- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുതാഴം പഞ്ചായത്ത് ഒന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവിന്റെ സ്‌കൂട്ടർ കത്തിച്ചത് വരാനിരിക്കുന്ന സംഘർഷത്തിന്റെ സൂചക; പിപിഇ കിറ്റ് ധരിച്ച് കൊറോണക്കാലത്ത് അട്ടിമറിക്ക് ആളെത്തുമെന്നും ആശങ്ക; കണ്ണൂരിൽ കേന്ദ്ര സേനയെ വേണമെന്ന് കോൺഗ്രസും ബിജെപിയും; പറ്റില്ലെന്ന് സിപിഎമ്മും; കണ്ണൂർ പുകയുന്നുവോ ?
കണ്ണൂർ: പിപിഇ കിറ്റ് ധരിച്ച് കൊറോണക്കാലത്ത് വോട്ട് ചെയ്യാം. എങ്ങനേയും ജയം ലക്ഷ്യമിടുന്നവർ എന്തിനും മുന്നിൽ നിൽക്കും. അതുകൊണ്ട് തന്നെ അടുത്ത മാസത്തെ തദ്ദേശത്തിൽ അട്ടിമറി ഭീതിയും സജീവമാണ്. കണ്ണൂരിൽ എന്തും സംഭവിക്കാമെന്ന് കോൺഗ്രസും ബിജെപിയും പറയുന്നു. അതുകൊണ്ടു ബൂത്തുപിടിത്തവും അക്രമവുമുണ്ടായേക്കുമെന്ന് ആരോപിച്ച്, കണ്ണൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിനു കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യവുമായി കോൺഗ്രസും ബിജെപിയും രംഗത്ത് വരികയാണ്. ഇതിനെ സിപിഎം എതിർക്കുന്നു.
കേന്ദ്രസേന വരേണ്ട സാഹചര്യം ഇല്ലെന്നാണ് സിപിഎം നിലപാട്. എന്നാൽ സ്ഥിതി കൈവിട്ടു പോകുന്ന അവസ്ഥയിലാണെന്ന് കോൺഗ്രസ് പറയുന്നു. പത്രികാ സമർപ്പണം പോലും അട്ടിമറിക്കാൻ ശ്രമം നടന്നു. ജില്ലയുടെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ നടക്കുന്നുണ്ട്. ചില സ്ഥാനാർത്ഥികൾക്കു നേരെ കയ്യേറ്റശ്രമമുണ്ടായി. ചെറുതാഴം പഞ്ചായത്ത് ഒന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവിന്റെ സ്‌കൂട്ടർ കത്തിച്ചിരുന്നു. ജില്ലയിൽ ആയിരത്തിലധികം പ്രശ്‌നബാധിത ബൂത്തുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം വിമർശനവുമായി എത്തുന്നത്. സിപിഎം ഭരിക്കുമ്പോൾ ബൂത്തുകളിൽ പൊലീസിന്റെ സംരക്ഷണം ലഭിക്കില്ലെന്നു കോൺഗ്രസും ബിജെപിയും ആരോപിക്കുന്നു. 15 വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചതിന്റെ ജാള്യം മറയ്ക്കാനാണീ ആവശ്യമെന്നു സിപിഎം പറയുന്നു. കണ്ണൂരിൽ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് നിലപാട്. പ്രശ്‌നബാധിത ബൂത്തുകളെക്കുറിച്ചു പൊലീസ് പ്രാഥമികമായി കണക്കെടുപ്പു നടത്തിയിട്ടുണ്ട്. കലക്ടറുമായിക്കൂടി ചർച്ച നടത്തുമെന്ന് എസ് പി യതീഷ് ചന്ദ്രയും അറിയിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലാണു സംസ്ഥാനങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കാറുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കേന്ദ്രസേനയെ വിളിച്ചിട്ടില്ലെന്നതാണ് വസ്തുത. പ്രശ്‌നബാധിത ബൂത്തുകളിൽ പ്രത്യേക സംരക്ഷണം നൽകുന്നതിനപ്പുറം അവർക്ക് റോളുകൾ ഉണ്ടാകില്ല. എന്നാൽ ഇത്തവണ അതു പോരെന്നാണ് കോൺഗ്രസിന്റേയും ബിജെപിയുടേയും ആവശ്യം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാകും ഇക്കാര്യത്തിൽ നിർണ്ണായകം.
കണ്ണൂരിൽ തദ്ദേശ തിരഞ്ഞെടുപ്പ് സിപിഎമ്മിന്റെ അക്രമമില്ലാതെ സുഗമമായി നടക്കണമെങ്കിൽ കേന്ദ്രസേന വരണമെന്ന് കോൺഗ്രസ് പറയുന്നു. വരാനിരിക്കുന്ന അക്രമത്തിന്റെ സൂചന സിപിഎം പലയിടത്തും നൽകുന്നുണ്ടെന്ന് ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി ആരോപിച്ചിട്ടുണ്ട്. കേന്ദ്ര സേനയുടെ ആവശ്യം കണ്ണൂരിലില്ലെന്നാണ് സിപിഎം നിലപാട്.
പുകമറ സൃഷ്ടിക്കാനാണു കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമം എന്ന് സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ പറയുന്നു. പത്രിക സമർപ്പിച്ചവരെയും പിന്താങ്ങിയവരെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ സിപിഎം ശ്രമിച്ചുവെന്ന് ബിജെപിയും ആരോപിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ