റിയോ ഡി ജനീറോ: ജമൈക്കയുടെ എലൈൻ തോംസൺ റിയോ ഒളിമ്പിക്‌സിലെ വേഗറാണി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 10.71 സെക്കൻഡിലാണ് എലൈൻ നൂറുമീറ്റർ പിന്നിട്ടത്.

ആരാധകരുടെ ആവേശമായ ജമൈക്കക്കാരിയായ ഷെല്ലി ആൻ ഫ്രേസർ വെങ്കലത്തിലൊതുങ്ങി. 10.86 സെക്കൻഡിലാണ് ഫ്രേസർ ഓടിയെത്തിയത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും ഷെല്ലിക്കായിരുന്നു സ്വർണം.

അമേരിക്കയുടെ ടോറി ബോവിക്കാണ് നൂറു മീറ്ററിൽ വെള്ളി മെഡൽ. 10.83 സെക്കൻഡിലാണ് ടോറി ബോവി ഫിനിഷ് ചെയ്തത്.

പരിക്കുമൂലം ഏറെ നാളായി മികച്ച സമയം കണ്ടെത്താതിരുന്ന ഷെല്ലി ആൻ ഫ്രേസർ ഒളിമ്പിക്‌സിൽ സ്വർണനേട്ടം ആവർത്തിക്കുമോ എന്ന് ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു. ഷെല്ലിക്ക് സ്വർണനേട്ടത്തിലെത്താൻ കഴിയാത്തതിൽ നിരാശയുണ്ടെങ്കിലും സ്വന്തം നാട്ടുകാരി തന്നെയാണു സ്വർണം കൊയ്തത് എന്നതു ജമൈക്കക്കാർക്ക് ആശ്വാസമായി. 24കാരിയായ എലൈൻ തോംസൺ ഇനിയുള്ള ഒളിമ്പിക്‌സുകളിലും ജമൈക്കയുടെ പ്രതീക്ഷയാണ്.

പുരുഷന്മാരുടെ നൂറുമീറ്റർ സെമി ഫൈനൽ തിങ്കളാഴ്ച രാവിലെ നടക്കും. സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് സെമിയിലെത്തിയിട്ടുണ്ട്. ഏഴാം ഹീറ്റ്‌സിൽ ഒന്നാമനായിട്ടാണു ബോൾട്ട് എത്തിയത്. 10.07 സെക്കന്റിലാണു ബോൾട്ട് ഫിനിഷ് ചെയ്തത്. 2008ലേയും 2012ലേയും ബോൾട്ടിന്റെ ഒന്നാം റൗണ്ടിലെ പ്രകടനത്തേക്കാൾ മികച്ച പ്രകടനമായിരുന്നു ഇത്തവണത്തേത്. ജസ്റ്റിൻ ഗാട്ലിനും സെമിയിൽ എത്തിയിട്ടുണ്ട്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ