- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തിന് അഭിമാനമായ കോമൺവെൽത്ത് മെഡൽ നേട്ടത്തിലും ഒരുമിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ഉറ്റ സുഹൃത്തുക്കൾ; പ്രധാനമന്ത്രി അടക്കമുള്ളവർ അഭിനന്ദനം ചൊരിയുമ്പോൾ ശിരസ്സ് ഉയർത്തി നിരവധി കായികതാരങ്ങളെ സൃഷ്ടിച്ച കോളേജും; തങ്ങളുടെ നേട്ടം മറ്റുള്ളവർക്ക് പ്രചോദനമാകട്ടെയെന്ന് എൽദോസും അബ്ദുള്ളയും
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് രാജ്യത്തിന് സംഭാവന ചെയ്ത മികച്ച കായിക പ്രതിഭകളുടെ കൂട്ടത്തിലാണ് എൽദോസ് പോലും അബ്ദുള്ള അബൂബക്കറും. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം, വെള്ളി മെഡൽ നേട്ടത്തോടെയാണ് ഇരുവരും രാജ്യത്തിന്റെ അഭിമാന പ്രതിഭകളായത്. ഇരുവരെയും രാജ്യം മുഴുവൻ അഭിനന്ദിക്കുകയും ചെയ്യുന്നു. ഉറ്റ ചങ്ങാതിമാരാണ് ഇരുവരും. ജംപിങ് പിറ്റിൽ ഒരുമിച്ചു പരിശീലനം നടത്തിയവർ. എന്നാൽ, സ്‌കൂൾ തലം മുതൽ കായിക പ്രതിഭകളായി വളർന്ന ഇവർ ഒരുമിച്ചത് മാർ അത്തനേഷ്യസ് കോളേജിൽ വച്ചാണ്. അതുകൊണ്ട് തന്നെ ഇവരുടെ മെഡൽ നേട്ടം എം എ കോളേജിന് ഇരട്ടി മധുരമാണ് താനും.
കോളേജിലെ രണ്ട് മുൻ കായികതാരങ്ങൾ ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും, വെള്ളിയും നേടി കോളേജിന്റെയും, ഇന്ത്യയുടെയും യശസ് ഉയർത്തി പുതു ചരിത്രം സൃഷ്ടിച്ചതിന്റെ സന്തോഷത്തിലാണ് കോളേജ് അധികൃതരും. ചരിത്രത്തിൽ ആദ്യമായിട്ടാണ് കോമൺ വെൽത്ത് ഗെയിംസിൽ ഒരു മത്സരത്തിൽ തന്നെ സ്വർണവും, വെള്ളിയും ഇന്ത്യ കരസ്ഥമാക്കുന്നത്.
ഇന്ത്യൻ അത്‌ലറ്റിക്സ്സിലെ ഏറ്റവും തിളക്കമാർന്ന നേട്ടം കൂടിയാണിത്.ഇന്ത്യയുടെ മലയാളി താരം എൽദോസ് പോൾ ഫൈനലിൽ 17.03 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. 17.02 മീറ്റർ ചാടിയാണ് കോഴിക്കോട് സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി കരസ്ഥമാക്കിയത്. മറ്റൊരു ഇന്ത്യൻ താരമായ തമിഴ് നാടിന്റെ പ്രവീൺ ചിത്രാവൽ നാലാം സ്ഥാനത്ത് എത്തി. ബെർമൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കലം കരസ്ഥമാക്കിയത്.
എൽദോസ് പോളും അബ്ദുള്ള അബൂബക്കറും കോതമംഗലം എം എ. കോളേജിൽ ഒരേ കാലഘട്ടത്തിൽ പഠിച്ചവരാണ്.2015 ലാണ് എൽദോസും, അബ്ദുള്ള അബൂബക്കറും കോതമംഗലം എം. എ. കോളേജിൽ ഡിഗ്രിക്ക് പ്രവേശിക്കുന്നത്. കോളേജ് പരിശീലകൻ ആയിരുന്ന ടി. പി ഔസെഫ് ആയിരുന്നു എൽദോസിന്റെ കോളേജിലെ പരിശീലകൻ. അബ്ദുള്ള അബൂബക്കറിന്റെ ആകട്ടെ മുൻ സായ് പരിശീലകനും, ഇപ്പോൾ എം. എ. കോളേജിന്റെ പരിശീലകനുമായ എം. എ. ജോർജ് ആയിരുന്നു.
എം. എ. കോളേജിലെ പരിശീലന കളരി എൽദോസിന്റെയും, അബ്ദുള്ള അബൂബക്കാറിന്റെയും കായിക പ്രതിഭയെ അന്തർ ദേശീയ താരങ്ങളാക്കി മാറ്റി. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ എൽദോസിനു ഇന്ത്യൻ നേവിയിൽ സെലക്ഷനും ലഭിച്ചു.അബ്ദുള്ളക്ക് എയർ ഫോഴ്‌സിലും. കോലഞ്ചേരി, രാമമംഗലം, പാലക്കാമറ്റം കൊച്ചുതോട്ടത്തിൽ പൗലോസിന്റെയും, പരേതയായ മറിയകുട്ടിയുടെയും മകനാണ് ട്രിപ്പിൾ ജംപിൽ കോമൺ വെൽത്ത് ഗെയിംസിൽ സ്വർണം നേടിയ എൽദോസ്. അബ്ദുള്ള അബൂബക്കർ കോഴിക്കോട് സ്വദേശിയാണ്.
മെഡൽ നേടയതിന്റെ സന്തോഷം ഇരുവരും പങ്കുവെക്കുകയും ചെയ്തു. ലോക അത്ലറ്റിക്സ് ചംപ്യൻഷിപ്പിലെ ട്രിപ്പിൾ ജംപിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കോമൺവെൽത്ത് ഗെയിംസിൽ എൽദോസിന്റെ ചരിത്രനേട്ടം. വളരെയധികം സന്തോഷം രാജ്യത്തിന് വേണ്ടി മെഡൽ നേടാൻ സാധിച്ചതിൽ. ഇത്തരത്തിൽ സ്വർണവും വെള്ളിയും നേടാൻ സാധിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഒളിംപിക്സ്, ലോക ചാംപ്യൻഷിപ്പ്, ഏഷ്യൻ ചാംപ്യൻഷിപ്പ് തുടങ്ങിയ വലിയ ഇവന്റുകളിൽ മെഡൽ നേടാൻ ഞങ്ങളൊരു പ്രചോദനമാവട്ടെ എന്നാണ് ഇരുവരും പറഞ്ഞത്.
ഗവൺമെന്റിന്റെ പിന്തുണ വലുതായിരുന്നുവെന്ന് ഇന്ത്യൻ ടീം മാനേജരും ഇരുവരുടേയും പരിശീലന കളരിയായിരുന്ന കോതമംഗലം എം എ കോളേജിലെ കായികാധ്യപകൻ കൂടിയായിരുന്ന ബാബു പി ഐ പറഞ്ഞു. അഭിനന്ദന പ്രവാഹമാണ് ഇരുവർക്കും. എക്കാലവും നിലനിൽക്കുന്ന അഭിമാനനേട്ടമാണ് ഇരുവരും നേടിയതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. എൽദോസ് പോളിന്റെ സമർപ്പണം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ട്രിപ്പിൾ ജംപ് മത്സരം ചരിത്രപരം, ഇന്ത്യയുടെ താരങ്ങൾ കാഴ്ചവെച്ചത് മികച്ച പ്രകടനമാണ്. കഠിനാധ്വാനത്തിന്റേയും പ്രതിബദ്ധതയുടെയും ഫലമാണ് അബ്ദുള്ള അബൂബക്കറിന്റെ വെള്ളി മെഡലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹർദീപ് സിങ് പുരി, കിരൺ റിജിജു എന്നിവരും എൽദോസിനെയും അബ്ദുള്ളയേയും അഭിനന്ദിച്ചു. അത്ലറ്റിക്സിന് ചരിത്ര നിമിഷമെന്നായിരുന്നു അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതികരണം. രാജ്യത്തിന് അഭിമാന നിമിഷമെന്ന് എൽദോസിന്റെയും അബ്ദുള്ളയുടെയും പ്രകടനത്തെ അഭിനന്ദിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ട്വീറ്റ് ചെയ്തു. എൽദോസിന്റേയെും അബ്ദുള്ളയുടെയും പ്രകടനം ഇന്ത്യക്ക് അഭിമാനകരമെന്നാണ് മമത ബാനർജി ട്വീറ്റ് ചെയ്തത്.