തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജനവിധി രേഖപ്പെടുത്തൽ തുടങ്ങി. രാവിലെ ഏഴുമുതൽ തന്നെ കേരളത്തിലെ നിരവധി പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. പ്രചരണ ചൂട് വോട്ടിങ് ശതമാനം കൂട്ടുമെന്ന പ്രതീക്ഷയാണുള്ളത്. അടുത്ത അഞ്ചുവർഷം കേരളം ആരുഭരിക്കുമെന്ന് തീരുമാനിക്കാൻ ജനം എത്തുമ്പോൾ പ്രവചനം അസാധ്യമാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളത്തിൽ ഇത്തവണ നടന്നത്. എന്നാൽ നിശബ്ദ തരംഗം ആഞ്ഞടിക്കുമെന്ന വിലയിരുത്തലും സജീവം. കോവിഡ് പശ്ചാത്തലത്തിൽ സജ്ജീകരിച്ച 40,771 ബൂത്തുകളിലും ആദ്യം മോക് പോളിങ് നടന്നു. അതിന് ശേഷം വോട്ടെടുപ്പും.

കേരളത്തിൽ നാൽപത് മണ്ഡലങ്ങളിൽ വീതം ഇടതിനും വലതിനും ജയിക്കാനാകുമെന്നാണ് വിലയിരുത്തൽ. ബാക്കി എല്ലായിടത്തും കനത്ത പോരാട്ടമാണ്. 30ഓളം മണ്ഡലത്തിൽ ത്രികോണ പോരിന്റെ ചൂടുമുണ്ട്. ബിജെപിയും വലിയ പ്രതീക്ഷയോടെയാണ് മത്സരിക്കുന്നത്. കേവല ഭൂരിപക്ഷം നേടാനാകുമെന്ന് ഇടതും വലയും പ്രതീക്ഷിക്കുന്നു. 35 സീറ്റാണ് ബിജെപിയുടെ അവകാശ വാദം. എന്നാൽ കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും നേടുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ അതിശക്തമായ പ്രചരണം നടന്നു. ഇത് വോട്ടിംഗിനെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ.

രാവിലെ ആറു മണിക്ക് മോക് പോളിങ് ആരംഭിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുനനു പരിശോധന. മോക് പോളിങ്ങിൽ ചിലയിടത്ത് വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തി്. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്‌കൂളിലെ 107-ാം നമ്പർ ബൂത്ത്, കാസർകോട് കോളിയടുക്കം ഗവ.യുപി സ്‌കൂളിലെ 33-ാം നമ്പർ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത് എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തി. തൃപ്പൂണിത്തുറ പാലസ് സ്‌കൂളിൽ വൈദ്യുതി തടസ്സം മൂലം മോക് പോളിങ് വൈകി. പ്രശ്‌നമില്ലാത്ത ഇടങ്ങളിൽ 6.45ന് മോക് പോളിങ് നടപടികൾ അവസാനിച്ചു. ഏഴുമണിക്ക് പോളിങ് ആരംഭിക്കും.

നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പായിരുന്നു ആദ്യത്തേത്. ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. വൈകുന്നേരം ഏഴുവരെ തുടരും. 957 സ്ഥാനാർത്ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മാവോയിസ്റ്റ് ഭീഷണി ഉള്ളിടത്ത് ആറിന് പോളിങ് സമാപിക്കും.

140 നിയമസഭാ മണ്ഡലങ്ങളിലായി 2,74,46309 വോട്ടർമാരാണ് കേരളത്തിൽ വിധിയെഴുതുക. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കുന്നത്. 40771 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 15000 ത്തോളം പോളിങ് ബൂത്തുകളാണ് അധികമായി ഒരുക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡവും ഹരിത ചട്ടവും പാലിച്ചായിരിക്കും വോട്ടെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

കോവിഡിനെത്തുടർന്ന് 40,771 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. 2016ൽ ഇത് 21,498 ആയിരുന്നു. മുൻപൊരു നിയമസഭാ തിരഞ്ഞെടുപ്പിലും ഇല്ലാത്ത വിധത്തിലുള്ള ക്രമീകരണങ്ങളും ഇത്തവണ പോളിങ് സ്റ്റേഷനിൽ വോട്ടർമാരെ കാത്തിരിക്കുന്നുണ്ട്. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. പ്രശ്നബാധിത കേന്ദ്രങ്ങളിൽ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആൾമാറാട്ടവും തടയാൻ പ്രത്യേക നടപടികളും സ്വീകരിക്കും. കോവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്കും നിരീക്ഷണത്തിലുള്ളവർക്കും വൈകുന്നേരം അവസാന മണിക്കൂറിൽ വോട്ടുചെയ്യാൻ പ്രത്യേക സജ്ജീകരണമുണ്ട്. മെയ്‌ രണ്ടിനാണ് വോട്ടെണ്ണൽ.

വോട്ട് ചെയ്യാൻ തിരിച്ചറിയിൽ കാർഡ് നിർബന്ധമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ് പാസ്‌പോർട്ട് ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡ് സംസ്ഥാന/കേന്ദ്ര സർക്കാർ/ പൊതുമേഖലാസ്ഥാപനങ്ങൾ/പൊതുമേഖലാ കമ്പനികൾ നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡുകൾ ബാങ്ക്/പോസ്റ്റ് ഓഫീസിലെ ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകൾ സ്വീകരിക്കില്ല) പാൻ കാർഡ് കേന്ദ്രതൊഴിൽ മന്ത്രാലയത്തിന്റെ സ്മാർട്ട് കാർഡ് തൊഴിൽപദ്ധതി ജോബ് കാർഡ് കേന്ദ്രസർക്കാർ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഫോട്ടോ പതിച്ച പെൻഷൻ കാർഡ് എംപി./എംഎ‍ൽഎ./എം.എൽ.സി. എന്നിവർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.

പോളിങ് സ്റ്റേഷനിൽ പ്രവേശിക്കുന്നതിനു മുൻപ് വോട്ടറുടെ ശരീര താപനില തെർമൽ സ്‌കാനർ ഉപയോഗിച്ചു പരിശോധിക്കും. നിശ്ചിത പരിധിയിലും കൂടുതലെങ്കിൽ അൽപ സമയം കാത്തുനിർത്തിയ ശേഷം 2 തവണ കൂടി പരിശോധിക്കും. ഈ പരിശോധനയിലും താപനില കൂടുതലാണെങ്കിൽ ടോക്കൺ നൽകി മടക്കി അയയ്ക്കും. അവസാന മണിക്കൂറിൽ എത്തി ഈ ടോക്കൺ കാണിച്ചു വോട്ടു ചെയ്യാം. തപാൽ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയവർക്ക് ബൂത്തിലെത്തി വോട്ടു ചെയ്യാനാകില്ല.

തെർമൽ സ്‌കാൻ പരിശോധനകളിൽ ശരീര താപനില നിശ്ചയ പരിധിയിലും കൂടുതലാണെങ്കിൽ 6നു ശേഷമേ വോട്ടു ചെയ്യാനാവുകയുള്ളൂ. തപാൽ ബാലറ്റിന് അപേക്ഷിക്കാത്ത കോവിഡ് ബാധിതർക്കും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്കും വൈകിട്ട് 6 മുതൽ 7 വരെ ബൂത്തിലെത്തി വോട്ടു ചെയ്യാം. ആ സമയം കോവിഡ് ബാധിതരല്ലാത്തവർ ക്യൂവിലുണ്ടെങ്കിൽ അവർ വോട്ടു ചെയ്ത ശേഷമേ കോവിഡ് ബാധിതരെ വോട്ടു ചെയ്യാൻ അനുവദിക്കൂ. കോവിഡ് ബാധിതർ പിപിഇ കിറ്റ്, ഗ്ലൗസ്, എൻ95 മാസ്‌ക് എന്നിവ നിർബന്ധമായും ധരിക്കണം. ഈ സമയത്തു പോളിങ് ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിക്കും.

ഇരട്ട വോട്ട് തടയ്യാനും നടപടി

വോട്ടർ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വോട്ടറെ കൃത്യമായി തിരിച്ചറിയും. തിരിച്ചറിയാൻ ഉപയോഗിച്ച കാർഡ് ഏത് എന്ന് 17 എ എന്ന രജിസ്റ്ററിൽ രേഖപ്പെടുത്തും

എ.എസ്.ഡി. മോണിട്ടർ എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രിസൈഡിങ് ഓഫീസർമാർ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഒന്നിലധികം ബൂത്തുകളിലെ വോട്ടർ പട്ടികയിൽ പേരുള്ളവർ വോട്ടു ചെയ്യാനെത്തുമ്പോൾ ആ ആപ്ലിക്കേഷൻ ഉപയോഗിച്ച് വോട്ടറുടെ ഫോട്ടോയെടുത്ത് മറ്റു വിവരങ്ങൾ ചേർത്ത് അപ്ലോഡ് ചെയ്യും. നെറ്റ് വർക്ക് ലഭ്യമല്ലെങ്കിലും ഈ നടപടികൾ തുടരണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കല ക്ഷൻ സെന്ററുകളിൽ തിരികെയെത്തുമ്പോൾ വയർലെസ് നെറ്റ്‌വർക്ക് സൗകര്യം ലഭ്യമാക്കുന്നതോടെ ഫോട്ടോയും വിവരങ്ങളും അപ്ലോഡാകും.

വോട്ടർമാരുടെ വിരലിൽ രേഖപ്പെടുത്തുന്ന മഷിയടയാളം വോട്ട് ചെയ്യുന്നതിനു മുമ്പ് ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കും. ബൂത്തുകളിൽനിന്നു ലഭിക്കുന്ന എ.എസ്.ഡി. വോട്ടർമാരുടെ വിവരങ്ങൾ തത്സമയം ഡോക്യുമെന്റ് ചെയ്യുന്നതിന് വരണാധികാരികളുടെ കാര്യാലയങ്ങളിൽ ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചു.