പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ എട്ടുമണിയോടെ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ എട്ടരയോടെ ലഭ്യമാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണൽ. ബിഹാറിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും ഇന്ന് അറിയും. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കോൺഗ്രസും ബിജെപി.യും നേർക്കുനേർ 43 സീറ്റുകളിൽ മത്സരിച്ചിരുന്നു. ഇതിൽ മധ്യപ്രദേശിലെ ഫലം അതിനിർണ്ണായകമാണ്.

243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുൻതൂക്കം പ്രവചിക്കുന്നു. 1967-ൽ 29-ാം വയസ്സിൽ പോണ്ടിച്ചേരിയുടെ മുഖ്യമന്ത്രിയായ എം.ഒ.എച്ച് ഫാറൂഖിന് പിന്നാലെ 31-ാം വയസ്സിൽ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോയെന്നതിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് സൂചന.

55 കേന്ദ്രങ്ങളിൽ 414 ഹാളുകൾ വോട്ടെണ്ണലിന് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസായുധ സേന, ബിഹാർ മിലിട്ടറി പൊലീസ്, ബിഹാർ പൊലീസ് എന്നിവരാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും പ്രശ്‌നസാധ്യതാ പ്രദേശങ്ങൾക്കും വലയം തീർത്തിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറിൽ വിന്യസിച്ചിട്ടുണ്ട്.

ഫലമറിഞ്ഞശേഷമുള്ള രാഷ്ട്രീയ സാഹചര്യം കൈകാര്യംചെയ്യാൻ മുൻ കേന്ദ്ര മന്ത്രി സുബോധ് കാന്ത് സഹായ്, ജാർഖണ്ഡ് മന്ത്രി ബന്ന ഗുപ്ത, രാജസ്ഥാൻ മന്ത്രിമാരായ രാജേന്ദ്ര യാദവ്, രഘുശർമ എന്നിവരെ കോൺഗ്രസ് നേതൃത്വം പട്‌നയിലേക്ക് നിയോഗിച്ചു.

28 സീറ്റുകളിലേക്ക് നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ് നടന്നത്. കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച് ജ്യോതിരാദിത്യ സിന്ധ്യ 26 എം. എൽ.എ.മാരുമായി കോൺഗ്രസിൽനിന്ന് ബിജെപി.യിലേക്ക് ചാടിയതാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. സിന്ധ്യയുടെ തട്ടകമായ ഗ്വാളിയർ-ചമ്പൽ മേഖലയിൽ അദ്ദേഹത്തിന്റെ അനുയായികളായ 16 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനും ബിജെപി. നേതാവും കേന്ദ്രമന്ത്രിയുമായ നരേന്ദ്രസിങ് തോമറിനുംകൂടി സ്വാധീനമുള്ള പ്രദേശമാണിവിടം. മധ്യപ്രദേശിൽ ഭരണം നിലനിർത്താൻ ബിജെപിക്ക് 9 സീറ്റിൽ ജയിക്കണം.

ഉത്തർപ്രദേശിലെ ഏഴുസീറ്റുകളിലെ ജയം ബിജെപി.ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമാണ് നിർണായകം. 2017-ൽ ഏഴിൽ ആറിലും വൻഭൂരിപക്ഷത്തോടെയാണ് ബിജെപി. വിജയിച്ചത്. അതും ദശകത്തോളം വിജയം കിട്ടാതിരുന്നവയായിരുന്നു ഇതിൽ മിക്കതും. മുഖ്യമന്ത്രി താക്കൂർ ജാതിക്കാർക്ക് അനുകൂലമായി പ്രവർത്തിക്കുന്നെന്ന പാർട്ടിക്കകത്തും പുറത്തുമുള്ള വിമർശനത്തിന്റെ മുനയൊടിക്കാൻ യോഗിക്ക് എല്ലാ സീറ്റിലെയും വിജയം അനിവാര്യം. ആകെ 403 സീറ്റുകളാണുള്ളത്. ബിജെപിക്ക് നിലവില്ഡ 312 സീറ്റുകളുണ്ട്. അതിനാൽ തന്നെ ഫലം ഭരണത്തെ ബാധിക്കില്ല.

ജൂണിൽ രാജ്യസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ കോൺഗ്രസിൽനിന്ന് കൂറുമാറി ബിജെപി.യിലെത്തി രാജിവെച്ച എട്ടംഗങ്ങളുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. 182 സീറ്റാണ് ആകെയുള്ളത്. നിലവിൽ ബിജെപിക്ക് 105 അംഗങ്ങളുണ്ട്. നിലവിൽ കേവലഭൂരിപക്ഷമുള്ളതിനാൽ വിജയ് രൂപാണി സർക്കാരിനെ ഫലം ബാധിക്കില്ല