തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ സ്ഥാപന വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റിന്റെ ലീഡ് നേടാനായെങ്കിലും നാലു സിറ്റിങ് സീറ്റുകൾ എൽഡിഎഫിനു നഷ്ടമായി. ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് എല്ലായിടത്തും നടന്നത്. ബിജെപി എല്ലായിടത്തും അപ്രസക്തമായി. തിരിച്ചു വരവിന് കരുത്തുണ്ടെന്ന് യുഡിഎഫ് തെളിയിക്കുകയാണ്.

യുഡിഎഫിനു നഷ്ടമായ മൂന്നു സിറ്റിങ് സീറ്റുകളിൽ ഒരിടത്ത് നറുക്കെടുപ്പിലൂടെയാണു ഫലം നിശ്ചയിച്ചത്. എറണാകുളം, മലപ്പുറം ജില്ലകളിലാണ് എൽഡിഎഫിനു തിരിച്ചടി നേരിട്ടത്. യുഡിഎഫ് പിടിച്ചെടുത്ത അഞ്ചാമത്തെ സീറ്റ് യുഡിഎഫ് വിമതന്റെ നിര്യാണത്തോടെ ഒഴിവു വന്നതാണ്. കണ്ണൂരിൽ കരുത്ത് കാട്ടാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നതും ശ്രദ്ധേയമാണ്.

എൽഡിഎഫ് ഭരിക്കുന്ന പിറവം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പു നടന്ന വാർഡ് യുഡിഎഫ് പിടിച്ചെടുത്തതോടെ 27 അംഗ കൗൺസിലിൽ ഇരുമുന്നണികളും തുല്യനിലയിലായി. എൽഡിഎഫ് കൗൺസിലർ മരിച്ച ഒഴിവിൽ ഒരു വാർഡിലേക്കു കൂടി ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ തെരഞ്ഞെടുപ്പ് ഇരുകൂട്ടർക്കും നിർണ്ണായകമാണ്.

എറണാകുളം ജില്ലയിൽ എൽഡിഎഫിന്റെ നാലു സിറ്റിങ് സീറ്റുകളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇതിൽ മൂന്നും യുഡിഎഫ് പിടിച്ചെടുത്തു.കണ്ണൂർ ആറളം പഞ്ചായത്തിലെ വീർപ്പാട് വാർഡ് നിലനിർത്തിയതിനാൽ ഭരണം കൈവിടില്ല. ഇത് കണ്ണൂരിലെ സിപിഎമ്മിന് ആശ്വസമാണ്.

പിറവം നഗരസഭയിലെ കരക്കോട് വാർഡിനു പുറമേ, നിലമ്പൂർ ബ്ലോക്കിലെ വഴിക്കടവ് ഡിവിഷൻ, എറണാകുളം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി സൗത്ത്, മാറാടി പഞ്ചായത്തിലെ നോർത്ത് മാറാടി, കോട്ടയം എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളം വാർഡുകളാണു യുഡിഎഫ് പിടിച്ചെടുത്തത്. ഇളങ്ങുളത്തു കഴിഞ്ഞ തവണ ജയിച്ചതു യുഡിഎഫ് വിമതനായിരുന്നു. നിലമ്പൂർ ബ്ലോക്കിലെ വഴിക്കടവ് ഡിവിഷൻ രൂപീകരിച്ച ശേഷം ആദ്യമായാണ് ഇവിടെ യുഡിഎഫിന്റെ വിജയം.

പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ പല്ലൂർ, ആലപ്പുഴ മുട്ടാർ പഞ്ചായത്തിലെ നാലുതോട്, ബത്തേരി നഗരസഭയിലെ പഴേരി വാർഡുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. മുട്ടാർ നാലുതോടിൽ എൽഡിഎഫ്‌യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ട് ലഭിച്ചതിനാൽ നറുക്കെടുപ്പിലൂടെയായിരുന്നു എൽഡിഎഫിന്റെ വിജയം.

ബത്തേരി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാനായി എം.എസ്.വിശ്വനാഥൻ കൗൺസിലർ സ്ഥാനം രാജിവച്ചതിനെത്തുടർന്നായിരുന്നു ബത്തേരി പഴേരി വാർഡിൽ ഉപതിരഞ്ഞെടുപ്പ്. നിലനിർത്തിയ കോഴിക്കോട് വളയം കല്ലുനിരയിൽ എൽഡിഎഫ് ഭൂരിപക്ഷം 326 വോട്ടിൽനിന്നു 196ലേക്കും എറണാകുളം വേങ്ങൂർ ചൂരത്തോടിൽ 169ൽനിന്നു 19ലേക്കും താഴ്ന്നു.

മലപ്പുറം തലക്കാട് പാറശ്ശേരി വെസ്റ്റിൽ ഭൂരിപക്ഷത്തിൽ നാല് വോട്ടിന്റെ കുറവുണ്ടായി. മറ്റെല്ലാ വാർഡിലും ഭൂരിപക്ഷം ഉയർത്തിയാണ് എൽഡിഎഫ് സീറ്റ് നിലനിർത്തിയത്. യുഡിഎഫ് നിലനിർത്തിയ മലപ്പുറം ജില്ലയിലെ രണ്ടു വാർഡുകളിലും ഭൂരിപക്ഷം ഉയർന്നു.

തിരുവനന്തപുരം

നെടുമങ്ങാട് നഗരസഭയിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. പതിനാറാംകല്ല് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ വിദ്യാ വിജയൻ 94 വോട്ടിനാണ് വിജയിച്ചത്. വർഷങ്ങളായി യുഡിഎഫ് ഭരിച്ചിരുന്ന വാർഡിൽ 10 വോട്ടിനാണ് കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥി ജയിച്ചത്. വാർഡംഗത്തിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

ആലപ്പുഴ

മുട്ടാർ പഞ്ചായത്ത് അഞ്ചാംവാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് 168 വോട്ട് വീതം ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്. സിപിഐ എം സ്വതന്ത്രൻ ആന്റണി (മോനിച്ചൻ)യാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു അഞ്ചാംവാർഡ്. ബിജെപി സ്ഥാനാർത്ഥിക്ക് ആറ് വോട്ടാണ് ലഭിച്ചത്.

കോട്ടയം

എലിക്കുളം പഞ്ചായത്ത് 14-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി ജെയിംസ് ജീരകത്തിൽ 159 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എട്ട് സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ജയപ്രകാശ് വടകരക്ക് മൂന്ന് വോട്ട് മാത്രമാണ് ലഭിച്ചത്. കേരള കോൺഗ്രസ്(എം) ലെ ടോമി ഇടയോടിയിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. വോട്ട് നില യുഡിഎഫ്: 512, എൽഡിഎഫ്:353, എൻഡിഎ:3.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജോജോ ചീരാംകുഴി അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 16 അംഗം പഞ്ചായത്തിൽ ഭരണം എൽഡിഎഫിനൊപ്പമാണ്.

പത്തനംതിട്ട

കലഞ്ഞൂർ പഞ്ചായത്ത് 20-ാം വാർഡ് പല്ലൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. സിപിഐ എം സ്ഥാനാർത്ഥി അലക്സാണ്ടർ ദാനിയേൽ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്. എൽഡിഎഫിന് 703 വോട്ടും യുഡിഎഫിന് 380 വോട്ടും ബിജെപിക്ക് 27 വോട്ടുമാണ് ലഭിച്ചത്.

എറണാകുളം

എറണാകുളം ജില്ലയിൽ നാലിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചു. പിറവം നഗരസഭ അഞ്ചാംഡിവിഷൻ, മാറാടി പഞ്ചായത്ത് ആറാംവാർഡ്, വാരപ്പെട്ടി പഞ്ചായത്ത് 13-ാം വാർഡ് എന്നിവിടങ്ങളിൽ യുഡിഎഫ് വിജയിച്ചു. മൂന്നും എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. വേങ്ങൂരിൽ എൽഡിഎഫ് സീറ്റ് നിലനിറുത്തി.

വേങ്ങൂർ പഞ്ചായത്ത് 11ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി വി പീറ്റർ 19 വോട്ടിനാണ് യുഡിഎഫിലെ ലീന ജോയിയെ പരാജയപ്പെടുത്തിയത്. എൽഡിഎഫ്--418, യുഡിഎഫ്--399, ബിജെപി--13, സ്വതന്ത്രൻ--191 എന്നിങ്ങനെയാണ് വോട്ടിങ് നില.

പിറവം നഗരസഭ അഞ്ചാം ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയി 205 വോട്ടുകൾക്കാണ് എൽഡിഎഫിലെ അഞ്ജു മനുവിനെ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 687 വോട്ടിൽ എൽഡിഎഫിന് 241 വോട്ടും യുഡിഎഫിന് 446 വോട്ടും ലഭിച്ചു.

മൂവാറ്റുപുഴ മാറാടി പഞ്ചായത്ത് ആറാം വാർഡിൽ യുഡിഎഫിലെ രതീഷ് ചങ്ങാലിമറ്റം എൽഡിഎഫിലെ ബിനിൽ തങ്കപ്പനെ 91 വോട്ടിന് പരാജയപ്പെടുത്തി. യുഡിഎഫ്--351, എൽഡിഎഫ്---260, ബിജെപി---22 എന്നിങ്ങനെയാണ് വോട്ടിങ് നില.

വാരപ്പെട്ടി പഞ്ചായത്ത് 13-ാം വാർഡിൽ യുഡിഎഫിലെ ഷജി ബെസ്സി എൽഡിഎഫിലെ റിനി ബിജുവിനെ 232 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പോൾ ചെയ്ത 989 വോട്ടിൽ എൽഡിഎഫ്--362, യുഡിഎഫ്--594, എൻഡിഎ--29, സ്വതന്ത്രൻ-- രണ്ട്, അസാധു--2 എന്നിങ്ങനെയാണ് വോട്ടിങ് നില. രണ്ട് വോട്ട് അസാധുവായി.

മലപ്പുറം

മലപ്പുറം ജില്ലയിൽ യുഡിഎഫ് മൂന്ന് സീറ്റിലും എൽഡിഎഫ് ഒരു സീറ്റിലും വിജയിച്ചു. തലക്കാട് പഞ്ചായത്തിലെ 15-ാം വാർഡ് എൽഡിഎഫ് നിലനിർത്തിയപ്പോൾ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ ആറാം വാർഡ് യുഡിഎഫ് നേടി.

തലക്കാട് പഞ്ചായത്ത് 15--ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ എം സജ്ല 244 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സജ്ല 587 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി വി ഷെർ ബീന 343 വോട്ടും ബിജെപി സ്ഥാനാർത്ഥി കറുകയിൽ സുജാത 74 വോട്ടും നേടി. എൽഡിഎഫ് അംഗം ഇ സൈറാബാനു മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 19 അംഗ ഭരണസമിതി കക്ഷിനില: എൽഡിഎഫ്-- 10, യുഡിഎഫ്-- 8, ബിജെപി-- ഒന്ന്.

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ഡിവിഷനിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാർത്ഥി ബാബു ഏലക്കാടൻ-- 4109, എൽഡിഎഫ് സ്ഥാനാർത്ഥി എ നിഖിത്-- 3680, എൻഡിഎ സ്ഥാനാർത്ഥി അഭിലാഷ്-- 340 വോട്ടുകൾ നേടി. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടിൽ 500 വോട്ടുകളുടെ ചോർച്ചയുണ്ടായി. ബിജെപി, യുഡിഎഫ് കൂട്ടുകെട്ട് വിജയമാണ് ഉണ്ടായത്. പട്ടികവർഗ സംവരണ ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ്. കക്ഷിനില: യുഡിഎഫ്-- 8, എൽഡിഎഫ്-- 5.

ചെറുകാവ് പത്താം വാർഡ് ചേവായൂരും വണ്ടൂർ പഞ്ചായത്ത് മുടപ്പിലാപ്പിലാശേരി ഒമ്പതാം വാർഡും യുഡിഎഫ് നിലനിർത്തി. ചെറുകാവ് ചേവായൂരിൽ വി മുരളീധരൻ വിജയിച്ചു. വണ്ടൂർ പഞ്ചായത്ത് മുടപ്പിലാപ്പിലാശേരി ഒമ്പതാം വാർഡിൽ 84 വോട്ടിന് യു അനിൽകുമാർ വിജയിച്ചു. വോട്ട് നില: യുഡിഎഫ് - 788, എൽഡിഎഫ്- 704, ബിജെപി- 95.

കോഴിക്കോട്

ഉപതെരഞ്ഞെടുപ്പ് നടന്ന വളയം മൂന്നാം വാർഡിൽ കല്ലുനിരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. സിപിഐ എമ്മിലെ കെ ടി ഷബിനയാണ് 196 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ഇ കെ നിഷയാണ് ഷബിന പരാജയപ്പെടുത്തിയത്.

എൽഡിഎഫ് നേതൃത്വത്തിലുള്ള വളയം പഞ്ചായത്തിലെ സിപിഐ എം ന്റെ സിറ്റിങ് സീറ്റാണ് മൂന്നാം വാർഡ്. ബിജെപി സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സി എച്ച് റീജയാണ് ഇവിടെ നിന്നും വിജയിച്ചത്. റീജയ്ക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞടുപ്പ് നടന്നത്. പഞ്ചായത്തിൽ എൽഡിഎഫ് 10, യുഡിഎഫ് 4 എന്നിങ്ങനെയാണ് കക്ഷിനില.

കണ്ണൂർ

ആറളം പഞ്ചായത്ത് വീർപ്പാട് വാർഡ് ഉപതെരഞ്ഞെപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി യു കെ സുധാകരൻ 137 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ സുരേന്ദ്രൻ പാറക്കത്താഴത്തിനെയാണ തോൽപിച്ചത്. നിലവിൽ എൽഡിഎഫ്: 9, യുഡിഎഫ് 8 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.

നേരത്തെ 8 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ബേബി ജോൺ പൈനാപ്പിള്ളിൽ ജയിച്ചുവെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുൻപെ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

വയനാട്

സുൽത്താൻ ബത്തേരി നഗരസഭയിലേക്ക് പഴേരി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ സിപിഐ എം സ്ഥാനാർത്ഥി എസ് രാധാകൃഷ്ണൻ ക12 വോട്ടിനാണ് ജയിച്ചത്. മനോജായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥി 96 വോട്ടിനാണ് ജയിച്ചത്.