- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ഏക ഇടതു സർക്കാർ തുടരുമോ ഇല്ലയോ എന്ന ദേശീയപ്രാധാന്യമുള്ള ചോദ്യത്തിനു നാളെ ഉത്തരമാകും; ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് തിരിച്ചുവരാനുള്ള കരുത്തുണ്ടോ എന്നതിനും അളവുകോൽ; വോട്ട് വിഹിതം 20 ശതമാനം കടന്നില്ലെങ്കിൽ ബിജെപിക്കും നാണക്കേട്; കേരളത്തിലെ യഥാർത്ഥ ചിത്രം നാളെ പുറത്താകുമ്പോൾ
തിരുവനന്തപുരം: എക്‌സിറ്റ് പോളുകളും പുറത്ത്. ഇനി നാളെ യഥാർത്ഥ ചിത്രം തെളിയും. എക്‌സിറ്റ് പോളുകൾ പുറത്തു വന്നതോടെ നേരിയ വിജയം മുതൽ വൻ ഭൂരിപക്ഷവും ത്രിശങ്കു സഭയും അടക്കമുള്ള സാധ്യതകൾ ചർച്ച ചെയ്യുകയാണ് കേരളം. നാളെ വോട്ടെണ്ണും വരെ സാധ്യതകളാണ് ഇപ്പോൾ ചർച്ചകളിൽ. സിപിഎം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാൽ യുഡിഎഫും നിരാശരല്ല. പാർട്ടികണക്കുകൾ വിശകലനം ചെയ്ത് 80 സീറ്റിലെ ജയം അവരുറപ്പിക്കുന്നു. ബിജെപിക്ക് ആശ്വസിക്കാൻ കഴിയുന്നതല്ല എക്‌സിറ്റ് പോൾഫലങ്ങൾ. അവർ പ്രതീക്ഷിക്കുന്ന വിജയം ആരും നൽകുന്നുമില്ല.
ഇഞ്ചോടിഞ്ചു മത്സരത്തിൽ കേവല ഭൂരിപക്ഷത്തോടെ ഒരു മുന്നണി അധികാരത്തിൽ വന്ന 2011 ലെ തിരഞ്ഞെടുപ്പു ഫലം ആവർത്തിക്കാനുള്ള സാധ്യത ആവർത്തിക്കാനാണ് കൂടുതൽ സാഹചര്യവും. യുഡിഎഫിന് 77 സീറ്റ് നൽകുന്ന മറുനാടൻ പ്രവചനത്തിന്റെ കാതളും അതു തന്നെയാണ്. 2011ൽ യുഡിഎഫ് 72, എൽഡിഎഫ് 68 എന്നതായിരുന്നു ആ ജനവിധി. ഉമ്മൻ ചാണ്ടി സർക്കാർ 5 വർഷം തികയ്ക്കില്ലെന്നു പ്രവചിച്ചവർ ഉണ്ടെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. ഇരു മുന്നണികൾക്കും 60 സീറ്റ് വീതം ഉറപ്പാണെന്നും ബാക്കി 20 മണ്ഡലങ്ങളിൽ പ്രവചനാതീത മത്സരമാണു നടക്കുന്നതെന്നും കരുതുന്നവർ കേവല ഭൂരിപക്ഷ സാധ്യതയെ പിന്താങ്ങുന്നു.
യുഡിഎഫിനും എൽഡിഎഫിനും ഒരു പോലെ സ്വീകാര്യമായ കണക്ക് ഇതാണ്. വോട്ടെണ്ണലിനു ശേഷമുള്ള സിപിഎമ്മിന്റെ വിശകലനം 80 സീറ്റ് ആയിരുന്നു. സിപിഐ കണക്കുകൂട്ടിയത് 7580 സീറ്റും. കോൺഗ്രസിന്റെ പ്രതീക്ഷ 7582 ആണ്. ഏതു സാഹചര്യത്തിലും 79 ൽ താഴെ പോകില്ലെന്ന് മുസ്ലിം ലീഗും വിചാരിക്കുന്നു. 2016 ൽ കിട്ടിയതിനെക്കാൾ കൂടുതൽ സീറ്റ് എൽഡിഎഫിനുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രവചിച്ചതിൽനിന്നു മനസ്സിലാക്കേണ്ടത് ഒരു ഇടതു തരംഗം അദ്ദേഹം പ്രതീക്ഷിക്കുന്നുവെന്നാണ്. 90105 സീറ്റ് ഏതെങ്കിലും മുന്നണി നേടിയാൽ അതു തരംഗം തന്നെ.
ആർക്കും ഭൂരിപക്ഷം കിട്ടാത്ത ത്രിശങ്കു സഭയെന്ന സാധ്യത യുഡിഎഫും എൽഡിഎഫും തള്ളുമ്പോൾ അതു സംഭവിക്കുമെന്നു ബിജെപി അവകാശപ്പെടുന്നു. മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുകയും ബിജെപിക്ക് 5 സീറ്റെങ്കിലും ലഭിക്കുകയും ചെയ്താൽ ആ സാഹചര്യം തള്ളിക്കളയാൻ കഴിയില്ല. ട്വന്റി ട്വന്റി കുന്നത്തുനാട്ടിലും പി.സി. ജോർജ് പൂഞ്ഞാറിലും ജയിച്ചാൽ മുന്നണികൾക്കു പുറത്തുള്ളവരുടെ എണ്ണം 7 ആകും. ഈ ഫോർമുലയോടാണ് ബിജെപിക്ക് താൽപ്പര്യം. എന്നാൽ പുറത്തു വരുന്ന എക്‌സിറ്റ് പോളുകളിൽ ബിജെപിക്ക് അഞ്ച് സീറ്റ് കിട്ടുമോ എന്ന് പറയാൻ ആരും തയ്യാറാകുന്നില്ല. നേമത്ത് പോലും ബിജെപിക്ക് വിജയം കൊടുക്കുന്നില്ലെന്നതാണ് വസ്തുത.
രാജ്യത്തെ ഏക ഇടതു സർക്കാർ തുടരുമോ ഇല്ലയോ എന്ന ദേശീയപ്രാധാന്യമുള്ള ചോദ്യത്തിനു കൂടിയാണ് നാളെ ഉത്തരം ലഭിക്കുക. ദേശീയ മാധ്യമങ്ങളടക്കം പുറത്തവിട്ട എക്സിറ്റ് പോസ്റ്റ് സർവേകളിലെല്ലാം ഇടതുമുന്നണിക്ക് തുടർഭരണമാണ് പ്രവചിക്കുന്നത്. ഇത് ഇടതുക്യാമ്പുകളിൽ ആഹ്ളാദം പകർന്നിട്ടുണ്ട്. അഞ്ചുവർഷം അധികാരത്തിനു പുറത്തുനിന്ന യു.ഡി.എഫിന് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തിന്റെ പൊതുസ്വഭാവമനുസരിച്ചു ഭരണമാറ്റം സംഭവിച്ചില്ലെങ്കിൽ അത് യു.ഡി.എഫിന് വലിയ ആഘാതമായിരിക്കും. ദേശീയ തലത്തിൽ കോൺഗ്രസിന് പ്രസക്തി പോലും നഷ്ടമാകും. പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ലോക്സഭയിൽ എത്തിച്ച സംസ്ഥാനം എന്ന നിലയിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനു പ്രധാനമാണ്. ദേശീയതലത്തിൽ കോൺഗ്രസിന്റെ പുനരുജ്ജീവനത്തിലും ഇവിടുത്തെ വിജയം നിർണായകമാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ് ക്യാമ്പുകൾ ആകാംക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത്.
കഴിഞ്ഞതവണത്തെ ഒരു സീറ്റിൽനിന്നു മുന്നോട്ടുപോകണമെന്നും വോട്ട് വിഹിതം 20% വരെ എത്തിക്കണമെന്നാണ് ദേശീയനേതൃത്വം നൽകിയിട്ടുള്ള നിർദ്ദേശം. അതിലേക്ക് എത്താനായില്ലെങ്കിൽ അത് സംസ്ഥാനത്ത് ബിജെപിയിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കും.
മറുനാടന് മലയാളി ബ്യൂറോ