- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരാണ് 'വരത്തനെ'ന്ന് തർക്കിച്ച് ചെളി വാരി എറിഞ്ഞതൊക്കെ പഴങ്കഥ; 'യേ ദോസ്തി ഹം നഹി തോടേംഗേ' ഭാവത്തിൽ കൈപിടിച്ച് എം.കെ.രാഘവനും സുൽഫിക്കർ മയൂരിയും; എൽഡിഎഫ് കോട്ട ഇത്തവണ മയൂരി തകർക്കുമെന്ന് രാഘവൻ; ഹൈന്ദവ സഹോദരിയുടെ കരളാണ് തന്നെ ജീവിപ്പിക്കുന്നതെന്ന് വികാരഭരിതനായി മയൂരിയും; എലത്തൂരിലെ പുതിയ കാഴ്ചകൾ
കോഴിക്കോട്: കഴിഞ്ഞ ദിവസം വരെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു എം കെ രാഘവൻ എം പിയും എലത്തൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരിയും. എന്തു വന്നാലും സുൽഫിക്കറിനെ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു എം കെ രാഘവൻ. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്നും പുറത്തു നിന്നുള്ള ഒരാളും വേണ്ടെന്നും പറഞ്ഞ് മയൂരിയെ തടയാനായിരുന്നു അവസാന നിമിഷം വരെ രാഘവന്റെ ശ്രമം. രാഘവനും വരത്തനാണെന്ന് പറഞ്ഞ് മയൂരിയും തിരിച്ചടിച്ചു.
ഏറ്റുമുട്ടലെല്ലാം പഴങ്കഥ. പരസ്പരം കൈപിടിച്ച് എം കെ രാഘവനും സുൽഫിക്കർ മയൂരിയും ഒന്നും സംഭവിക്കാത്തതുപോലെ പ്രചാരണ പ്രവർത്തനങ്ങൾക്കെത്തുമ്പോൾ ഇനി എന്തെല്ലാം കാണേണ്ടിവരുമെന്ന് പറഞ്ഞ് ചിരിക്കുകയാണ് മണ്ഡലത്തിലെ വോട്ടർമാർ.
എലത്തൂരിലെ എൽ ഡി എഫ് കോട്ട ഇത്തവണ സുൽഫിക്കർ മയൂരി തകർക്കുമെന്ന് എം കെ രാഘവൻ എം പി ചേളന്നൂരിൽ ചേർന്ന എലത്തൂർ നിയോജക മണ്ഡലം യു ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. പൊളിക്കാൻ പ്രയാസമുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രമൊന്നുമല്ല എലത്തൂർ നിയോജക മണ്ഡലം. യു ഡി എഫ് സ്ഥാനാർത്ഥി സുൽഫിക്കറുടെ ചിഹ്നമായ പന്ത് എതിർ സ്ഥാനാർത്ഥിയുടെ കോർട്ടിൽ അടിച്ചു കയറ്റാൻ ഒരോ യു ഡി എഫ് പ്രവർത്തകരും ഉണർന്നു പ്രവർത്തിക്കണം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പ്രധാനപ്പെട്ട ഒരു പദ്ധതിയും മണ്ഡലത്തിൽ നടപ്പിലാക്കാൻ മന്ത്രിയായ എതിർ സ്ഥാനാർത്ഥിക്ക് കഴിഞ്ഞിട്ടില്ല. ബാലുശ്ശേരി റോഡ് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ പോലും മന്ത്രിയായിട്ടും സാധിച്ചില്ലെങ്കിൽ അദ്ദേഹത്തിനെ ഇനി വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരം വന്നിരിക്കുകയാണെന്നും ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും എംപി പറഞ്ഞു.
മണ്ഡലത്തിലെ സ്വന്തം സ്ഥാനാർത്ഥിക്കെതിരെ എൽ ഡി എഫിനുള്ളിൽ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. സാഹചര്യം പ്രയോജനപ്പെടുത്തി സുൽഫിക്കറിന് വേണ്ടി ഓരോ പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും എം കെ രാഘവൻ എം പി ആവശ്യപ്പെട്ടു. സർവേകൾ കേവലം അഭിപ്രായപ്രകടനങ്ങൾ ആണെന്നും ജനഹിതം അനുസരിച്ച് കേരളം ഭരിക്കുന്നത് യുഡിഎഫ് ആയിരിക്കുമെന്നും എന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. കേരളത്തിൽ യുഡിഎഫ് തിരിച്ചുവരാനുള്ള ഒരു പോരാട്ടം ഏറ്റെടുക്കുന്ന തരത്തിലാണ് കൺവെൻഷനിൽ പ്രവർത്തകർ എത്തിയിരിക്കുന്നതെന്നും സുൽഫിക്കറിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണമെന്നും എം പി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
ഇതേ സമയം വികാരഭരിതനായാണ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരിയുടെ പ്രസംഗം. ഹൈന്ദവ സഹോദരിയുടെ കരളുമായിട്ടാണ് താൻ ഇപ്പോൾ ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യവിഷബാധയെത്തുടർന്ന് കരളിന് പ്രശ്നം ഉണ്ടായപ്പോൾ തനിക്ക് കരൾ നൽകിയത് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന തന്റെ സുഹൃത്തിന്റെ അമ്മയാണെന്ന് പറഞ്ഞ് ഓർമ്മകൾ അയവിറക്കിയാണ് സ്വീകരണ കേന്ദ്രങ്ങളിൽ സുൽഫിക്കർ മയൂരി വികാരാധീനനാവുന്നത്.
ഒരുതരത്തിലുമുള്ള വർഗീയതയ്ക്കും ഇവിടെ സ്ഥാനമില്ലെന്നും തന്റെ ജീവിതം തന്നെ ഉറക്കെ പ്രഖ്യാപിക്കുകയാണ്. ഭക്ഷ്യവിഷബാധയെ തുടർന്ന് തനിക്ക് കരൾ നൽകാൻ ഒരു ഹൈന്ദവ സഹോദരി മുൻപോട്ട് വന്നതിനാലാണ് താനിന്നും ജനങ്ങൾക്ക് മുന്നിൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഏലത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിക്കുകയാണെങ്കിൽ ജനതയ്ക്കൊപ്പം ജീവിതം ഉഴിഞ്ഞുവെച്ച് കൂടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരെ കബളിപ്പിച്ചാണ് വീണ്ടും എ കെ ശശീന്ദ്രൻ സ്ഥാനാർത്ഥി ആയത്. എലത്തൂരിലെ ജനങ്ങൾക്ക് ഇനി ആരുടെ മുന്നിലും തലകുനിക്കേണ്ടി വരികയില്ലെന്ന് സുൽഫിക്കർ മയൂരി ഉറപ്പു നൽകി.
യു ഡി എഫ് സ്ഥാനാർത്ഥികളെന്ന് അവകാശപ്പെട്ട് മൂന്നു പേരായിരുന്നു എലത്തൂരിൽ മത്സരരംഗത്ത് ഉറച്ചു നിന്നത്. യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ മാണി സി കാപ്പന്റെ എൻ സി കെയുടെ സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി, പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ മത്സര രംഗത്തേക്കിറക്കിയ കോൺഗ്രസ് നേതാവ് യു വി ദിനേശ് മണി, ഭരതീയ നാഷണൽ ജനതാദളിന്റെ സെനിൻ റാഷി എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇതിനിടയിലാണ് എം കെ രാഘവന്റെ നേതൃത്വത്തിൽ എൻ സികെ സ്ഥാനാർത്ഥി സുൽഫിക്കർ മയൂരിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്.
എം കെ രാഘവൻ നേരത്തെ തന്നെ എലത്തൂർ സീറ്റ് തനിക്ക് താത്പര്യമുള്ള ഒരു നേതാവിന് നൽകാൻ നീക്കം തുടങ്ങിയിരുന്നു. എന്നാൽ ഇതിനിടയിലാണ് സീറ്റ് മാണി സി കാപ്പന്റെ പാർട്ടിയായ എൻ സി കെയ്ക്ക് വിട്ടു നൽകിയത്. ഇതിന് പകരമായി ചില കാര്യങ്ങൾ എം കെ രാഘവൻ ആവശ്യപ്പെട്ടെങ്കിലും അത് നടക്കാതെ വന്നതോടെയാണ് രാഘവൻ പ്രവർത്തകരെ ഇളക്കിവിട്ട് മണ്ഡലത്തിൽ ഇത്തരമൊരു നീക്കം നടത്തുകയും ദിനേശ് മണിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തത്. ഇതോടെ യു ഡി എഫ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി രാഘവനെതിരെ രംഗത്തുവന്നു.
രാഘവന് എന്തിനാണ് വൈരാഗ്യം എന്നറിയില്ലെന്നായിരുന്നു സുൽഫിക്കറുടെ പ്രതികരണം. എല്ലാ സീറ്റുകളിലും കോൺഗ്രസിന് മത്സരിക്കാനാവില്ല. മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ മുന്നണി മര്യാദ പാലിക്കണം. എം കെ രാഘവനും പുറത്തു നിന്നും കോഴിക്കോട്ടെത്തി മത്സരിച്ച ആളാണ്. അദ്ദേഹവും വരത്തനാണെന്നും സുൽഫിക്കർ വ്യക്തമാക്കി. എതിർപ്പുകൾ ഒടുവിൽ സംഘർഷത്തിലേക്കും കയ്യാങ്കളിയിലേക്കും വരെയെത്തി. ഒടുവിൽ ഒരു സുപ്രഭാതത്തിൽ പ്രശ്നങ്ങൾ അവസാനിപ്പിച്ച് നേതാക്കൾ കൈകൊടുത്തു. ദിനേശ് മണിയും ഭാരതീയ നാഷണൽ ജനതാദളിന്റെ സ്ഥാനാർത്ഥിയും പത്രിക പിൻവലിച്ചു. ഇപ്പോൾ രാഘവൻ സുൽഫിക്കർ മയൂരിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി മുന്നോട്ടു പോവുകയാണ്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.