- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രേയംസിന് 87 കോടിയുടെ ആസ്തി; ചെങ്കൽ രാജശേഖരന് 64 കോടിയും; കേസുകളിൽ മുമ്പൻ സുരേന്ദ്രൻ തന്നെ; ബാധ്യത കൂടുലുള്ളത് കോതമംഗലത്തെ കേരളാ കോൺഗ്രസുകാരന്; നിയമസഭാ മോഹവുമായി മത്സരിക്കുന്നത് 249 കോടിപതികൾ; സ്ഥാനാർത്ഥികളിൽ 38 ശതമാനവും 'ക്രിമിനലുകൾ'; കേരളത്തിലെ മത്സര ചിത്രത്തിലെ കേസും സാമ്പത്തികവും തെളിയുമ്പോൾ
കൊച്ചി: കേരളത്തിലെ എംഎൽഎ ആകാൻ മോഹിച്ച് മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 249 പേർ കോടിപതികൾ. മൊത്തം സ്ഥാനാർത്ഥികളിൽ 27% പേർ കോടിപതികളാണ്. 5 കോടിക്കു മുകളിൽ ആസ്തിയുള്ള 48 സ്ഥാനാർത്ഥികളുണ്ട്. മത്സരിക്കുന്ന 957 സ്ഥാനാർത്ഥികളിൽ 928 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്തു സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 202 കോടിപതി സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്. സത്യവാങ്മൂലത്തിലെ വ്യക്തത കുറവു മൂലം 29 സ്ഥാനാർത്ഥികളുടെ വിവരങ്ങൾ വിശകലനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല
2 മുതൽ 5 കോടി വരെ (96 സ്ഥാനാർത്ഥികൾ), 50 ലക്ഷം മുതൽ 2 കോടി വരെ (241), 10 ലക്ഷം മുതൽ 50 ലക്ഷം വരെ (286), പത്തു ലക്ഷത്തിൽ താഴെ (257) എന്നിങ്ങനെയാണു സ്ഥാനാർത്ഥികളുടെ ആസ്തികൾ. കോൺഗ്രസ് 49, ബിജെപി 34, സിപിഎം 32, മുസ്ലിം ലീഗ് 21, കേരള കോൺഗ്രസ് (എം) 10, സിപിഐ 7 എന്നിങ്ങനെയാണ് ഓരോ പാർട്ടിയിലുമുള്ള കോടിപതി സ്ഥാനാർത്ഥികളുടെ എണ്ണം. സ്ഥാനാർത്ഥികളിൽ 355 പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മൊത്തം സ്ഥാനാർത്ഥികളിൽ 38% പേർക്കെതിരെയും ഏതെങ്കിലും തരത്തിലുള്ള കേസുകളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രിമിനൽ കേസുകളുള്ളവർ 311 പേരായിരുന്നു. 167 പേർക്കെതിരെയുള്ളത് ഗൗരവമായ ക്രിമിനൽ കേസുകളാണ്.
ഏറ്റവും കൂടുതൽ കേസുകളുള്ളത് ബിജെപി സംസ്ഥാന അധ്യക്ഷനും കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രനാണ് 248. തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണനെതിരെ 211 കേസുകളുണ്ട്. മണലൂരിലെ ബിജെപി സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണനെതിരെ 176 കേസുകളുമുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങളാണ് ഈ മൂന്ന് പേർക്കും ഇത്രയധികം കേസുകൾ നൽകുന്നത്. സമാനമായി ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം കേസിൽ പ്രതികളാണ്.
കൽപറ്റ മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ലോക്താന്ത്രിക് ജനതാദളിലെ എം വിശ്രേയാംസ് കുമാറിനാണ് ഏറ്റവും കൂടുതൽ ആസ്തിയുള്ള സഥാനാർത്ഥി. 87.99 കോടി രൂപ (സ്ഥാവര സ്വത്ത് 75.51 കോടി, ജംഗമസ്വത്ത് 12.47 കോടി) ആണ് ശ്രേയംസം കുമാറിനുള്ളത്. രണ്ടാം സ്ഥാനത്ത് നെയ്യാറ്റിൻകരയിലെ ബിജെപി സ്ഥാനാർത്ഥി രാജശേഖരൻ നായരാണ് 64.22 കോടി (സ്ഥാവര സ്വത്ത് 20.17 കോടി, ജംഗമം 44.04 കോടി), മൂന്നാമത് നിലമ്പൂരിലെ എൽഡിഎഫ് സ്വതന്ത്രൻ പി.വി.അൻവറും 64.14 കോടി (സ്ഥാവരം 44.52 കോടി, ജംഗമം 19.62 കോടി).
ഏറ്റവും കൂടുതൽ ബാധ്യതയുള്ളത് കോതമംഗലത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറത്തിനാണ് 26 കോടി. പെരിന്തൽമണ്ണയിലെ ഇടതു സ്വതന്ത്രൻ കെ.പി.എം. മുസ്തഫയ്ക്ക് 20 കോടിയുടെയും പി.വി.അൻവറിന് 17 കോടിയുടെയും ബാധ്യതയുണ്ട്.
മറ്റ് അതിസമ്പന്നർ
- ഷിബു തെക്കുംപുറം (കോതമംഗലം, കേരള കോൺഗ്രസ്) 51.69 കോടി
- കെ.സുലൈമാൻ ഹാജി (കൊണ്ടോട്ടി, ഇടതു സ്വതന്ത്രൻ) 46.90 കോടി
- ജേക്കബ് തോമസ് (ഇരിങ്ങാലക്കുട, ബിജെപി) 42.10 കോടി
- കെ.പി.എം. മുസ്തഫ (പെരിന്തൽമണ്ണ, ഇടതു സ്വതന്ത്രൻ) 37.76 കോടി
- എംപി. ജാക്സൺ (കൊടുങ്ങല്ലൂർ, കോൺഗ്രസ്) 36.93 കോടി
- മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ, കോൺഗ്രസ്) 34.77 കോടി
- വിജയ ഹരി (മണലൂർ, കോൺഗ്രസ്) 32.28 കോടി
കണ്ണൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി എൻ.കെ.സുരേന്ദ്രൻ, ചിറ്റൂരിലെ സ്വതന്ത്രൻ എൻ.എസ്.കെ. പുരം ശശികുമാർ, കാസർകോട്ടെ ബിഎസ്‌പി സ്ഥാനാർത്ഥി കെ.പി.വിജയ എന്നിവർക്ക് ഒരു രൂപയുടെ പോലും സ്വത്ത് ഇല്ല. തൊടുപുഴയിലെ സ്വതന്ത്രൻ കെ.പാർഥസാരഥിയുടെ കൈവശമുള്ളത് 200 രൂപ മാത്രം. കൊട്ടാരക്കരയിലെ എസ്യുസിഐ (സി) സ്ഥാനാർത്ഥി ഇ.കുഞ്ഞുമോന് 500 രൂപയുടെയും സുൽത്താൻ ബത്തേരിയിലെ സ്വതന്ത്രൻ ഒണ്ടൻ പണിയന് 1000 രൂപയുടെയും ആസ്തിയാണുള്ളത്.
കോൺഗ്രസിലെ 77, ബിജെപിയിലെ 87, സിപിഎമ്മിലെ 49, മുസ്ലിം ലീഗിലെ 17, സിപിഐയിലെ 10, കേരള കോൺഗ്രസ് എമ്മിലെ 4 സ്ഥാനാർത്ഥികൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വനിതകൾക്കെതിരെയുള്ള അതിക്രമത്തിനു കേസെടുത്തിട്ടുള്ള 16 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ഇവരിൽ ഒരാൾക്കെതിരെ മാനഭംഗത്തിനാണു കേസ് (ഐപിസി 376). 6 സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതകത്തിനും (ഐപിസി 302) 16 പേർക്കെതിരെ കൊലപാതക ശ്രമത്തിനും (ഐപിസി 307) കേസുണ്ട്.
മറുനാടന് മലയാളി ബ്യൂറോ