പെരുമ്പാവൂർ: പാർട്ടി ഒരു അവസരം കൂടി നൽകിയാൽ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പുതിയ ആളുകൾക്ക് അവസരങ്ങൾ നൽകണം. പക്ഷേ, പ്രായം കൊണ്ടോ ചെറുപ്പം കൊണ്ടോ ഉള്ള അവസരമല്ല വേണ്ടത്. ആരാണ് ജയിക്കാൻ അർഹനായ സ്ഥാനാർത്ഥി. അവിടെയാണ് പുതുമുഖമെന്നും എൽദോസ് അഭിപ്രായപ്പെട്ടു. മനോരമ ന്യൂസ് ചാനലിനോടാണ് എംഎൽഎയുടെ പ്രതികരണം. അടുത്ത ജന്മം ഒരു പശുവായി ഇന്ത്യയിൽ ജനിക്കണമെന്നും എൽദോസ് അഭിപ്രായപ്പെട്ടു.

നിയമസഭയിൽനിന്നും വൈറലായ ഉറക്കത്തെക്കുറിച്ചും എംഎൽഎ വിശദീകരിച്ചു. 'നിയമസഭയിൽ ആദ്യത്തെ ദിവസം ഞാൻ ഉറങ്ങി എന്നത് സത്യമാണ്. പക്ഷേ, എനിക്കന്ന് 105 ഡിഗ്രി പനിയായിരുന്നു. അതിന് ശേഷം നാലുദിവസം ഞാൻ ആശുപത്രിയിലായിരുന്നു. എന്നെ അവിടെനിന്നും ആംബുലൻസിലാണ് ആശുപത്രിയിൽ കൊണ്ടുപോയത്. അതൊന്നും ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ അറിഞ്ഞിട്ടില്ല. ബിബിസിയുടെ മോസ്റ്റ് ട്രെൻഡിങ് ന്യൂസായി മാറി അത്. ലക്ഷക്കണക്കിന് ആളുകൾ. ഞാൻ അതിനെക്കുറിച്ച് ഒരു കവിതതന്നെ എഴുതി. അത് വൈറലായി. മയങ്ങി ഉണരവേ മധുര സ്വപ്നങ്ങൾ മറന്നു ഞാൻ ഇറങ്ങവേ... പറന്നുപോയെന്റെ ഉറങ്ങും ചിത്രം വൈറലായെന്നറിയവേ... എന്ന കവിതയെഴുതി. മനുഷ്യനായാൽ ഉറങ്ങണം. ക്ഷീണം വന്നാൽ ആരും ഉറങ്ങിപ്പോവില്ലേ. അതിന്റെ അർത്ഥം നിയമസഭയിൽ മുഴുവൻ ഉറങ്ങുകയാണെന്നാണോ?', അദ്ദേഹം പറഞ്ഞു.

ആനപ്പുറത്ത് കയറി പരിപാടി ഉദ്ഘാടനം ചെയ്തതിനെയും പശുക്കിടാക്കൾക്ക് വേണ്ടി സുന്ദര കിടാരി മത്സരം നടത്തിയതിനെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ, 'ഞാൻ കവിത പോലെത്തന്നെ മൃഗങ്ങളെയും പരിസ്ഥിതിയെയും സ്നേഹിക്കുന്നു. ആനയോട് ഭയങ്കര കമ്പമാണ്. ആനയെ ബഹുമാനിക്കാനാണ് ആനപ്പുറത്ത് കയറിയത്. ആനയെ ഉദ്ഘാടകനാക്കിയപ്പോൾ ആന എന്റെ പ്രോട്ടോക്കോളിന് മുകളിൽ പോയെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എനിക്ക് വലിയ ഇഷ്ടമാണ്. ഇപ്പോൾ പശു... പശുവിനെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. അടുത്ത ജന്മത്തിൽ എനിക്കൊരു പശുവായി ജനിക്കണം. ഞാനത് പറഞ്ഞുപ്പോൾ എന്നെ ആളുകൾ കളിയാക്കി. ഒരു പശുവായിക്കഴിഞ്ഞാൽ, പശു പാല് തരുന്നു, ചാണകം തരുന്നു, സ്നേഹം തരുന്നു. അടുത്ത ഒരു ജന്മമുണ്ടെങ്കിൽ ഒരു പശുവായിട്ട് ഇന്ത്യയിൽ ജനിച്ചാൽ മതിയെന്നാണ് എന്റെ ആഗ്രഹം'