- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവയും ഉത്തരാഖണ്ഡും തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്; ഉത്തർപ്രദേശിൽ രണ്ടാം ഘട്ടത്തിൽ 55 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; ഗോവയിലെ 40 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 301 സ്ഥാനാർത്ഥികൾ; ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലായി 632 സ്ഥാനാർത്ഥികൾ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ തിങ്കളാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. ഗോവ, ഉത്തരാഘണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ എല്ലാ മണ്ഡലങ്ങളിലേക്കും നാളെയാണ് വോട്ടെടുപ്പ്. രണ്ടു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നാളെ പൂർത്തിയാകും. ഗോവയിൽ നാല്പത് സീറ്റിലേക്കും ഉത്തരാഖണ്ടിൽ 70 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്.
ഉത്തരാഖണ്ടിൽ പലയിടത്തും മഞ്ഞുവീഴ്ച തുടരുകയാണ്.സംസ്ഥാനത്ത് കോൺഗ്രസിനും ബിജെപിക്കും ഇടയിൽ കടുത്ത മത്സരം നടക്കുന്നു എന്നാണ് സർവേകൾ നല്കിയ സൂചന. ഗോവയിൽ ആം ആദ്മി പാർട്ടി ഇത്തവണ ശക്തമായി രംഗത്തുണ്ട്.
യുപിയിൽ ബിജെപിയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ് ഫെബ്രുവരി 14ന് രണ്ടാംഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് പോകുന്ന 55 മണ്ഡലങ്ങൾ. ഇതിൽ ഒൻപത് മണ്ഡലങ്ങളിൽ പകുതിയിലേറെയും മുസ്ലിം വോട്ടർമാരാണ്. 14 മണ്ഡലങ്ങളിൽ ആകെ വോട്ടർമാരിൽ 40 ശതമാനത്തോളമാണ് മുസ്ലിം വോട്ടർമാർ
2017-ൽ ഈ 55 മണ്ഡലങ്ങളിൽ 38-ലും ബിജെപി വിജയിച്ചപ്പോൾ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 27 മണ്ഡലങ്ങളിൽ മാത്രമാണ് ബിജെപിക്ക് ഒന്നാമതെത്താൻ കഴിഞ്ഞത്. എസ്‌പിയുടെ ശക്തി കേന്ദ്രമായി വിലയിരുത്തപ്പെടുന്നവയാണ് പല മണ്ഡലങ്ങളും.
രണ്ടാം ഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് പോകുന്ന മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമാണ്. ജയിലിലുള്ള അസംഖാനും മകൻ അബ്ദുള്ളയും മത്സരരംഗത്തുണ്ട്. ഇതുയർത്തിയായിരുന്നു ഈ മേഖലയിലെ ബിജെപി പ്രചാരണം. സുരക്ഷ വിഷയമാക്കിയുള്ള പ്രചാരണം വനിതാ വോട്ടർമാർ സ്വീകരിക്കുന്നു എന്നാണ് ബിജെപി വിലയിരുത്തൽ.
55-ൽ മൂന്ന് സീറ്റുകൾ ആർഎൽഡിക്കായി മാറ്റിവച്ച എസ്‌പിക്ക് ഈ ഘട്ടം പ്രധാനമാണ്. യുപിയിൽ ഇരുപത് ദിവസത്തെ പ്രചാരണമാണ് ഇനി ബാക്കിയുള്ളത്. പ്രധാനമന്ത്രിയെ കൂടുതൽ എത്തിച്ചുള്ള തന്ത്രത്തിനാണ് ബിജെപി സംസ്ഥാനത്ത് രൂപം നല്കുന്നത്.
ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുക. ഫെബ്രുവരി 10ന് നടന്ന ആദ്യ ഘട്ടത്തിൽ 60 ശതമാനത്തിലധികമായിരുന്നു പോളിങ് ശതമാനം. 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലായിരുന്നു ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ്. മാർച്ച് പത്തിനാണ് അഞ്ച് സംസ്ഥാനങ്ങളിലേയും ഫലപ്രഖ്യാപനം.
ഗോവ - 40 മണ്ഡലങ്ങൾ
ഗോവയിൽ ആകെയുള്ള 40 മണ്ഡലങ്ങളിലേക്കും നാളെയാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടത്തിൽ തന്നെ വോട്ടെടുപ്പ് പൂർത്തിയാക്കും. ഇവിടെ ഭരണത്തിലുള്ള ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തി ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എന്നീ കക്ഷികൾ രംഗത്തുണ്ട്. 301 സ്ഥാനാർത്ഥികളാണ് ഗോവയിൽ തിരഞ്ഞെടുപ്പ് രംഗത്തുള്ളത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി പനജി മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. മോദിയും അമിത് ഷായും ബിജെപിക്ക് വേണ്ടി സംസ്ഥാനത്ത് പ്രചാരണം നടത്തിയപ്പോൾ രാഹുൽ ഗാന്ധിയും പി. ചിദംബരവുമാണ് കോൺഗ്രസ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചത്.
നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. അമിത് പലേക്കറാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. 11.6 ലക്ഷം വോട്ടർമാർ ഗോവയിൽ നാളെ വിധിയെഴുതും.
ഉത്തരാഖണ്ഡ് - 70 മണ്ഡലങ്ങൾ
13 ജില്ലകളിലായി 70 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് പൂർത്തിയാകും. 81 ലക്ഷം വോട്ടർമാരാണ് വിധിയെഴുതുക. വോട്ടെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് 632 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെയാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. 2014-2017 കാലഘട്ടത്തിൽ റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
ആംആദ്മി പാർട്ടിയും ശക്തമായി തന്നെ തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. അഭിപ്രായ സർവേകൾ പറയുന്നതനുസരിച്ച് ശക്തമായ പോരാട്ടമാണ് സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ നടക്കുന്നത്. 31-35 സീറ്റുകളിൽവരെ ബിജെപിക്കാണ് മുൻതൂക്കമെന്നും വിവിധ സർവേകൾ അഭിപ്രായപ്പെടുന്നു.
ന്യൂസ് ഡെസ്ക്