കണ്ണൂർ: തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്ര വിജയം ജനങ്ങൾ സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ഒരു ഐതിഹാസികമായ വിജയം നേടാൻ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പ കോപം സർക്കാരിനുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. തികഞ്ഞ പ്രതീക്ഷയിലാണ് ബിജെപിയും. അടുത്ത അഞ്ചു വർഷം കേരളം ആരു ഭരിക്കണമെന്നു ജനം ഇന്നു തീരുമാനിക്കും. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 140 നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ, മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമുണ്ട്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷമായി. ഇതിനിടെയാണ് നേതാക്കളുടെ പ്രതീക്ഷ പങ്കുവയ്ക്കൽ.

സർക്കാർ ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്, ആ ജനങ്ങൾ എൽഡിഎഫിന്റെ കൂടെ നിൽക്കുമെന്നാണ് വിശ്വാസം. എൽഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാണ്. അത് തെളിയിക്കുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ധർമ്മടം ആർസി അമലാ ബേസിക് യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ അന്തിമവിധിയാണ് ഇന്ന്. ജനങ്ങളുടെ കരുത്താണ് തിരഞ്ഞെടുപ്പ്. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. കേരളത്തിൽ മറ്റെവിടെയെങ്കിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടോ എന്നറിയില്ല. എൽഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ദേവഗണങ്ങളും ദൈവഗണങ്ങളും സർക്കാരിനൊപ്പമാണ്. എല്ലാ വിശ്വാസികളുടെയും ആരാധനാമൂർത്തികൾ സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം തരുന്ന സർക്കാർ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരൻ നായർ പറഞ്ഞത്.

കേരളത്തിലെ ജനങ്ങൾ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. അഞ്ചുവർഷം കൊണ്ട് കേരളത്തെ തകർത്ത് തരിപ്പണമാക്കിയ ഇടത് സർക്കാരിനെതിരേ ജനങ്ങൾ ഒറ്റക്കെട്ടായി വിധിയെഴുതാൻ പോകുന്ന തിരഞ്ഞെടുപ്പായാണ് തങ്ങൾ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ജനവിരുദ്ധ നയങ്ങളും ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യത ഉണ്ടായ കാലഘട്ടമാണ് ഇത്. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയർന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കാനുള്ളത്. ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു. നിരീശ്വരവാദിയായ പിണറായി വിജയൻ അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാകുന്നത് സിപിഎമ്മമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രൻ പ്രതികരിച്ചു. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. സംസ്ഥാനത്ത് എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മൊടക്കല്ലൂർ യു.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം കടിച്ചുകീറുന്ന എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നിരിക്കുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുൻപ് കേരളത്തിലുണ്ടായിട്ടില്ല. എൻഡിഎയുടെ വളർച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എൽഡിഎഫിനും യുഡിഎഫിനും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

മറ്റ് പ്രധാന നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്ന് കെ.കെ. രമ. യു.ഡി.എഫിന്റെ ശക്തമായ പിന്തുണയുണ്ടെന്നും അവർ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമ . എല്ലാ വിഭാഗം ജനങ്ങളും നല്ല പിന്തുണയാണ് തരുന്നത്. സിപിഎമ്മിന്റെ വോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ട്. വടകരയുടെ വികസനമാണ് മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളിലൊന്ന്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന സന്ദേശം മണ്ഡലത്തിൽ ശക്തമായി പ്രതിഫലിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒൻപത് മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലന്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലന്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമാണ്.

ആകെ 2,74,46,039 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 5,18,520 പേർ കന്നിവോട്ടർമാരാണ്. പുരുഷവോട്ടർമാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടർമാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അധികമായി സജ്ജീകരിച്ചിട്ടുള്ളത് 15730 പോളിങ് ബൂത്തുകൾ. നിലവിലുള്ള 25041 പോളിങ് ബൂത്തുകൾ കൂടിയാകുന്‌പോൾ ആകെ ബൂത്തുകളുടെ എണ്ണം 40771.