- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിശബ്ദ പ്രചരണത്തിനിടെ 'രാഷ്ട്രീയ ബോംബ്' പൊട്ടുമെന്ന പ്രതീക്ഷയിൽ എല്ലാ വാർ റൂമുകളും; ചെന്നിത്തലയാകും ആ വെളിപ്പെടുത്തൽ നടത്തുകയെന്ന കണക്കുകൂട്ടലിൽ സിപിഎം; എന്തുണ്ടായാലും അതിനെ നേരിടാൻ സൈബർ സഖാക്കളും സർവ്വ സജ്ജം; കാത്തിരുന്ന് കളി കാണാൻ ബിജെപിയും; പ്രചരണത്തിലെ 'ക്യാപ്ടൻ' ക്ലൈമാക്സിൽ സഖാവാകുമ്പോൾ
കോഴിക്കോട്: പ്രചരണത്തിന്റെ അവസാന മണിക്കൂറിലാണ് പിണറായി-അദാനി ബന്ധം കോൺഗ്രസ് ചർച്ചയാക്കുന്നത്. കെ എസ് ഇ ബിയും അദാനിയും തമ്മിലുള്ള ബന്ധം ആദ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ ഏവരും നിഷേധിച്ചു. കളിയാക്കി. എന്നാൽ ഇന്നലെ ഇവർ തമ്മിലെ ബന്ധത്തിന്റെ രേഖ പുറത്തു വിട്ടു. ഇനിയും വെളിപ്പെടുത്തൽ ഉണ്ടാകുമെന്നാണ് സൂചന.
പ്രചാരണത്തിന്റെ അവസാനദിവസമായ ഞായറാഴ്ചയും ആരോപണ-പ്രത്യാരോപണങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലും ആകാംക്ഷയിലുമാണ് രാഷ്ട്രീയ കേരളം. പ്രചരണത്തിന്റെ തുടക്കത്തിൽ കേരളത്തിൽ നിറഞ്ഞത് ഇടതുപക്ഷമായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയം വൈകിയത് കോൺഗ്രസിനെ പിന്നോട്ട് അടിച്ചു. ഇത് ബിജെപിക്കും പ്രശ്‌നമായി. എന്നാൽ അവസാന ഘട്ടത്തിൽ ചിത്രം മാറുകയാണ്. സ്ഥാനാർത്ഥികളുടെ മികവിൽ പ്രചരണത്തിൽ സിപിഎമ്മിനൊപ്പം കോൺഗ്രസും യുഡിഎഫും നിലയുറപ്പിക്കുകയാണ്.
മലപ്പുറത്തേയും കോഴിക്കോട്ടേയും കണ്ണൂരിലേയും കാസർഗോട്ടേയും ശക്തികേന്ദ്രങ്ങളിൽ മുസ്ലിം ലീഗും അതിശക്തമായ പ്രചരണം നടത്തി. 45 എ പ്ലസ് മണ്ഡലത്തിൽ ത്രികോണ പോര് കടുപ്പിച്ച് ബിജെപിയും നിറഞ്ഞു. കോവിഡ് ആയതിനാണ് ഇന്ന് ആൾക്കൂട്ടങ്ങളുടെ കൊട്ടിക്കലാശമില്ല. പക്ഷേ, വീറിനും വാശിക്കും ആവേശത്തിനും കുറവേതുമില്ല. നിയമസഭാതിരഞ്ഞെടുപ്പിനും മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനുമുള്ള പ്രചാരണപ്രവർത്തനങ്ങൾക്ക് ഞായറാഴ്ച വൈകീട്ടോടെ തിരശ്ശീല വീഴും. ഇനി നിശബ്ദ പ്രചരണം. ദേശീയ നേതാക്കളെ ഇറക്കിയാണ് കോൺഗ്രസും ബിജെപിയും പ്രചരണത്തിന്റെ അവസാന നാളുകൾ അവരുടേതാക്കി മാറ്റിയത്.
അവസാന ദിവസം റോഡ്ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും തടസ്സമില്ല. കോവിഡ് പശ്ചാത്തലത്തിലാണ് കൊട്ടിക്കലാശം പൂർണമായും തിരഞ്ഞെടുപ്പുകമ്മിഷൻ നിരോധിച്ചത്. ബൈക്ക് റാലിയും അനുവദിക്കില്ല. എന്നാൽ, റോഡ്ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും നിശ്ചിതസമയംവരെ തടസ്സമുണ്ടാകില്ല. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നക്‌സൽബാധിത പ്രദേശങ്ങളിൽ വൈകീട്ട് ആറുവരെയും മറ്റിടങ്ങളിൽ ഏഴുവരെയുമാണ് പരസ്യപ്രചാരണം. പോളിങ് സാധനങ്ങളുടെ വിതരണം തിങ്കളാഴ്ച നടക്കും. ചൊവ്വാഴ്ച വോട്ടെടുപ്പ്. പിന്നീട് ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം മെയ് രണ്ടിന് ഫലപ്രഖ്യാപനവും.
ഇനിയുണ്ടാകുന്ന ഓരോ സംഭവങ്ങളും പൊളിക്കാനും പ്രോത്സാഹിപ്പിക്കാനും ഇടത്-വലത് മുന്നണികളുടെ 'വാർറൂമുകൾ' ജാഗ്രതയിലാണ്. 'ബോംബ്' മുന്നറിയിപ്പ് മുഖ്യമന്ത്രിയാണ് നൽകിയതെങ്കിലും അതിൽ പ്രതീക്ഷവെക്കുന്നത് യു.ഡി.എഫ്. ആണ്. അതിനവർ ഉറ്റുനോക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയുമാണ്. ഇതുവരെ അദ്ദേഹം ഉയർത്തിയ ആരോപണങ്ങളും പുറത്തുവിട്ട തെളിവുകളുമാണ് യു.ഡി.എഫിന് പ്രചാരണ രംഗത്ത് കരുത്തായി നിന്നിട്ടുള്ളത്.
അതിൽ ആഴക്കടൽ മത്സ്യബന്ധന കരാർ കുറച്ചൊന്നുമല്ല ഇടതുപക്ഷത്തെ ഉലയ്ക്കുന്നത്. ഇപ്പോൾ അദാനിയും. മോദിയുടെ സുഹൃത്തും പിണറായിയും തമ്മിലെ ബന്ധം ഉറപ്പിക്കാനുള്ള കൂടുതൽ തെളിവുകൾ ഇനിയും പുറത്തു വരാൻ സാധ്യതയുണ്ട്. എന്നാൽ ആരോപണങ്ങൾക്ക് അപ്പപ്പോൾ മറുപടിയും വിശദീകരണവും നൽകാൻ എൽ.ഡി.എഫ്. ക്യാമ്പ് സജ്ജമാണ്. ആരോപണത്തിന്റെ തോതും രാഷ്ട്രീയവും തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിതന്നെയാകും നേരിടുക.
ഇതിനൊപ്പം, യു.ഡി.എഫ്. ചേരിയിൽനിന്ന് പുറത്തുവിടുന്ന വിവരങ്ങൾക്ക്, കൃത്യമായ വിശദീകരണവും നൽകും. ഇതിന് സർക്കാർ സംവിധാനവും പാർട്ടികേന്ദ്രങ്ങളുമാണ് രംഗത്തുള്ളത്. വൈദ്യുതി കരാറിലെ അഴിമതിയാരോപണത്തിൽ ഇനിയും വെളിപ്പെടുത്തൽ അവർ പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ 'ബോംബ്' പൊട്ടിയാൽ അതിന്റെ തോത് നോക്കിയിടപെടാനാണ് ബിജെപി. തീരുമാനം. ആരോപണങ്ങൾക്ക് പിന്നാലെ പോകാതെ വോട്ടർമാരെ സ്വാധീനിക്കാൻ മറ്റു തന്ത്രങ്ങളാണ് ബിജെപി.ക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി അമിത്ഷായുടെയും കേരള പര്യടനത്തിലാണ് ബിജെപി. പ്രതീക്ഷവെക്കുന്നത്.
പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സീറ്റുകളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ്. ദേശീയനേതാക്കളെല്ലാം രണ്ടും മൂന്നും വട്ടമായി കേരളത്തിലങ്ങോളമിങ്ങോളം പ്രചാരണത്തിന് ആവേശം പകരാൻ പല പരിപാടികളിലായി എത്തി. അവസാനദിവസങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സിപിഎം. നേതാവ് വൃന്ദാ കാരാട്ട് തുടങ്ങിയവരാണ് പ്രചാരണരംഗത്ത് നിറഞ്ഞുനിൽക്കുന്നത്.
ശബരിമലയുടെ മണ്ണിൽ 'സ്വാമിയേ ശരണമയ്യപ്പാ' എന്ന് ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം എതിർപാളയത്തിലെ നേതാക്കളുടെ വിമർശനത്തിന് വിഷയമായെങ്കിലും അതിൽ കയറിപ്പിടിച്ച് വിവാദമുണ്ടാക്കാനുള്ള ശ്രമമുണ്ടായില്ല. ശബരിമല ഇപ്പോഴും പാർട്ടികൾക്ക് പൊള്ളുന്ന വിഷയമാണെന്നതിന്റെ സൂചനകൂടിയായി അത്. അതേസമയം, ആചാരലംഘനത്തിന് പിണറായിസർക്കാരും സിപിഎമ്മും കൂട്ടുനിന്നുവെന്ന ആക്ഷേപമാണ് വേദികളിൽ ബിജെപി. ഉന്നയിക്കുന്നത്.
അദാനിയുമായി പിണറായിസർക്കാർ വൈദ്യുതിക്കരാറിലേർപ്പെട്ടതിലെ വിശദീകരണം ആരാഞ്ഞാണ് പ്രതിപക്ഷനേതാവ് ശനിയാഴ്ച രംഗത്തിറങ്ങിയത്. അദാനി എന്തിന് കണ്ണൂരിൽ വന്നു എന്ന ചോദ്യം കെപിസിസി. നേതാക്കളും ഉന്നയിച്ചു. എന്നാൽ, ഇതും ചീറ്റിപ്പോയ പടക്കമായി നിസ്സാരവത്കരിക്കുകയാണ് മുഖ്യമന്ത്രി. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് അണികൾ ആവേശത്തോടെ ചാർത്തിനൽകിയ ക്യാപ്റ്റൻ എന്ന വിശേഷണത്തോട് ചില കമ്യൂണിസ്റ്റ് നേതാക്കൾ പ്രതികരിച്ചത് സാമൂഹികമാധ്യമങ്ങളിൽ പല വ്യാഖ്യാനങ്ങൾക്കും കാരണമായി.
ആളുകൾ അവരുടെ താത്പര്യമനുസരിച്ച് അങ്ങനെ പലതും വിളിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പാർട്ടിയാണ് ക്യാപ്റ്റൻ എന്നായിരുന്നു പി. ജയരാജന്റെ വിശേഷണം. പാർട്ടിയിൽ എല്ലാവരും സഖാക്കളാണെന്ന വിശദീകരണമായിരുന്നു കോടിയേരി ബാലകൃഷ്ണൻ നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ