തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ എട്ട് മണിക്ക് തുടങ്ങും. എല്ലാ മുന്നണികളും പ്രതീക്ഷയിലാണ്. സ്വർണ്ണ കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ എന്തു സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. തദ്ദേശത്തിൽ മിക്കവാറും ഇടത് മേൽകൈയാണ് ഉണ്ടാകാറുള്ളത്. അത് തിരുത്തുമോ ഈ തിരഞ്ഞെടുപ്പ് എന്ന ചോദ്യമാണ് ഉയരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ഉള്ളതിനാൽ ഫലം ഏറെ നിർണ്ണായകമാണ്.

ആകെ ചെയ്ത വോട്ടിൽ 37.36 ശതമാനവും സ്വന്തമാക്കിയാണ് 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നിലെത്തിയത്. അന്ന് നഗരഗ്രാമ വ്യത്യാസമില്ലാതെ ഇടതുമുന്നണിക്കായിരുന്നു മുൻതൂക്കം. 37.23% വോട്ട് നേടിയെങ്കിലും യുഡിഎഫിന്റെ സീറ്റുകളിൽ അത് പ്രതിഫലിച്ചില്ല. മുന്നണിക്കു കനത്ത തിരിച്ചടി നേരിട്ടപ്പോൾ, ഇടതിനെയും വലതിനെയും ഒരുപോലെ ഞെട്ടിച്ചായിരുന്നു ബിജെപിയുടെ മുന്നേറ്റം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമി ഫൈനൽ എന്നാണ് അന്ന് തദ്ദേശ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. ഇത്തവണയും അത് തന്നെയാണ് സ്ഥിതി. രാവിലെ പതിനൊന്ന് മണിയോടെ ഏകദേശ രൂപം കിട്ടുമെന്നാണ് വിലയിരുത്തൽ.

വോട്ടെണ്ണൽ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. കൗണ്ടിങ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്റുമാർക്ക് മാത്രമാണ് കൗണ്ടിങ് ഹാളിൽ പ്രവേശിക്കാൻ അനുമതി. സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷൻ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാൾക്കും കൗണ്ടിങ് ഹാളിൽ പ്രവേശനം അനുവദിക്കും. കൗണ്ടിങ് ഓഫീസർമാർ കൈയുറയും മാസ്‌കും ഫേസ് ഷീൽഡും ധരിച്ചാണ് ഹാളിൽ പ്രവേശിക്കുക. കൗണ്ടിങ് ഹാളിൽ എത്തുന്ന സ്ഥാനാർത്ഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം.

കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത സ്‌പെഷ്യൽ തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുക.

പരമാവധി എട്ട് പോളിങ് സ്റ്റേഷനുകൾക്ക് ഒരു മേശ എന്ന രീതിയിൽ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിങ് മേശകൾ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപ്പഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിങ് ഹാൾ ഉണ്ടാകും. വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്ട്രോങ്റൂമിൽ നിന്നും കൺട്രോൾ യൂണിറ്റുകൾ എത്തിക്കുക.

ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു മേശയിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർവൈസറും രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിങ് സൂപ്പർവൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാകും. റിട്ടേണിങ് ഓഫീസർക്കായി പ്രത്യേകം ടേബിൾ ക്രമീകരിച്ചിരിക്കും. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് റിട്ടേണിങ് ഓഫീസറുടെ ടേബിളിൽ ആയിരിക്കും. ഇവ എണ്ണി തീർന്നശേഷം ഇ.വി എം കൺട്രോൾ യൂണിറ്റുകൾ കൗണ്ടിങ് ടേബിളിൽ എത്തിക്കും. ബാലറ്റ് യൂണിറ്റുകൾ കൗണ്ടിങ് ടേബിളിൽ കൊണ്ടുവരില്ല.

വാർഡിലെ എല്ലാ വോട്ടിങ് മെഷീനുകളിലേയും വോട്ടെണ്ണൽ കഴിഞ്ഞശേഷം അന്തിമ ഫലം തയ്യാറാക്കും. റിസൾട്ട് ഷീറ്റ് ഏജന്റ്മാർ ഒപ്പിട്ട് നൽകണം. വിജയിച്ച സ്ഥാനാർത്ഥിക്ക് ഉടൻതന്നെ റിട്ടേണിങ് ഓഫീസർ തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ്' നൽകും.