മുംബൈ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ നടൻ പേൾ വി പുരിയെ പിന്തുണച്ചു കൊണ്ട് സിനിമാ രംഗത്തുള്ളവർ രംഗത്തുവരുമ്പോൾ അതിനെ തള്ളിക്കളഞ്ഞ് മുംബൈ പൊലീസ്. പേൾ വി പുരിയെ അറസ്റ്റു ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് മുബൈ വസൈ ഡെപ്യൂട്ടി കമ്മീഷ്ണർ സഞ്ജയ് കുമാർ പാട്ടിൽ വ്യക്തമാക്കി. പേളിന് പിന്തുണയുമായി നിർമ്മാതാവ് ഏക്ത കപൂറടക്കം ഒട്ടനവധിപേർ രംഗത്ത് വന്നത് വലിയ ചർച്ചായിരുന്നു.

'ബാല പീഡകനെയോ മറ്റേതെങ്കിലും തരത്തിൽ പീഡനം നടത്തുന്ന ഒരാളെയോ ഞാൻ പിന്തുണയ്ക്കുമോ? പക്ഷേ ഇന്നലെ രാത്രി മുതൽ ഇപ്പോൾ വരെ ഞാൻ കണ്ടതുവച്ച് മനുഷ്യന്റെ ഏറ്റവും താഴ്ന്ന നികൃഷ്ടതയാണിത്. എങ്ങനെയാണ് മനുഷ്യത്വം ഈ രീതിയിൽ താഴുന്നത്. മറ്റൊരാളോടുള്ള ദേഷ്യം തീർക്കുന്നതിന് മൂന്നാമത് ഒരാളെ അവരുടെ പ്രശ്‌നത്തിലേക്ക് വലിച്ചിടുന്നത് എന്തിനാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് എങ്ങനെയാണ് ഇത് ചെയ്യാൻ തോന്നുന്നത്. ആ പെൺകുട്ടിയുടെ അമ്മയുമായി സംസാരിച്ചപ്പോൾ പേൾ അതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് അവർ തുറന്നു പറഞ്ഞു- എക്ത കപൂർ കുറിച്ചു.

എന്നാൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം വാസ്തവമല്ലെന്നാമ് സഞ്ജയ് കുമാർ പാട്ടിൽ പറയുന്നത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പേൾ പുരിക്കെതിരായ പൊലീസ് നടപടി. ഇരയായ പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി, മൊഴി രേഖപ്പെടുത്തി. ഇതെല്ലാമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇയാൾക്കെതിരേ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോൾ പുരിക്ക് ഒപ്പം പ്രവർത്തിച്ചിരുന്ന മാതാവിനൊപ്പം പീഡനത്തിനിരയാ പെൺകുട്ടി ഷൂട്ടിങ് സെറ്റ് സന്ദർശിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.