തിരുവനന്തപുരം: കാര്യം സംസ്ഥാന സർക്കാറിന്റെ നയം പ്രഖ്യാപിക്കലൊക്കെയാണ്. എന്നാൽ, രണ്ടര മണിക്കൂർ സമയത്തോളമാണ് ഗവർണർ പി സദാശിവം പ്രസംഗം നടത്തിയത്. അതുകൊണ്ട് തന്നെ പലർക്കും ഈ പ്രസംഗം കേട്ടിരിക്കാനുള്ള കെൽപ്പുണ്ടായില്ല. ആദ്യമൊക്കെ ബലം പിടിച്ചിരുന്ന എംഎൽഎമാർ പ്രസംഗം പുരോഗമിച്ചതോടെ കൂർക്കം വലിച്ച് ഉറക്കം തുടങ്ങി. ഇക്കാര്യത്തിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസം ഉണ്ടായില്ല. എന്നാൽ, കൂർക്കം വലിച്ചുറങ്ങുന്ന പടം പത്രത്തിൽ വരാൻ യോഗമുണ്ടായത് എൽദോസ് കുന്നപ്പള്ളിക്കായിരുന്നു. കോൺഗ്രസ് എംഎൽഎ കൂർക്കം വലിച്ചുറങ്ങുന്ന ചിത്രം എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇന്നലെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കവേയാണ് സംഭവം. എൽദോസ് കുന്നപ്പള്ളിക്ക് അടുത്തായാണ് വി ടി ബൽറാമും ഇരുന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ എൽദോസ് കുന്നപ്പള്ളി കൂർക്കം വലിച്ചു തുടങ്ങറി. തല ഒരു വശത്തേക്ക് ചാഞ്ഞ് ചുരുണ്ടുകൂടി കിടന്ന എൽദേസിനെ അടുത്തിരുന്ന ബൽറാം ആദ്യം നോക്കുകയും പിന്നീട് തട്ടിവിളിക്കുകയുമായിരുന്നു. എന്തായാലും മെട്രോ വാർത്തയിലെ ഫോട്ടോഗ്രാഫർ കെ ബി ജയചന്ദ്രൻ കൃത്യമായി തന്നെ ചിത്രം ക്ലിക്ക് ചെയ്തു.

ഇന്ന് പത്രത്തിൽ രണ്ട് ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. മനം മയക്കി നയപ്രഖ്യാപനം എന്ന തലക്കെട്ടോടെയാണ് ഫോട്ടോ പ്രസിദ്ധീകരിച്ചത്. ചിത്രം ഇന്ന് കിട്ടിയതോടെ ട്രോളന്മാർക്ക് ചാകരയായെന്ന് പറഞ്ഞാൽ മതി. അപ്പോൾ തന്നെ ക്യാപ്ഷനുമിട്ട് ട്രോൾ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പറന്നു തുടങ്ങി. അദ്ധ്യാപികയും സോഷ്‌യൽ മീഡിയിയൽ സജീവമായ വ്യക്തിയുമായ ദീപാ നിശാന്ത് ഒരു ചെറഉിയ കഴിത തന്നെ എഴുതിക്കളഞ്ഞു. ദീപ ട്രോൾ പോസ്റ്റ് ഷെയർ ചെയ്ത് എഴുതിയത് ഇങ്ങനെ:

'ഉറക്കം മതി ചങ്ങാതീ
ഉത്ഥാനം ചെയ്തിടാമിനി!

എഴുന്നേറ്റിട്ടു വേണ്ടേ നാ-
മെങ്ങോട്ടും സഞ്ചരിക്കുവാൻ !

നിൽക്കുമീ നിൽപ്പിൽ നിൽക്കാതെ
നീങ്ങി മുന്നോട്ടു പോയിടാം

പിടിച്ചു തള്ളുമല്ലെങ്കിൽ
പിന്നിൽ നിന്നും വരുന്നവർ!'

സൂക്ഷിച്ചോ വി.ടി... ഈ ഉറക്കം നേരെ തിരിച്ചായിരുന്നെങ്കിൽ നിങ്ങടെ അവസ്ഥ! ഹൊ! ചിന്തിക്കാൻ വയ്യ! ?????? ഇനി മുതൽ തലസ്ഥാനത്തേക്കു പോകുമ്പോ രണ്ട് ഈർക്കിൽ കൂടി കയ്യിൽ വച്ചോ.....ഇത്തരം മനം മയക്കുന്ന നയപ്രഖ്യാപന വേളകളിൽ കണ്ണടയാതെ പിടിച്ചു നിർത്താൻ! 'എടാ എൽദോ ! ഈ പത്രക്കാരെക്കൊണ്ട് തോറ്റ്!'

ദീപാ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെ തന്നെ നിരവധി പേർ സമാന ഫോട്ടോ ഫേസ്‌ബുക്കിലിട്ടു. എൽദേസിനെ തോണ്ടി വിൡക്കുന്ന ബൽറാമിന്റെ കമന്റുകൾ എഴുതിയിയാണ് പലരുടെയും ട്രോളുകൾ.