രു ചെറിയ ചമ്മലിൽനിന്നാണ് യങ്ങ് മീഡിയ കോഴിക്കോട്, മറുനാടന്മലയാളിയുമായി സഹകരിച്ച് നടത്തിയ കേരള സർവേയുടെ തുടക്കം. വിഷുദിനത്ത് ഉച്ചതിരഞ്ഞാണ് ഞങ്ങൾ എഴുതി തയ്യാറാക്കിയ ചോദ്യാവലിയുമായി റാൻഡം സർവേ തുടങ്ങാനായി കോഴിക്കോട്ട് എത്തിയത്. വെയിലാറിത്തുടങ്ങിയതോടെ കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നല്ല ജനക്കൂട്ടം. ജില്ലയുടെ വിവധ ഭാഗങ്ങളിൽനിന്ന് വന്നവരുണ്ട്.

സ്ത്രുകളുണ്ട്, പുരുഷന്മാരുണ്ട്, വയോധികരുണ്ട്, എല്ലാ ജാതിമതസ്ഥരും, നഗരഗ്രാമവാസികളുമൊക്കെയായി സർവേ ശാസ്ത്രത്തിൽ പറഞ്ഞ മികച്ച സാമ്പിൾകൾ കിട്ടാൻ പറ്റിയ ജനക്കുട്ടം. ഞങ്ങൾ ആഹ്‌ളാദത്തോടെ നിരന്ന് ഇരുന്നുകാറ്റുകൊള്ളുകയായിരുന്ന മൂന്നാല് കുടുംബങ്ങൾക്ക് മുന്നിൽ സർവേ സാമ്പിളുകൾ കൊടുത്തു. അവർ തീർത്തും നിസ്സംഗതയോടെ ഒന്നും പൂരിപ്പിക്കാതെ അവയെല്ലാം തിരച്ചുതന്നു. അപ്പോഴാണ് ഞങ്ങൾക്ക് കേരളത്തിൽ ജോലിക്കുവന്ന ഒരു ബംഗാളി കുടംബമാണ് അതെന്ന് മനസ്സിലായത്!

ഒരിടത്തല്ല മൂന്നാലിടത്ത് ഇങ്ങനെ അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങൾ കുടുങ്ങിയപ്പോൾ ഒരു കാര്യം മനസ്സിലായി. മലയാളികളെ കൂടുതൽ കിട്ടണമെങ്കിൽ വല്ല ഷോപ്പിങ് മാളുകളിലോ മറ്റ് ശീതീകരിച്ച ഇടങ്ങളിലോ നോക്കണം. കേരളത്തിയെ പൊതുഇടങ്ങൾ പോലും മലയാളി ഇല്ലാതാവുന്നുവെന്നത് സത്യമാണെന്ന് പുറത്ത് വത്തക്ക കച്ചവടയും ചെയ്യുന്ന ബീരാൻക്കയും പറഞ്ഞു. വിഷുവായതുകൊണ്ട് ജോലിയില്ലാതായ ബംഗാളി കുടംബങ്ങളാണ് കൂട്ടമായി മാനാഞ്ചിറയിലേക്ക് ഇറങ്ങിയത്.ബംഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സമയമാണിത്. പല തൊഴിലാളികൾക്കും തെരഞ്ഞെടുപ്പിൽ തന്നെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ വന്ന മമതാസർക്കാർ പാവങ്ങൾക്കായി ഒന്നും ചെയ്തില്‌ളെന്നും അവരിൽ ഭൂരിഭാഗം പറയുമ്പോഴും ഇനിയും മമതതന്നെ തുടരുമെന്ന് കരുതുന്നവരാണ് അവരിൽ ഏറെയും.

കിട്ടിയ ഷീറ്റുകളുമായി 'മലയാളി കുടംബങ്ങളെ തേടി' അടുത്തുള്ള ജ്യൂസ് കടയിൽ കയറിയപ്പോൾ അവിടെ ആരും രാഷ്ട്രീയം പോയിട്ട് പരസ്പരം മിണ്ടുന്നുപോലുമില്ല. കുത്തിചോദിച്ചാലേ ആരെങ്കിലും എന്തെങ്കിലും പറയൂ.പക്ഷേ സ്റ്റാർട്ടിങ്ങ് ട്രബിൾ കഴിഞ്ഞാൽ പിന്നെ വാചാലരാണ് കോഴിക്കോട്ടുകാർ. സിറ്റിങ്ങ് എംഎ‍ൽഎ എ.പ്രദീപ്കുമാറിന്റെ വികസന മാജിക്കുകളെ കുറിച്ച് ഏവർക്കും മതിപ്പാണ്.പക്ഷേ ആളുകളുടെ ഫോക്കസ് വികസനത്തിലല്ല അഴിമതിയിലാണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും.'ഈ സർക്കാർ ഒരു പാട് കാര്യങ്ങൾ ചെയ്തു.പക്ഷേ അതൊക്കെ അഴിമതിയിൽ മുങ്ങിപ്പോയിയെന്ന്' കോൺഗ്രസ് അനുഭാവികൾക്ക് പോലും സമ്മതിക്കേണ്ട അവസ്ഥ.

റാൻഡം സർവേ എടുത്തത് എങ്ങനെ?

മലയാളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങൾ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും നടത്തുന്ന അഭിപ്രായ സർവേകളിൽ എത്രപേർ പങ്കെടുക്കുന്നുവെന്ന ഒരു ചോദ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ അഭിപ്രായ സർവേയുടെ തുടക്കം.പരമാവധി അയ്യായിരത്തിൽ താഴെ ആളുകൾ എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.കഴിഞ്ഞ തവണ ഒരു ചാനൽ പുറത്തുവിട്ട സർവേയിൽ കേരളത്തിൽനിന്ന് മൊത്തം വെറും രണ്ടായിരത്തി നാനൂറ് ആളുകളാണ് പങ്കെടുത്തത്.

പക്ഷേ അതിൽ തെറ്റില്‌ളെന്നാണ് സർവേ സയൻസ് വ്യക്തമാക്കുന്നത്.ഒരു പാത്രത്തിലെ ചോറ് മുഴവൻ വെന്തോ എന്നറിയാൻ എല്ലാ വറ്റുമെടുത്ത് ഞെക്കിനോക്കേണ്ട കാര്യമില്ല, ഒന്നോ രണ്ടോ എണ്ണം പരിശോധിച്ചാൽ മതിയെന്നാണെല്ലോ സാമ്പിൾ സർവേയുടെ അടിസ്ഥാന തത്വം. പക്ഷേ നമ്മൾ എടുക്കുന്ന സാമ്പിളുകൾ കൃത്യമായിരിക്കണം. അങ്ങനെയാണെങ്കിലും മൂന്ന് ശതമാനംവരെ പിഴവ് എത് സർവേക്കും വരാ. ഈ ത്വത്വം ഈ സർവേക്കം ബാധകമാണ്.

അങ്ങനെ വരുമ്പോഴാണ് കാൽലക്ഷത്തിലധികം ജനങ്ങളോട് നേരിട്ട് സംവദിച്ച് ഒരു അഭിപ്രായ സർവേ എന്ന ആശയം ഉരുത്തിരിഞ്ഞത്. അതിനായി കേരളത്തിലെ 140 മണ്ഡലങ്ങളിലും നേരിട്ട് സഞ്ചരിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ ടീം ഏറ്റെടുത്തത്. പരോക്ഷമായി സർവേയിൽ അഭിപ്രായം പറഞ്ഞവരുടെ എണ്ണംകൂടി കണക്കിലെടുത്താൽ മൊത്തം സർവേയിൽ പങ്കെടുത്തവർ അരലക്ഷം കവിയും. അതുകൊണ്ടാണ് ഇത് കേരളംകണ്ട ഏറ്റവും വലിയ അഭിപ്രായ സർവേ ആവുന്നതും.

സത്യത്തിൽ സാമ്പിൾ സർവേയല്ല, വികസിത മുതലാളിത്ത രാജ്യങ്ങളിലൊക്കെയുള്ളപോലെ റാൻഡം സർവേയാണ് ഇവിടെ എടുക്കുന്നത്.ഒരു നിയോജക മണ്ഡലത്തിന്റെ എക്‌സാറ്റ് സാമ്പിൾ ആയി വരാവുന്ന ഒരു ജനസഞ്ചയത്തിൽനിന്ന് അഭിപ്രായം എടുക്കുകയെന്നതാണ് റാൻഡം സർവേ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മഞ്ചേരിയിലോ മലപ്പുറത്തോപോയി ഒരു സർവേ നടത്തി കേരളം ലീഗ് ഭരിക്കുമെന്ന് പറയുന്നതുപോലാവും മറിച്ച് സാമ്പിളെടുത്താൽ സംഭവിക്കുക. നഗരം,ഗ്രാമം,സ്ത്രീ, പുരുഷൻ, വിവിധ ഏജ് ഗ്രൂപ്പുകൾ, ജാതി ഗ്രൂപ്പുകൾ എന്നിങ്ങനെ വേർ തിരച്ച് സാമ്പിൾ സർവേ എടുക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. പക്ഷേ ഇപ്പോൾ കേരളത്തിൽ കണ്ടുവരുന്ന അനാവശ്യമായ ഒരു രീതി ആവർത്തിക്കപ്പെടരുതെന്നും ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.

നൂറായിരം ചോദ്യങ്ങൾ ചോദിച്ച് മറുപടി തരുന്നയാളെ കൺഫ്യൂഷനിലാക്കുകയും അതുവഴി പരസ്പര വൈരുധ്യമായ റിസൾട്ട് കിട്ടുകയും ചെയ്യന്ന രീതിയും ഇവിടെയുണ്ട്. മാത്രമല്ല സർവേ നടത്തുന്നവന്റെ ചായ് വ് അനുസരിച്ച് ചോദ്യങ്ങൾ ഉണ്ടാക്കി റിസൾട്ട് മാനുപിലേറ്റ് ചെയ്യാനും കഴിയും. ആ രീതി ഒഴിവാക്കി നേരിട്ട് ഒരേ ഒരു ചോദ്യമാണ് ജനങ്ങളോട് പ്രധാനമായും ചോദിച്ചത്. ഈ മണ്ഡലത്തിൽ നിങ്ങളുടെ വോട്ട് ആർക്കാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി, എൽ.ഡി.എഫ് സ്ഥാനാർത്ഥി, എൻ.ഡി.എ സ്ഥാനാർത്ഥി, മറ്റുള്ളവർ അല്ലെങ്കിൽ നോട്ട എന്നിങ്ങനെ നാല് ഓപ്ഷനുകളും ഉണ്ടാകും. വിമതരും മറ്റും പ്രമുഖർ വരുന്ന മണ്ഡലങ്ങളിൽ അവരും ഓപ്ഷനായി ഉണ്ടാകും.

സാമ്പിൾ എടുക്കാനായി മണ്ഡലം മൊത്തം അരിച്ചുപെറുക്കി കറങ്ങണ്ടേതില്ല എന്നാണ് ശാസ്ത്രവും. ഒരു പ്രത്യേക ലക്ഷ്യത്തിനല്ലാതെ തടിച്ചുകൂടുന്ന ഏതൊരു ആൾക്കുട്ടവും ആ നാടിന്റെ പരിഛേദം തന്നെയാണ്.അതായത് ഒരു ബസിലോ ട്രെയിനിലോ ഉള്ള യാത്രക്കാർ. അതിൽ എല്ലാ ജാതിക്കാരും എല്ലാ മതക്കാരും വ്യത്യസ്ത പാർട്ടിക്കാരും നിഷ്പക്ഷരും ഉണ്ടാവും. അതുപോലെ പൊതു ഇടങ്ങളായ പാർക്കിലും ബീച്ചിലും സിനിമാശാലകളിലുമൊക്കെ എത്തുന്നവർ, തെരുവിലും ഗ്രാമച്ചന്തകളിലുമൊക്കെ എത്തുന്നവർ, തുടങ്ങിയ ആൾക്കൂട്ടത്തിലാണ് സർവേ കേന്ദ്രീകരിച്ചത.വീട്ടമ്മാരുടെയും മറ്റും വിവിരം അറിയാൻ ഞങ്ങൾ വീടുകയറിയും സർവേ നടത്തി.

യാന്ത്രികമായി ഡാറ്റ കളക്റ്റ് ചെയ്യുക മാത്രമല്ല ചെയ്ത്. ഓരോപ്രദേശത്തെയും പ്രമുഖ രാഷ്ട്രീയ നേതാക്കൾ,സാംസ്കാരിക പ്രവർത്തകൾർ,മാദ്ധ്യമ പ്രവർത്തകർ എന്നിവരുമായി ആശയ വിനമയവും നടത്തി. മണ്ഡലത്തിന്റെ പൊതുസ്വഭാവവും രാഷ്ട്രീയ ചായ്വുകളും അടിയൊഴുക്കുകളും പലപ്പോഴം നിർണ്ണയകമാണെല്ലോ. ഇതെല്ലാം പരിഗണിച്ചാണ് അന്തിമ ഫലം തയ്യാറാക്കിയത്.

അതിനുപുറമെ സാധാരണ അഭിപ്രായ സർവേകളുടെ മോഡലിൽ വിശദമായ ചോദ്യാവലിയും ഞങ്ങൾ തയാറക്കിയിരുന്നു.അതിന്റെ പൂർണവിരങ്ങൾ ഈ സർവേയുടെ അവസാനത്തിലാണ് പുറത്തുവിടുക.

അഴിമതി മുഖ്യവിഷയം

കാർഷിക വിലത്തകർച്ചയും വികസന മുരടിപ്പുകൊണ്ടും കടുത്ത വരൾച്ചകൊണ്ടും ദുരിതത്തിലായ വയനാട്ടിൽ ഞങ്ങളത്തെിയപ്പോൾ അത്തരം വിഷയങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും ഈ ജില്ലയിലെ ഏറ്റവുംവലിയ തെരഞ്ഞെടുപ്പ് പ്രശ്‌നമായി വരികയെന്നാണ് കരുതിയത്. പക്ഷേ അവിടെയും പതിവുപോലെ അഴിമതിയായിരുന്നു. യു.ഡി.എഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെ. പക്ഷേ നോക്കുക, ഉമ്മൻ ചാണ്ടി സർക്കർ വികസനം കൊണ്ടുവന്നു എന്നുതന്നെയാണ്, ഇടതുപക്ഷത്തിന് രാഷ്ട്രീയമായി നല്ല മേൽക്കെയുള്ള മലബാറിലെ ജനങ്ങൾപോലും വിശ്വസിക്കുന്നത്.

സർവേയിൽ പങ്കെടത്ത45 ശതമാനംപേരും യു.ഡി.എഫ് സർക്കാർ വികസനം കൊണ്ടുവന്നുവെന്ന് വിശ്വസിക്കുന്നു. 35 ശതമാനംപേർ മാത്രമാണ് കേരളത്തിൽ വികസന മുരടിപ്പുണ്ടായി എന്ന് ചിന്തിക്കുന്നുത്.പക്ഷേ ഈ സൂചകം അഴിമതി വിഷയത്തിൽ എത്തുമ്പോൾ മാറിമറിയുന്നു. സർവേയിൽ ഉപചോദ്യങ്ങളോട് പ്രതികരിച്ച 70 ശതമാനംപേരും ഈ സർക്കാറിൽ അഴിമതിയുണ്ടെന്ന് വിശ്വസിക്കുന്നു. യു.ഡി.എഫിന് കിട്ടുന്ന വോട്ട് ഷെയറിനേക്കാൾ കൂടുതലാണ് ഈ ശതമാനം എന്നതിനാൽ യു.ഡി.എഫിന് വോട്ടുചെയ്യുന്നവർ പോലും ഈ സർക്കാർ അഴിമതി നിറഞ്ഞതാണെന്ന് മനസ്സിലാക്കുന്നുവെന്നാണ് കരുതേണ്ടത്.

മദ്യനയം വോട്ടാകുന്നില്ല

യു.ഡി.എഫ് സർക്കാറിന്റെ മദ്യനയത്തെ എല്ലാവരും പ്രകീർത്തിക്കുമ്പോഴും അത് വോട്ടാകുന്നില്‌ളെന്നാണ് മലബാറിലെ സർവേയിൽ കാണുന്നത്. മദ്യനിരോധത്തെക്കാൾ ജനം അനുകൂലിക്കുന്നത് മദ്യ വർജനത്തെയാണ്. മാത്രമല്ല വീടുകൾ ബാറാകുന്ന വലിയ വിപത്തുകൂടി കാണാതെ പോകരുതെന്ന് വീട്ടമ്മമാർ ഉൾപ്പെടെയുള്ള പലരും അഭിപ്രായപ്പെടുകയും ചെയ്തു.

ഇടതിന് തിരച്ചടി അക്രമരാഷ്ട്രീയത്തിൽ

ഇടതുപക്ഷത്തിന്റെ വലിയ കോട്ടകളായ പയ്യന്നുർ,കല്യാശ്ശേരി മണ്ഡലങ്ങളിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വോട്ടർമാർ പോലും അക്രമ രാഷ്ട്രീയമാണ് സിപിഐ.എമ്മിനും ഇടതുമുന്നണിക്കും ഏറ്റവും വലിയ തിരച്ചടിയാവുന്നതെന്ന് അഭിപ്രായപ്പെട്ടു. ടി.പി ചന്ദ്രശേഖരൻ വെട്ടേറ്റ് മരിച്ച വടകരയിലൊക്കെ ഈ വികാരം ശക്തമായി സർവേയിൽ പ്രതിഫലിക്കയുണ്ടായി. അതേസമയം ഇടതുപക്ഷത്ത് അഴിമതി കുറവാണെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്.

നേട്ടമുണ്ടാക്കാൻ ബിജെപി-ബിഡിജെഎസ് സഖ്യം

മഞ്ചേശ്വരം , കാസർകോട് തുടങ്ങിയ പ്രദേശങ്ങളിൽ കടുത്ത സാമുദായി ധ്രുവീകരണവും സർവേ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മഞ്ചേശ്വരത്തെ ഹിന്ദു ഭൂരിപക്ഷമായ കന്നഡ ഗ്രാമങ്ങൾ കാവിക്കൊടിക്ക് കീഴിൽ അണിനിരക്കുമ്പോൾ, മുസ്ലീ ഭൂരിപക്ഷ പഞ്ചായത്തുകൾ ഒന്നടങ്കം ലീഗിനൊപ്പവും നിൽക്കുന്നു. കാസർകോട് നഗരത്തിലടക്കം ഈ ധ്രുവീകരണം പ്രകടമാണ്. സർവേ സംഘത്തിന്റെ ജാതിപോലും ചോദിച്ചാണ് ഇവിടെ ഒരു വീട്ടിലേക്ക് കയറ്റിയത്. കേരളവും അതിഭീകരമായി മാറുകയാണെന്ന് ചുരുക്കം.

വെള്ളാപ്പള്ളിയുടെ ബിഡിജെസുമായുള്ള കൂട്ടുകെട്ടും ബിജെപിക്ക് വോട്ടായി മാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചരണത്തിൽ നിറയ്ക്കുന്ന ബിജെപിക്ക് നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാനാകുമെന്ന് തന്നെയാണ് സർവ്വേ നൽകുന്ന സൂചന.

സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ മേന്മ നിർണ്ണായകം

20 ശതമാനത്തിലേറെ വോട്ടുകൾ സ്ഥാനാർത്ഥിയെ നോക്കിയാണ് വീഴുകയെന്ന്ഈ സർവേയിൽ പങ്കെടുത്തർ വ്യക്തമാക്കുന്നു.മുന്നണി രാഷ്ട്രീയത്തിൽ ഒട്ടും മോശമല്ല ആ വോട്ടുകൾ. കൽപ്പറ്റയിൽ ശശീന്ദ്രൻ എന്ന ചെരുപ്പുപോലും ഇടാത്ത സാധാരണക്കാരനായ സിപിഐ.എം നേതാവ് ഉണ്ടാക്കിയ ഓളം അമ്പരപ്പിക്കുന്നതാണ്. ഇവിടെ ശശീന്ദ്രൻ അല്ലായിരുന്നെങ്കിൽ എൽ.ഡി.എഫ് ഒന്നുമാകില്ലെന്നാണ് ജനം പറയുന്നത്. അതുപോലെതന്നെ കെ.സുധാകരന്റെ സ്ഥാനാർത്ഥിത്വം ഉദുമയെന്ന ഇടതു മണ്ഡലത്തെയും കടുത്ത മൽസരത്തിലാക്കി.

അഴീക്കോട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നികേഷ് കുമാർ 'പറന്നുനടന്ന് 'വോട്ടുപിടക്കുന്ന കാഴ്ചയാണ് ഈ സംഘത്തിന് കാണാൻ കഴിഞ്ഞത്. സർവേസംഘം എത്തുന്ന ഒരു നട്ടുച്ചക്ക് പാപ്പിനശ്ശേരി പഞ്ചായത്തിലെ വീടുകളിൽ കയറിയിറങ്ങുന്ന നികേഷിന്, ഒരു സിനിമാതാരത്തെപോലുള്ള സ്വീകരണമാണ് ലഭിക്കുന്നത്.ഒപ്പംനിന്ന് സെൽഫിയെടുക്കാനുമറ്റുമായി യുവാക്കാളുടെയും യുവതികളുടെയും പട. നികേഷിനുകിട്ടുന്ന വ്യക്തിപരമായ വോട്ടുകൾ തന്നെയാണ് ഈ മണ്ഡലത്തിൽ നിർണ്ണയകമാവുകയെന്ന് സർവേ പറയുന്നു.

അതുപോലെ തന്നെ പ്രധാനമാണ് നെഗറ്റീവ് വോട്ടുകളും.ഇരിക്കുരിൽ ഇറങ്ങിയ സർവേ സംഘത്തെ സ്വാഗതം ചെയ്തതുതന്നെ ഒരു വലിയ ഫ്‌ളക്‌സ് ബോർഡാണ്.'ഞങ്ങളുടെ മുത്തഛൻ കെ.സി ജോസഫിന് വോട്ട്‌ചെയതു, അഛനും ചെയ്തു, ഞാനും ചെയ്തു, ഇനി ഞങ്ങളുടെ മക്കളും കെ.സിക്ക് വോട്ട് ചെയ്യണമോ'ഈ ബോർഡിന്റെ അന്തസത്തപോലെയാണ് സർവേ ഫലംവും വന്നത്.