ഹൂസ്റ്റൺ: ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നായ ഫോർട്ട്‌ബെൻഡ് കൗണ്ടിയിലെ തെരഞ്ഞെടുപ്പു പോരാട്ടങ്ങൾ 2 മലയാളികൾ മത്സരരംഗത്തുള്ളതുകൊണ്ട് പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെയും പ്രത്യേകിച്ചു ആയിരക്കണക്കിന് മലയാളീ വോട്ടര്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഫോർട്ട്ബന്റിൽ ഇക്കുറി കൗണ്ടിയിലെ ഏറ്റവും ഉന്നതമായ പദവിയായ ഫോർട്ട്‌ബെൻഡ് കൗണ്ടി ജഡ്ജ് (സിറ്റിയിൽ മേയർക്കു തത്തുല്യമായ) മത്സരിക്കുന്നത് മലയാളിയും ഹൂസ്റ്റണിലെ സാമൂഹ്യ സംസ്‌കാരിക വിദ്യാഭാസ രംഗത്തെ നിറസാന്നിധ്യമായ കെ.പി.ജോർജ് ആണ്.

2014 ൽ ഫോർട്ട്‌ബെൻഡ് ഐ എസ് ഡി (ISD) ട്രസ്റ്റി ബോർഡിലേക്ക് വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപെട്ട ജോർജ് രണ്ടാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു. ആയിരകണക്കിന് വരുന്ന ഇന്ത്യൻ, മലയാളി വോട്ടർമാരിലാണ് ജോർജ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. കൗണ്ടിയിലെ വലിയൊരു ശതമാനം വരുന്ന മലയാളി വോട്ടർമാർ ഈ സമയം ഉചിതമായി ഉപയോഗിക്കുമെങ്കിൽ ഈ വലിയ പോരാട്ടത്തിൽ വിജയിക്കുവാൻ കഴിയുമെന്നു ജോർജ് പറഞ്ഞു. ഏഷ്യൻ കമ്യൂണിറ്റിക്കു കൗണ്ടിയിൽ ശക്തമായ സ്വാധീനം ചെലുത്തുവാൻ ആ വിജയത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഫോർട്ട്‌ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3 ജഡ്ജ് ആയി മത്സരിക്കുന്ന ജൂലി മാത്യുവും വലിയ ശുഭ പ്രതീക്ഷയിലാണ്. കഴിഞ്ഞ 15 വർഷമായി അറ്റോർണിയായി പ്രവർത്തിക്കുന്ന ജൂലി യും ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മലയാളീ വോട്ടർമാരിൽ വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്. കൗണ്ടി കോർട്ടിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നതിനും ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം ഉണ്ടാകേണ്ടതിന്റെയും അനിവാര്യത്തെപ്പറ്റിയും ജൂലി എടുത്തു പറഞ്ഞു.

സ്റ്റാൻലി മാണിയുടെ എം. ഐ. എച് (MIH) റിയൽറ്റി ഓഫീസിൽ കൂടിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ ധാരാളം വോട്ടർമാർ
പങ്കെടുത്തു.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാര്ഥികളാണ് ഇരുവരും. ഇവരോടൊപ്പം കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യക്കാരനും ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തുറ്റ സ്ഥാനാർത്ഥിയുമായ ശ്രീ പ്രെസ്റ്റൻ കുൽക്കർണിയും വിജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണെന്നും ഈ 3 പേരുടെയും വിജയം സുനിശ്ചിതമാക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഒരു കോർഡിനേറ്റർ കൂടിയായ ബാബു തെക്കേക്കര പറഞ്ഞു.

ഒക്ടോബർ 22 നു ആരംഭിച്ചു നവംബർ 2 നു അവസാനിക്കുന്ന ഏർലി വോട്ടിങ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നു സ്ഥാനാർത്ഥികളും ബാബുവും അഭ്യർത്ഥിച്ചു. നവംബർ ആറിനാണ് പൊതു തെരഞ്ഞെടുപ്പ്