ടോക്യോ: ടോക്യോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ എലെയ്ൻ തോംസൺ. ലോകത്തെ വേഗതയേറിയ മൂന്ന് താരങ്ങളും ഇത്തവണ ജമൈക്കയിൽ നിന്നാണ്. 100 മീറ്റർ ഫൈനലിൽ ഒളിമ്പിക് റെക്കോഡോടെയാണ് എലെയ്ൻ സ്വർണം നേടിയത്. 10.61 സെക്കന്റിൽ ഫിനിഷിങ് ലൈൻ തൊട്ടു.

33 വർഷം മുമ്പുള്ള റെക്കോർഡ് പഴങ്കഥയാക്കിയാണ് എലെയ്ൻ തോംസൺ സ്വർണത്തിലേക്ക് ഓടിക്കയറിയത്. റിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിലെ വിജയിയും എലെയ്ൻ തോംസൺ ആയിരുന്നു. 10.72 സെക്കൻഡിലായിരുന്നു അന്ന് എലെയ്ൻ ഫിനിഷ് ചെയ്തത്.

 

സ്വർണത്തോടൊപ്പം വെള്ളിയും വെങ്കലവും ജമൈക്ക നേടി. ലോക ഒന്നാം നമ്പർ താരവും രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനുമായ ഷെല്ലി ആൻഫ്രേസറിനാണ് വെള്ളി (സമയം: 10.74 സെ). മൂന്നാം റാങ്കുകാരിയായ ഐവറി കോസ്റ്റിന്റെ താ ലൗവിനെ പിന്തള്ളി ഷെറീക്ക ജാക്ക്സൺ വെങ്കലം സ്വന്തമാക്കി. 10.76 സെക്കിന്റിൽ ഓടിയെത്തിയ ഷെറീക്കയുടെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. താ ലൗവിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. (10.91 സെ).

 

ഒളിംപിക് റെക്കോർഡിനു പുറമെ വനിതകളുടെ 100 മീറ്ററിൽ എക്കാലത്തെയും മികച്ച രണ്ടാമത്തെ സമയം കൂടിയാണ് എലയ്ൻ കുറിച്ചത്. യുഎസ് താരം ഫ്‌ളോറൻസ് ഗ്രിഫിത് ജോയ്നർ 1988ൽ കുറിച്ച 10.49 സെക്കൻഡ് മാത്രമാണ് അലയ്‌ന് മുന്നിലുള്ളത്. ഇതിനു പുറമെ എലയ്ൻ കുറിച്ച 10.61 സെക്കൻഡിലും ഫ്‌ളോറൻസ് ഗ്രിഫിത് 100 മീറ്റർ ദൂരം താണ്ടിയിട്ടുണ്ട്.

ഫ്‌ളോറൻസ് ഗ്രിഫിത് 1988ലെ സോൾ ഒളിംപിക്‌സിൽ കുറിച്ച 10.62 സെക്കൻഡിന്റെ ഒളിംപിക് റെക്കോർഡാണ് എലയ്ൻ നിലവിൽ മറികടന്നത്. രണ്ടു തവണ ഒളിംപിക് സ്വർണം നേടിയ നാട്ടുകാരിയായ ഷെല്ലി ആൻ ഫ്രേസറെ കടുത്ത പോരാട്ടത്തിൽ മറികടന്നാണ് എലയ്ൻ സ്വർണം സ്വന്തം പേരിലാക്കിയത്.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ട്രാക്കിൽനിന്നും വിട്ടുനിന്ന ശേഷം തിരിച്ചെത്തിയ മുപ്പത്തിനാലുകാരിയായ ഷെല്ലി ആൻ ഫ്രേസറുടെ വെള്ളി നേട്ടവും ശ്രദ്ധേയമായി. ഈ വർഷത്തെ തന്റെ മികച്ച സമയം കുറിച്ചാണ് (10.63) ഷെല്ലി ഒളിംപിക്‌സിന് എത്തിയത്. സെമിയിൽ 10.73 സെക്കൻഡിൽ ഓടിയെത്തിയും ഒന്നാം സ്ഥാനത്തോടെ ഫൈനലിൽ കയറിയ ഷെല്ലിക്ക്, ആ പ്രകടനം മെച്ചപ്പെടുത്താനായില്ല. 2008, 2012 ഒളിംപിക്‌സുകളിൽ 100 മീറ്ററിൽ സ്വർണം നേടിയ താരമാണ് ഷെല്ലി.