കൊച്ചി: കളമശേരി 37ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം. ഇടതു സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ ആണ് ജയിച്ചത്. 64 വോട്ടുകൾക്കാണ് റഫീക്കിന്റെ വിജയം. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് മുസ്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

മുസ് ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് വിമതൻ മൽസരിച്ചതാണ് യു.ഡി.എഫിന് തിരിച്ചടിയായത്. അഞ്ചു സ്ഥാനാർത്ഥികൾ മൽസര രംഗത്തുണ്ടായിരുന്നതും വോട്ട് ഭിന്നിക്കാൻ ഇടയാക്കി. എൽ.ഡി.എഫിന് 20ഉം യു.ഡി.എഫിന് 21ഉം ആണ് കക്ഷിനില. ഭരണമാറ്റത്തിന് നിലവിൽ സാധ്യതയില്ല. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 74. 52 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

യുഡിഎഫിനായി മുസ്ലിം ലീഗ് സ്ഥാനാർത്ഥി സമീലാണ് മത്സരിച്ചത്. അദ്ദേഹത്തിന് 244 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് വിമതനായി മത്സരിച്ച ഷിബു സിദ്ദിഖ് 207 വോട്ടുകൾ പിടിച്ചത് നിർണായകമായി. ഇതോടെ 21 സീറ്റുകളിൽ യുഡിഎഫും 20 സീറ്റുകളിൽ എൽഡിഎഫും എന്ന നിലയിലായി നഗരസഭയിലെ ബലാബലം. കളമശേരി നഗരസഭാ ഭരണത്തെ സ്വാധീനിക്കുന്ന ഫലമാണ് റഫീഖ് മരയ്ക്കാറുടെ അട്ടിമറി വിജയത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

ഇപ്പോൾ വിട്ടുനിൽക്കുന്ന വിമതർ തങ്ങൾക്കൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അങ്ങനെ സംഭവിച്ചാൽ ഭരണം പിടിക്കാമെന്ന ആത്മവിശ്വാസവും എൽഡിഎഫിനുണ്ട്. നിലവിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിനാണ് ഇവിടെ ഭരണം ലഭിച്ചത്. തൃശൂർ കോർപറേഷൻ പുല്ലഴി വാർഡിൽ യു.ഡി.എഫിന് അട്ടിമറി വിജയം കിട്ടി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. രാമനാഥൻ 1009 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽ.ഡി.എഫ് സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. തൃശൂർ കോർപ്പറേഷനിലും അംഗബലം തതുല്യമായി. ഇതോടെ ഭരണം പിടിക്കാമെന്ന പ്രതീക്ഷ യുഡിഎഫിന് കൈവരികയാണ്.

കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്ത് താത്തൂർ പൊയിൽ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചു. കെ.സി. വസന്തി 27 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൊല്ലം പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് വാർഡിൽ യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി നൗഫൽ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.