തിരുവനന്തപുരം: സാധാരണക്കാരനായി എല്ലാ കഷ്ടപ്പാടുകളുമറിഞ്ഞ് വളർന്ന തനിക്ക് പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനാകുമെന്ന് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. അത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാകും എംഎൽഎ എന്ന നിലയിൽ മുൻഗണന നൽകുകയെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

ദുരിതപൂർണമായ പാതയിലൂടെയാണ്  ജീവിതത്തിൽ കടന്നുപോയത്. ഒരുപാട് കഷ്ടപ്പെട്ടാണ് പഠിച്ചതും വളർന്നതുമെല്ലാം. അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ കണ്ടില്ലെന്നു നടിക്കുവാനാകില്ലെന്നും അദ്ദേഹം പറയുന്നു.

ജീവിതത്തിലെ ഓരോ അനുഭവവും ഓരോ പാഠമായി കണ്ട് മാത്രമേ മുന്നോട്ട് പോയിട്ടുള്ളു. അത്‌കൊണ്ട് തന്നെ ഓരോ വിജയങ്ങൾ ജീവിതം സമ്മാനിച്ചപ്പോഴും കഴിഞ്ഞ കാലങ്ങളിൽ ജീവിതം നൽകിയ പാഠങ്ങൾ ഒരിക്കലും മറന്നിരുന്നില്ല. പഠന കാലത്ത് കപ്യാർ പണി ചെയ്തതും പത്ര വിതരണം നടത്തിയതും ഓട്ടോറിക്ഷ ഓടിച്ചതുമെല്ലാം ജീവിതത്തിലെ ഓരോ അനുഭവങ്ങളായിരുന്നു.

സ്‌കൂൾ പഠനത്തിന്റെ ചെലവിനാവശ്യമായ തുക കണ്ടെത്താനായി കപ്യാർ പണി ചെയ്തിട്ടുണ്ട്. പത്ത് രൂപ ശമ്പളത്തിനാണ് അന്ന് വടക്കൻ മാറാടി മാർ ഗ്രിഗോറിയസ് ദേവാലയത്തിൽ ആ ജോലി ചെയ്തിരുന്നത്. അന്ന് പത്ത് രൂപ കൈയിലുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു. കപ്യാർ പണി തീർത്ത ശേഷം നേരെ പോകുന്നത് പത്ര വിതരണത്തിനാണ്. ഇങ്ങനെയൊക്കെയാണ് പഠനത്തിന് പണം നേടിയിരുന്നത്.

പഠനത്തിനൊപ്പം താമസവും സ്‌കൂളിൽ തന്നെയായിരുന്നു. രാത്രികാലങ്ങളിൽ പഠിക്കുന്നതിനായി ക്ലാസിലെ വെളിച്ചം കുറവായിരുന്നതിനാൽ ഡെസ്‌ക്കുകൾ കൂട്ടിയിട്ട ശേഷം ബെഞ്ചുകൾ അതിന് മുകളിൽ കയറ്റിയിടുകയും എന്നിട്ട് കസേര അതിന് മുകളിൽ കയറ്റിയിട്ടിരുന്നായിരുന്നു പഠനം. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൽ തന്നെ ചെറിയ കുട്ടികൾക്ക് എൽദോസ് ട്യൂഷനെടുത്തിരുന്നു. പഠനത്തിന്റെ ചെലവിനായി ചെറിയ പണികൾ ചെയ്തിരുന്ന എൽദോസ് അദ്ധ്യാപകർക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു. അച്ഛനും അമ്മയും മൂന്നു മക്കളുമടങ്ങുന്നതായിരുന്നു എൽദോസിന്റെ കുടുംബം. കൊപ്ര വിൽക്കുന്ന ജോലിയാണ് എൽദോസിന്റെ വീട്ടുകാർ ചെയ്തിരുന്നത്. എൽദോസിന് ഒരു മുതിർന്ന സഹോദരിയും ഒരു അനിയനുമാണ് ഉള്ളത്.  ആഷ്‌ലി എന്നായിരുന്നു കുഞ്ഞിലെ എൽദോസിന്റെ പേര്. എന്നാൽ കുഞ്ഞിലെ നടക്കാനോ സംസാരിക്കാനോ കഴിയാതിരുന്നതിനെതുടർന്ന് എൽദോസ് എന്ന നാമമുള്ള പുരോഹിതന്റെ  പള്ളിയിൽ പോയശേഷം മാറ്റം വന്നതിനെതുടർന്ന് എൽദോസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തു വീട്ടിൽനിന്ന് ഒളിച്ചോടാൻ തീരുമാനിച്ചു. ദൂരെ ഏതെങ്കിലും നാട്ടിൽ പോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാം എന്ന തീരുമാനമെടുത്ത ശേഷം സ്‌കൂളിനോട് ചേർന്നുള്ള കന്യാ സ്ത്രീകളുടെ കോൺവെന്റിലേക്ക് പോയി. ഒളിച്ചോടുന്നതിന് മുൻപ് സിസ്റ്റർമാരെ നേരിൽ കാണുന്നതിനായാണ് അവിടേക്ക് പോയത്. പള്ളിയിൽ പോയി പ്രാർത്ഥിച്ചിട്ടാണ് അവസാനമായി അവരെക്കൂടി ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി അവിടെപോയത്. തനിക്ക് താങ്ങും തണലുമായിരുന്നു അവർ. 'ഇന്ന് ഞായറാഴ്ചയല്ലേ നീ എന്തിനാണ് ഇന്ന് സ്‌കൂളിൽ വന്നത് എന്ന സിസ്റ്റർ അലോഷ്യസിന്റെ ചോദ്യം കേട്ടപ്പോൾ തന്നെ  സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ ശേഷം  മുഴുവൻ സങ്കടങ്ങളും  സിസ്റ്ററോട് പറഞ്ഞു.  സിസ്റ്ററിന്റെ കണ്ണുകളും നിറഞ്ഞൊഴുകി. പിന്നീട് സ്‌കൂൾ പൂട്ടുംവരെ സ്‌കൂൾ മുറിയിൽ താമസിക്കാനും മഠത്തിൽനിന്ന് ഭക്ഷണം കഴിക്കാനും സിസ്റ്റേഴ്‌സ് എൽദോസിനെ അനുവദിക്കുകയായിരുന്നു. ദൈവത്തിന്റെ തീരുമാനം ഒന്നുകൊണ്ടാണ് മാത്രമാണ് താൻ ഇങ്ങനെയൊക്കെ ആയതെന്ന് വിശ്വസിക്കാനാണ് എൽദോസിന് ഇഷ്ടം. കപ്യാരായി ജോലി ആരംഭിക്കുകയും പിന്നീട് അതേ ദേവാലയത്തിന്റെ തന്നെ ക്ലർക്കാകാനും സെക്രട്ടറിയാകാനും കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാമെന്നാണ് എൽദോസ് വിശ്വസിക്കുന്നത്.

കോളജ് പഠനകാലത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. കിട്ടുന്ന കാശ് മിച്ചംവച്ച്  ഓട്ടോറിക്ഷാ സ്വന്തമായി വാങ്ങി. അതിൽനിന്നുള്ള ലാഭംമാറ്റിവച്ച് പിന്നീട് ആറ് ഓട്ടോകൾ വാങ്ങാൻ എൽദോസിനായി. ആഗ്രഹിച്ചതിന് അപ്പുറം ദൈവം നൽകി. ചെറുപ്പം മുതലേ രാഷ്ട്രീയത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നു. മൂവാറ്റുപുഴ നിർമ്മല കോളജിൽ ഡിഗ്രി മുതൽ എം.കോം വരെയുള്ള അഞ്ചുവർഷം യൂണിയൻ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിഞ്ഞു. തിരുവനന്തപുരം ലോ കോളജിലായിരുന്നു എൽ.എൽ.ബി പഠനം. ഈ സമയം നേതാക്കളുമായി അടുത്തിടപെടാനും കഴിഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിന് രാഹുൽഗാന്ധി നടത്തിയ ടാലന്റ് സേർച്ചിൽ തിരഞ്ഞെടുക്കപ്പെട്ടതാണ് രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് ഒരു നല്ല സംഘാടകനായി കഴിവ് തെളിയിക്കാൻ സാധിച്ചു. ജില്ലാപഞ്ചായത്തിൽ മത്സരിക്കാനും വിജയിക്കാനും ഇടയായത് ദൈവത്തിന്റെ അനുഗ്രഹം. എറണാകുളം ജില്ലാ പഞ്ചായത്തിനെ രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിന് സാധിച്ചു.  സുതാര്യമായ ജീവിതമാണ് എന്റെ ലക്ഷ്യം. ഒരു ജനപ്രതിനിധിയിൽനിന്ന് ജനം പ്രതീക്ഷിക്കുന്നത് നൽകുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു നല്ല മാതൃകയായി സമൂഹത്തിൽ നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു. അതിന് ദൈവാനുഗ്രഹം ആവശ്യമാണ്. പാവപ്പെട്ടവരുടെയും ദുഃഖിതരുടെയും കണ്ണീർ ഒപ്പുന്നതിന് ശ്രമിക്കുകയാണ്. ഇന്ന് ദാരിദ്ര്യം അനുഭവിക്കുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ കണ്ണീരും വേദനയും തിരിച്ചറിഞ്ഞ് സഹായിക്കുക എന്നതാണ് ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ച് പ്രധാനമായ  കാര്യം.

പെരുമ്പാവൂരിന്റെ സമഗ്രവികസനമാണ് തന്റെ ലക്ഷ്യം. വികസനത്തിനായി പൊതുവായ നയങ്ങളും വ്യക്തിപരമായ രീതികളുമാണുള്ളത്. പെരുമ്പാവൂർ ബൈപ്പാസ്, കാലടി പാലം തുടങ്ങിയ പദ്ധതികൾ മനസ്സിലുണ്ട്. മണ്ഡലത്തിൽ വീടില്ലാത്തവർക്ക് വീട് വയ്ക്കുന്നതിനാവശ്യമായ സഹായങ്ങൾ, ആദിവാസികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് മുൻഗണനയിലുള്ളവ. സംസ്ഥാനത്ത് ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നത് പെരുമ്പാവൂരിലാണ്. ഇവരെ തിരിച്ചറിയുനിനതിനായി നിലവിൽ മാർഗമില്ല. അതിനായി റജിസ്‌ട്രേഷൻ പൂർത്തിയാക്കി ഇവർക്ക് ഐഡന്റിറ്റി കാർഡ് നൽകേണ്ടതുണ്ട്. തിനുള്ള നിർദ്ദേശങ്ങളെകുറിച്ച് പഠിച്ചുവരികയാണെന്നും എൽദോസ് പറഞ്ഞു.