തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണു നാളെ വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണു പോളിങ് സമയം. വൈകിട്ട് അഞ്ചു മുതൽ ഒരു മണിക്കൂർ കോവിഡ് പോസിറ്റീവായവർക്കു വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും. പോളിങ്ങിന്റെ രണ്ടാം ഘട്ടമായ പത്തിനു കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും മൂന്നാം ഘട്ടമായ 14-നു കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ 16-ന്.

ത്രിതല പഞ്ചായത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റുമുള്ള മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപോയിഗിക്കുക. ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിൽ ഓരോ വോട്ട് എന്ന രീതിയിൽ ആകെ മൂന്നു വോട്ടുകൾ രേഖപ്പെടുത്തണം. കോർപറേഷനിലും മുനിസിപ്പാലിറ്റികളിലും സിംഗിൾ യൂണിറ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമാണ് ഒരുക്കിയിരിക്കുന്നത്.

പോളിങ് ബൂത്തിൽ പ്രവേശിക്കുന്ന സമ്മതിദായകരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ മറ്റു വിവരങ്ങളും ഒന്നാം പോളിങ് ഓഫിസർ പരിശോധിക്കും. രണ്ടാം പോളിങ് ഓഫിസർ വോട്ടറുടെ കൈവിരലിൽ മഷി അടയാളം പതിപ്പിക്കുകയും രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ പതിപ്പിക്കുകയും ചെയ്യും. ഇവിടെ നിന്ന് വോട്ട് ചെയ്യുന്നതിനുള്ള ഒരു സ്ലിപ്പ് സമ്മതിദായകനു നൽകും.

പഞ്ചായത്ത് - ഒരുമിച്ച് മൂന്ന് വോട്ട്

ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിൽ ഓരോ വോട്ട് എന്ന രീതിയിൽ ആകെ മൂന്നു വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സ്ലിപ്പുമായി വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പോളിങ് ഓഫിസറുടെ അടുത്തെത്തി സ്ലിപ്പ് അദ്ദേഹത്തെ ഏൽപ്പിക്കണം. തുടർന്ന് പോളിങ് ഓഫിസർ സമ്മതിദായകന് വോട്ട് ചെയ്യുന്നതിനായി കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിനു സജ്ജമാക്കും. പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റുകളുണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടുകൾ ചെയ്യാനുള്ളവയാണിവ. വോട്ട് ചെയ്യാൻ ഉദ്യേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനു നേരെയുള്ള ബട്ടണിൽ വിരൽ അമർത്തി വോട്ട് രേഖപ്പെടുത്തണം.

ഓരോ ബാലറ്റ് യൂണിറ്റിന്റെയും മുകളിൽ ഇടതുവശത്തായി പച്ച നിറത്തിലുള്ള ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതു കാണാം. ഇത് വോട്ട് രേഖപ്പെടുത്താൻ ബാലറ്റ് യൂണിറ്റ് സജ്ജമാണെന്നു കാണിക്കുന്നതാണ്. ഈ സമയം ബീപ് ശബ്ദം കേൾക്കുകയും സ്ഥാനാർത്ഥിയുടെ ചിഹ്നത്തിനു നേർക്കു ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും. ശബ്ദം കേൾക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്താൽ സമ്മതിദായകന്റെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാക്കാം.

ബ്ലോക്ക് പഞ്ചായത്തിൽ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിൽ ഇളം നീല നിറത്തിലുമുള്ള ലേബലുകളാണ് പതിച്ചിരിക്കുക. വോട്ട് രേഖപ്പെടുത്താൻ താത്പര്യമില്ലെങ്കിൽ ബാലറ്റ് യൂണിറ്റിന്റെ അവസാനത്തെ ബട്ടണായ എൻഡ് (END) ബട്ടൺ അമർത്തി വോട്ടിങ് പൂർത്തിയാക്കാം.

കോർപ്പറേഷനിലും നഗരസഭയിലും ഒരു വോട്ട്

ത്രിതല പഞ്ചായത്തുകളിലെ അതേ നടപടിക്രമങ്ങളായിരിക്കുമെങ്കിലും ബാലറ്റ് യൂണിറ്റ് ഒരെണ്ണം മാത്രമേ ഉണ്ടാകൂ. രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ നൽകുന്ന സ്ലിപ്പുമായി കൺട്രോൾ യൂണിറ്റിന്റെ ചുമതലുള്ള പോളിങ് ഓഫിസറെ സമീപിച്ച് സ്ലിപ്പ് അദ്ദേഹത്തിനു നൽകിയ ശേഷം വോട്ട് ചെയ്യാൻ കംപാർട്ട്‌മെന്റിലേക്കു നീങ്ങണം. ഇഷ്ടമുള്ള സ്ഥാനാർത്ഥിയുടെ ചിഹ്നത്തിനു നേർക്കുള്ള ബട്ടൺ അമർത്തിക്കഴിയുമ്പോൾ സ്ഥാനാർത്ഥിയുടെ പേരിനു നേർക്കുള്ള ചുവപ്പ് ലൈറ്റ് പ്രകാശിക്കുകയും ഒരു നീണ്ട ബീപ് ശബ്ദം കേൾക്കുകയും ചെയ്യും.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ആൾക്കൂട്ട പ്രചാരണങ്ങളില്ലാതെയായിരുന്നു ഇക്കുറി വോട്ടഭ്യർഥന. സാമൂഹിക മാധ്യമങ്ങൾ പ്രധാന പ്രചാരണവേദികളായി. പരസ്യപ്രചാരണത്തിനു വിരാമമിടുന്ന ആഘോഷമായ കൊട്ടിക്കലാശം ഉണ്ടായില്ലെങ്കിലും കവലകൾ കേന്ദ്രീകരിച്ച് വലിയ ആരവമില്ലാതെ പ്രചാരണ പരിപാടികൾ നടത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ പകിട്ടു കുറഞ്ഞെങ്കിലും വോട്ടർമാരുടെ ആവേശം ചോരില്ലെന്നാണു സ്ഥാനാർത്ഥികളുടെയും മുന്നണികളുടെയും പ്രതീക്ഷ.

അഞ്ചു ജില്ലകളിൽ മത്സരിക്കുന്നത് 24,584 സ്ഥാനാർത്ഥികൾ

അഞ്ചു ജില്ലകളിലായി 24,584 സ്ഥാനാർത്ഥികളാണു മത്സരിക്കുന്നത്. ആകെ 88,26,620 വോട്ടർമാർ; 41,58,341 പുരുഷന്മാരും 46,68,209 സ്ത്രീകളും 70 ട്രാൻസ്ജെൻഡർമാരും. തിരുവനന്തപുരത്താണു വോട്ടർമാർ കൂടുതൽ, കുറവ് ഇടുക്കിയിൽ. അഞ്ചിടത്തുമായി 11,225 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 56,122 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ അഴിമതിയും രഹസ്യ രാഷ്ട്രീയ കൂട്ടുകെട്ടുകളുമായിരുന്നു ആരോപണവിഷയങ്ങൾ. പ്രതിപക്ഷനേതാവ് ഉടൻ ജയിലിലേക്കു പോകുമെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിയുൾപ്പെടെ മുതിർന്ന ഇടതു നേതാക്കൾ അഴിമതിക്കേസിൽ കുടുങ്ങുമെന്നു കോൺഗ്രസ് തിരിച്ചടിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ച് ജയിലിലാകുമെന്നായിരുന്നു ബിജെപി. നേതാവ് പി.കെ. കൃഷ്ണദാസിന്റെ പ്രതികരണം.