തിരുവനന്തപുരം:  ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയാണ് കേരളരാഷ്ട്രീയം കടന്നുപോകുന്നത് എന്നതിൽ സംശയമില്ല. തപാൽവോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ലീഡെടുത്ത ഇടതു മുന്നണി ഒരു ഘട്ടത്തിലും പിന്നോട്ടു പോകാതെ മുന്നോട്ടു കുതിക്കുന്ന കാഴ്‌ച്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമാകുന്നത്. കേവല ഭൂരിപക്ഷം കടന്നുള്ള സീറ്റുകളിലാണ് ഇപ്പോൾ ഇടതു മുന്നണി ലീഡു ചെയ്യുന്നത്. അതേസമയ ശക്തമായ പോരാട്ടത്തിന് സാധ്യതയുണ്ടെന്ന സൂചന നൽകി യുഡിഎഫും രംഗത്തുണ്ട്. അതേസമയം ബിജെപി മുന്നേറ്റം ഇ ശ്രീധരൻ മത്സരിക്കുന്ന പാലക്കാട്ടും കുമ്മനം രാജശേഖരൻ മത്സരിക്കുന്ന നേമത്തും മാത്രമായി ഒതുങ്ങുന്ന കാഴ്‌ച്ചയാണുള്ളത്.

അതേസമയം വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെകെ രമ 1733 വോട്ടുകൾക്ക് ലീഡു ചെയ്യുകയാണ്. ആയിരം ലീഡ് കടന്ന മറ്റൊരു സ്ഥാനാർത്ഥി യുഡിഎഫിന്റെ പി.ടി തോമസ് ആണ്. പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുന്നുണ്ടെങ്കിലും ഫല സൂചനകൾ മാറി മറിയുകയാണ്.

ലീഡ് നില ഇങ്ങനെയാണ്:

കേരളം-140
എൽഡിഎഫ്-79
യുഡിഎഫ്-59
ബിജെപി-2

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വ്യത്യസ്തമായി തപാൽവോട്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി അഞ്ച് ലക്ഷത്തി എൺപത്തിനാലായിരം പോസ്റ്റൽവോട്ടുകളാണ് വിതരണം ചെയ്തത്. വോട്ടെണ്ണൽ വൈകിപ്പിക്കാൻ തപാൽ വോട്ടുകളുടെ ബാഹുല്യം കാരണമാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളിലൂടെ ഫല സൂചന ഉറപ്പിക്കാനാവില്ല. കോവിഡ് സാഹചര്യവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നയത്തിലെ മാറ്റവുമാണ് തപാൽ വോട്ടുകളുടെ എണ്ണം ഉയർത്തിയത്. സംസ്ഥാനത്ത് എൺപത് വയസിനു മുകളിൽ പ്രായമുള്ള 2,96, 691 പേരാണ് പോസ്റ്റല്ബാലറ്റ് കൈപ്പറ്റിയത്. 51,711 ഭിന്നശേഷിക്കാർ, 601 കോവിഡ് ബാധിതർ എന്നിവരും തപാൽ വോട്ട് സൗകര്യം ഉപയോഗിച്ചു. രണ്ട് ലക്ഷത്തി രണ്ടായിരം പോളിങ് ഉദ്യോഗസ്ഥരും 32,633 അടിയന്തര സർവീസ് ജീവനക്കാരും പോസ്റ്റൽവോട്ടർമാരിൽ ഉൾപ്പെടുന്നത്. ഏപ്രിൽ 28ാം തീയതിവരെ 4,54,237 വോട്ടുകളാണ് വരണാധികാരികൾക്ക് തിരികെ ലഭിച്ചത്.

വോട്ടെണ്ണൽദിവസം രാവിലെ ഏഴുമണിവരെ കിട്ടുന്ന വോട്ടുകളും സ്വീകരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ മൂന്നരലക്ഷം തപാൽവോട്ടുകളാണ് ഇത്തവണ അധികമുള്ളത്. തപാൽ വോട്ടുകൾ വോട്ടെണ്ണൽ വൈകാൻ കാരണമായേക്കും. ഉച്ചയ്ക്കു ശേഷമെങ്കിലും വോട്ടെണ്ണിത്തീർക്കാൻ കഴിയുമോ എന്ന സംശയമാണ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്. നവംബറിലെ ബിഹാർ തിരഞ്ഞെടുപ്പിൽ രണ്ടര ലക്ഷം തപാൽ വോട്ടുകൾ ഉണ്ടായിരുന്നു.

അവിടെ പല മണ്ഡലങ്ങളിലും പോസ്റ്റൽ വോട്ട് എണ്ണിത്തീർക്കാൻ രാത്രി വരെ സമയമെടുത്തു. അതിന്റെ ഇരട്ടിയോളം തപാൽ വോട്ടുകളുള്ളതിനാൽ കേരളത്തിൽ വോട്ടെണ്ണൽ പൂർത്തിയാകാൻ കൂടുതൽസമയമെടുക്കാനാണ് സാധ്യതയെന്നാണ് വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നത്.