ഡബ്ലിൻ: ഒക്ടോബർ മുതൽ ഗാർഹികാവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമുള്ള ഇലക്ട്രിസിറ്റി ബില്ലിൽ വർധന ഏർപ്പെടുത്താൻ നീക്കം. കമ്മീഷൻ ഫോർ എനർജി റെഗുലേഷൻ (സിഇആർ) ഇതിന്റെ പബ്ലിക് സർവീസ് ചാർജുകളിൽ വർധന വരുത്തുന്നതാണ് ഇലക്ട്രിസിറ്റി ബിൽ വർധിക്കാൻ കാരണമാകുന്നത്. വിൻഡ് ഇൻഡസ്ട്രിക്കുള്ള ചെലവുകളിൽ വർധന നേരിട്ടതോടെ ഇവയ്ക്കുള്ള സഹായം വർധിപ്പിക്കുന്നതാണ് ഇതിനു പിന്നിലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നതോടെ ഒരു കുടുംബത്തിന് 5.01 യൂറോ എന്നുള്ളത് 6.02 യൂറോയായി വർധിക്കും. അതായത് ഒരു വർഷത്തേക്കുള്ള നിരക്ക് 72.28 യൂറോയായി ഉയരും. നിലവിൽ 60.09 യൂറോ എന്നുള്ളതിൽ നിന്ന് 20 ശതമാനം വർധനയാണ് ഉണ്ടാകുക.

രാജ്യത്തെ എല്ലാ വൈദ്യുതി ഉപയോക്താക്കൾക്കും മേൽ കൂടുതൽ നികുതി ചുമത്താനുള്ള നീക്കം ഏറെ എതിർപ്പിനു കാരണമായേക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വിൻഡ് പവർ, മറ്റ് റിന്യൂവബിൾ എനർജി ഉത്പാദകർ എന്നിവർ്കകുള്ള സാമ്പത്തിക സഹായം വർധിപ്പിക്കുന്നതിനാണ് ഉപയോക്താക്കൾക്കു മേൽ നികുതി ഭാരം ചുമത്തുന്നത്. നിലവിൽ ഉയർന്ന എനർജി ബില്ലിനു മുകളിലാണ് വീണ്ടും ഇലക്ട്രിസിറ്റി ചാർജ് ഉയർത്താൻ തീരുമാനമായിരിക്കുന്നത്.