തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടാണ് എണ്ണുന്നത്. എട്ടരയോടെ തന്നെ ആദ്യ സൂചനകൾ വരും. ആരാകും അധികാരത്തിൽ എത്തുകയെന്ന് അറിയാൻ 12 മണിയെങ്കിലും ആവുമെന്നാണ് സൂചന. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതു കൊണ്ടാണ് ഇത്. പോസ്റ്റൽ വോട്ടുകളിലെ സൂചനകൾ ഒരിക്കലും ഫല സൂചനയാകില്ലെന്നും വിലയിരുത്തലുണ്ട്.

മുന്നണികളിൽ ഈ അവസാന മണിക്കൂറിലും ഉള്ളത് ആത്മവിശ്വാസമാണ്. തൽസമയ വിവരങ്ങൾ വായനക്കാരിൽ എത്തിക്കാൻ മറുനാടനും തയ്യാറാണ്. ഫല പ്രഖ്യാപനം മറുനാടൻ ടിവിയിൽ തൽസമയം ലഭ്യമാകും. ഫലത്തിനൊപ്പം വിശദമായ വിലയിരുത്തലുകളും നിരീക്ഷണങ്ങളും ഉണ്ടാകും. കേരളത്തിന്റെ ജനവിധിയിൽ പ്രതിഫലിക്കുന്ന രാഷ്ട്രീയം വളരെ കൃത്യമായി തന്നെ വായനക്കാരിൽ എത്തിക്കുന്നതാകും മറുനാടന്റെ റിപ്പോർട്ടുകൾ. വിപുലമായ സൗകര്യങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

രാവിലെ ആറിന് വോട്ടിങ് യന്ത്രം സൂക്ഷിക്കുന്ന സ്ട്രോങ് റൂം തുറന്നു. രാവിലെ എട്ടുമണിക്ക് തപാൽ ബാലറ്റ് എണ്ണിത്തുടങ്ങി. എട്ടിനു മുൻപ് തപാൽ മുഖേന റിട്ടേണിങ് ഓഫിസർക്കു ലഭിച്ച ബാലറ്റുകൾ മാത്രമാണ് പരിഗണിക്കുക. വൈകിയെത്തുന്നവ തുറക്കാതെ മാറ്റിവയ്ക്കും. തപാൽ ബാലറ്റ് എണ്ണാൻ തുടങ്ങുമ്പോൾ തന്നെ സർവീസ് വോട്ടുകൾ ആ ഹാളിലെ മൂന്നുമേശകളിലായി (ചിലയിടത്ത് 2) സ്‌കാൻ ചെയ്തു തുടങ്ങും. തപാൽ ബാലറ്റിന്റെ എണ്ണൽ അര മണിക്കൂർ പൂർത്തിയാകുമ്പോൾ വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും. ആദ്യഫലസൂചന ഒമ്പതോടെ ലഭ്യമാകും.

ഓരോ മെഷീനിലെയും ഫലം 17 സി എന്ന ഫോമിൽ രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോർ എന്ന സോഫ്റ്റ്‌വെയറിലേക്ക് വോട്ട് അപ്ലോഡ് ചെയ്യും. ഈ ലീഡ് നില തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ അപ്പപ്പോൾ തെളിയും. വോട്ടെണ്ണൽ ഹാളിലെ ബോർഡിലും ഓരോ റൗണ്ടിലും ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടു രേഖപ്പെടുത്തും. അവസാനം വിജയിയുടെ ഭൂരിപക്ഷത്തെക്കാൾ കൂടുതലാണ് ആകെ തപാൽ വോട്ടുകളെങ്കിൽ അവ ഒരിക്കൽക്കൂടി എണ്ണും.

ഫലമറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ അതിരാവിലെ തന്നെ ആരാധനാലയങ്ങളിലെത്തി സ്ഥാനാർത്ഥികളും നേതാക്കളും. പതിവു തെറ്റിക്കാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാവിലെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി. പോളിഗ് ദിവമായാലും വോട്ടെണ്ണൽ ദിനമായാലും രാവിലെ പുതുപ്പള്ളി പള്ളിയിൽ നിന്ന് ദിവസം ആരംഭിക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ പതിവ്. ഇത്തവണയും അത് തെറ്റിക്കാതെയാണ് ഉമ്മൻ ചാണ്ടി അതിരാവിലെ തന്നെ പള്ളിയിലെത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് അടക്കം ഈ ഘട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല.

രാവിലെ പാലാ കത്തിഡ്രലിൽ പോകുന്ന പതിവ് പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയും തെറ്റിച്ചില്ല. കെഎം മാണിയുടെ പതിവിന് സമാനമായാണ് ജോസ് കെ മാണിയും ആരാധനക്ക് എത്തിയത്. പക്ഷം മാറി മത്സരിക്കുന്ന നിർണ്ണായക തെരഞ്ഞെടുപ്പിൽ ഫലം എന്തെന്ന വലിയ ആകാംക്ഷയാണ് പാലാ മണ്ഡലത്തിൽ പ്രത്യേകിച്ചും കേരളാ കോൺഗ്രസ് എം പ്രകടനത്തെ കുറിച്ച് പൊതുവെയും നിലനിൽക്കുന്നത് . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വലിയ ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രകടിപ്പിക്കുന്നത്. രാവിലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് രമേശ് ചെന്നിത്തല എത്തിയത്. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെത്തിയാണ് കെ ബാബു വോട്ടെണ്ണൽ ദിനത്തിന് തുടക്കമിട്ടത്