കണ്ണൂർ: ഇരട്ട വോട്ടിനും വ്യാജന്മാർക്കും പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പുതിയ ആരോപണവുമായി കോൺഗ്രസ്. കണ്ണൂരിലെ അട്ടിമറി സാധ്യതകൾ തുറന്നു കാട്ടുകയാണ് കെ സുധാകരൻ എംപി. അതിഗുരതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഒരു മാനദണ്ഡവും പാലിക്കാതെയാണ് തപാൽ വോട്ടെടുപ്പ് നടത്തുന്നത്. ഒരു സുരക്ഷയുമില്ലാതെ പ്ലാസ്റ്റിക് സഞ്ചിയിലാണ് ബാലറ്റുകൾ സൂക്ഷിക്കുന്നത്. പേരാവൂരിൽ സിപിഎം പ്രവർത്തകരും പോളിങ് ഉദ്യോഗസ്ഥരും ചേർന്ന് തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നും സുധാകരൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് ജോലിയുടെ ഉയർന്ന തസ്തികകളിൽ നിയോഗിച്ചവരിൽ 95 ശതമാനവും ഇടതുപക്ഷ യൂണിയനിൽ പെട്ടവരാണെന്ന് സുധാകരൻ ആരോപിച്ചു. ബോധപൂർവ്വം ചെയ്തതാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആധിപത്യമുള്ള ആന്തൂർ, കല്യാശ്ശേരി തുടങ്ങിയ ഇടങ്ങളിൽ വനിതാ ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ചിരിക്കുന്നു. പുരുഷ ഉദ്യോഗസ്ഥരില്ല. വനിതാ ഉദ്യോഗസ്ഥരാകുമ്പോൾ എളുപ്പത്തിൽ അവരെ ഭീഷണിപ്പെടുത്തി നിർത്താമെന്നും സുധാകരൻ പറഞ്ഞു.

എന്തൊക്കെ പറഞ്ഞാലും സ്ത്രീ സ്ത്രീ തന്നെയാണ്. അവർക്ക് എത്രത്തോളം പിടിച്ച് നിൽക്കാൻ പറ്റുമെന്ന് എല്ലാവർക്കുമറിയാം. വിരലിലെണ്ണാവുന്ന ചിലർ മാത്രമാണ് ഇതിന് വ്യത്യസ്തമായിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വരുന്നവരുടെ ലിസ്റ്റ് തലേദിവസം സിപിഎം ലോക്കൽ കമ്മിറ്റിക്ക് കിട്ടും. ഇതാദ്യത്തെ സംഭവമല്ല. ഉദ്യോഗസ്ഥരെ വൈകീട്ട് പോയി കണ്ട് അവർ താമസമൊരുക്കുന്നത് സിപിഎം പ്രവർത്തകരാണ്. അവർക്ക് എല്ലാ സൗകര്യങ്ങളും നൽകി കൈയിലെടുക്കും-സുധാകരൻ പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കറാം മീണയുടെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ല. നടപടിയെടുക്കുമെന്ന് പറയുന്നതല്ലാതെ ഒരു നടപടികളുമില്ല. സിപിഎമ്മിൽ കൈകൾക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും. പിന്നെ എവിടെയാണ് നീതിയെന്നും സുധാകരൻ ചോദിച്ചു. ഭരണത്തിലേറാൻ എന്ത് വൃത്തികേടും കാണിക്കാമെന്നതാണ് സിപിഎം നയമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു

ഇരട്ട വോട്ടിൽ കോൺഗ്രസ് ആരോപണങ്ങളെ പ്രതിരോധിക്കാൻ ചില ഇടെപടലുകൾ സിപിഎം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരൻ മറ്റൊരു വിഷയം ചർച്ചയാക്കുന്നത്. നാല് ലക്ഷം വ്യാജ പേരുകാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ അമ്മയ്ക്കും എ.ഐ.സി.സി. വക്താവ് ഷമാ മുഹമ്മദിനും ഇരട്ടവോട്ട് ഉണ്ടെന്നുള്ള പ്രതിരോധ തന്ത്രവുമായി ഇടതുപക്ഷം രംഗത്ത് എത്തിയതോടെ ഇരട്ടവോട്ട് വിവാദം ഇരുതല വാളായി മാറി. കഴക്കൂട്ടത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥി എസ്.എസ്. ലാലിനും ഇരട്ടവോട്ട് ഉള്ളതാതി സിപിഎം ആരോപിക്കുന്നു.

വോട്ടർ പട്ടികയിലുണ്ടായ ഇത്തരം ക്രമക്കേടുകൾ സ്വാഭാവികമായ ചില പോരായ്മകൾ മാത്രമാണെന്നും മുൻകാലത്തും ഇത്തരം അപാകങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷൻ പറയുന്നു. രാജ്യത്ത് ഇത്തരത്തിൽ 26 ലക്ഷത്തിലേറെ വോട്ടുകളുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിശദീകരിച്ചിരുന്നു.

എന്നാൽ പ്രതിപക്ഷവും ബിജെപിയും പ്രതിഷേധം ഉയർത്തിയതോടെ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി മാറി ഇരട്ടവോട്ട്. വികസനവും ക്ഷേമപ്രവർത്തനങ്ങളും മുൻനിർത്തി വോട്ടുതേടിയ ഇടതുമുന്നണിക്ക് ഇരട്ടവോട്ട് വിവാദം തിരിച്ചടിയായെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഇരട്ടവോട്ടു ചൂണ്ടിക്കാണിച്ച് ആരോപണങ്ങളെ പ്രതിരോധിക്കുകയാണിപ്പോൾ.

ഇതിനിടെ ഇരട്ട വോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി തുടങ്ങി. ഇതുപ്രകാരം ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർക്ക് (ഇ.ആർ.ഒ) ഇരട്ടിപ്പ് പട്ടിക തയ്യാറാക്കാനുള്ള ചുമതല നൽകി. ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പുറത്തിറങ്ങി. വോട്ട് ഇരട്ടിപ്പു സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘവും പരിശോധനക്കായി കേരളത്തിലെത്തിയിരുന്നു.

ഇ.ആർ.ഒമാർ തയ്യാറാക്കുന്ന പട്ടിക അതതു ബൂത്ത് ലെവൽ ഓഫീസർമാർക്കു (ബി.എൽ.ഒ) കൈമാറണം. ഈ പട്ടികയിലെ വിവരങ്ങൾ അനുസരിച്ച് ബി.എൽ.ഒമാർ തങ്ങളുടെ ബൂത്തിലെ വോട്ടർ പട്ടിക ഒത്തുനോക്കി ഇരട്ടിപ്പ് വന്നിട്ടുള്ള വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും. ബൂത്തിന്റെ പരിധിയിൽ ഉള്ളവർ മാത്രമേ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളുവെന്ന് ബി.എൽ.ഒമാർ ഉറപ്പു വരുത്തേണ്ടതുണ്ട്. അങ്ങനെയല്ലാത്തവരുടെ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തും.

ഫീൽഡ് പരിശോധന നടത്തേണ്ട ചുമതല ബി.എൽ.ഒമാർക്കാണ്. ഇവർ ഇത്തരത്തിൽ ബൂത്തു തിരിച്ച് ഇരട്ടിപ്പു സംബന്ധിച്ച പട്ടിക ഇ.ആർ.ഒക്കു സമർപ്പിക്കണം. ബി.എൽ.ഒമാർ ബാക്കി പട്ടികയിൽ അപാകതകൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തും. മാർച്ച് 30 നു വൈകിട്ട് അഞ്ചുമണിക്ക് മുൻപ് ഈ സാക്ഷ്യപത്രം അതതു തഹസിൽദാർമാർ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർക്ക് സമർപ്പിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.