കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളുടെ സംവരണം പുനഃക്രമീകരിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സംവരണക്രമം മാറ്റേണ്ടതില്ലെന്നാണ് ഉത്തരവ്. ഇതോടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം എല്ലാം മാറി.

തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവ്. തുടർച്ചയായി സംവരണം ചെയ്യപ്പെട്ട അധ്യക്ഷ പദവി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സംവരണം നിശ്ചയിക്കുന്നത്. തിരഞ്ഞെടുപ്പ് തുടങ്ങിയ ശേഷമുള്ള ഇടപെടൽ ശരിയായില്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ വിശദീകരണം.

ഹർജിയിൽ പറഞ്ഞിരിക്കുന്ന തുടർച്ചയായി സംവരണമെന്ന ആരോപണം വീണ്ടും പരിശോധിക്കാവുന്നതാണെന്നും കോടതി അറിയിച്ചിട്ടുണ്ട്.