാദികളും സ്വതന്ത്ര ചിന്തകരും സ്വപ്നം കാണുന്നത്.

'മതം സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; എന്റെ സ്വാതന്ത്ര്യമാണ് എനിക്ക് പ്രധാനം' എന്നതാണ് അവരുടെ മുദ്രാവാക്യം. വ്യക്തിയുടെ അന്തസ്സ്, കുടുംബത്തിന്റെ കെട്ടുറപ്പ്, സമൂഹത്തിന്റെ ക്രമം എന്നിവയെ എല്ലാം ഈ കാഴ്ചപ്പാട് സാരമായി ബാധിക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടാകില്ല. 'എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും' എന്ന ചിന്ത സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. സ്വന്തം മാതാക്കളോടും സഹോദരിമാരോടും വരെ ലൈംഗിക ബന്ധമാവാം എന്നു പരസ്യമായി പറയുന്നവരാണ് യുക്തിവാദികൾ.

സ്വതന്ത്ര ലൈംഗികതയിലേക്കാണ് ഇത്തരം ബഹുമുഖ ചിന്തകൾ നയിക്കുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ ഇന്ന് അതിന്റെ തിക്തമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണ്. കുടുംബങ്ങൾ തകരുന്ന, വ്യഭിചാരത്തിൽ പിറന്ന മക്കൾ ആൾക്കൂട്ടങ്ങളിൽ തങ്ങളുടെ പിതാക്കന്മാരെ തേടിയലയുന്ന, പിതാക്കന്മാർ അറിയപ്പെടാത്ത കുട്ടികൾ ക്രിമിനലുകളാകുന്ന ദുരവസ്ഥ വരെ ഇവിടെയുണ്ട്. ഈ ദുർഗതി നമ്മുടെ നാടിനു വരാതിരിക്കാൻ കൃത്യമായ ജാഗ്രത നാം പാലിക്കേണ്ടതുണ്ട്.

മുസ്ലിംകൾക്കിടയിൽ കമ്മ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകൾ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാർക്സും ഏംഗൽസും മുതൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ വരെ അതു സുതരാം വ്യക്തമാക്കിയതാണ്. 'കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു'വെന്നാണ് മാർക്സിന്റെ വീക്ഷണം. ലിബറൽ ധാർമികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം. സ്വതന്ത്ര ലൈംഗികതയെ വരെ അവർ പ്രോത്സാഹിപ്പിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിനു കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടന 'അന്തർദേശീയ സ്വയംഭോഗ ദിനം' സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മാന്യതയുള്ളവർ പറയാൻപോലും താൽപര്യപ്പെടാത്ത കാര്യങ്ങൾ പൊതുഇടങ്ങളിൽ ആഘോഷിക്കാൻ മടിയില്ലാത്തവിധം ഇവരുടെ മനസിനെ വികൃതമാക്കിയത് ഇത്തരം ലിബറൽ കാഴ്ചപ്പാടുകളാണ്. പതിയിരിക്കുന്ന അപകടമാണ് കമ്മ്യൂണിസം എന്ന് തിരിച്ചറിയാൻ നമുക്കു കഴിയേണ്ടതുണ്ട്.