തിരുവനന്തപുരം: തദ്ദേശത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനുണ്ടാകുന്നത് ഒരു സീറ്റിന്റെ നഷ്ടം. കോൺഗ്രസിന് രണ്ടു സീറ്റുകൾ അധികം കിട്ടി. സിറ്റിങ് സീറ്റുകളൊന്നും നഷ്ടമായതുമില്ല. ബിജെപിക്ക് കാസർകോട്ടെ ശക്തി കേന്ദ്രത്തിൽ ഒരു സീറ്റ് നഷ്ടമുണ്ടായി. ഒരിടത്ത് അവർ വീണ്ടും ജയിച്ചു. ഈ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ 'വിജയം' യുഡിഎഫിന്റേതാകുന്നത്. ശക്തികേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് കരുത്ത് കാട്ടുന്നതും യുഡിഎഫിന് ശുഭപ്രതീക്ഷയാണ്. വണ്ടന്മേട് ഗ്രാമപഞ്ചായത്തിൽ (11വാർഡ് ഉപതിരഞ്ഞെടുപ്പ്) യുഡിഫ് സ്ഥാനാർത്ഥി സൂസൻ ജേക്കബ് ചിറയിൽ 141 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതാണ് പ്രധാന അട്ടിമറി. ഇടതു സിറ്റിങ് സീറ്റിലായിരുന്നു യുഡിഎഫ് മുന്നേറ്റം. ബദിയടുക്കയിലെ ബിജെപി സീറ്റും കോൺഗ്രസ് പിടിച്ചെടുത്തു.

ബദിയടുക്ക പഞ്ചായത്തിൽ ബിജെപിയുടെ സിറ്റിങ് വാർഡ് യുഡിഎഫ് പിടിച്ചെടുത്തത് ബിജെപിക്ക് ക്ഷീണമായി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരിട്ട് പ്രചാരണം നടത്താനെത്തിയ സ്ഥലമാണിത്. കഴിഞ്ഞ തവണ 150 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ച സീറ്റ് ഇത്തവണ 38 വോട്ടിനാണു യുഡിഎഫ് പിടിച്ചെടുത്തത്. ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 5 പഞ്ചായത്ത് വാർഡുകളിൽ 3 എണ്ണത്തിൽ എൽഡിഎഫിനും രണ്ടിടത്ത് യുഡിഎഫിനുമാണ് വിജയം. കുമ്പള പഞ്ചായത്തിൽ 2020ൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കൊലക്കേസ് പ്രതിയായതിനെ തുടർന്നു രാജി വച്ചിരുന്നു. ഈ വാർഡ് എൽഡിഎഫ് നിലനിർത്തി.

കാഞ്ഞങ്ങാട് നഗരസഭയിലെയും കള്ളാർ പഞ്ചായത്തിലെയും സീറ്റുകൾ എൽഡിഎഫ് നില നിർത്തി. പള്ളിക്കര പഞ്ചായത്തിലെ വാർഡ് യുഡിഎഫ് നില നിർത്തി. ഇതിനൊപ്പമാണ് ഇടുക്കി വണ്ടന്മേട്ടിലെ എൽഡിഎഫ് സീറ്റും യുഡിഎഫ് പിടിച്ചെടുത്തത്. സിറ്റിങ് സീറ്റുകൾ നിലനിർത്തിയതിനോടൊപ്പം എൽഡിഎഫിൽ നിന്നും ബിജെപി യിൽ നിന്നും ഓരോ സീറ്റും യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ ഒമ്പത് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. 20 വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപി കുത്തക തകർത്താണ് ബദിയടുക്ക 14-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തത്.

ആലുവ നഗരസഭ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിദ്യാ ബിജു 58 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് സ്ഥാനാർത്ഥി കവിത എൻകെ 125 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥി പി ഉമാദേവി 110 വോട്ടുകൾ നേടി. 574 വോട്ടർമാരുള്ള വാർഡിൽ 403 പേർ വോട്ട് ചെയ്തു. 26 അംഗ കൗൺസിലിൽ കോൺഗ്രസിന് 13 അംഗങ്ങൾ ഉണ്ട്. വാർഡ് കൗൺസിലർ ആയിരുന്ന ജെബി മേത്തർ രാജ്യസഭാംഗം ആയതിനെതുടർന്ന് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്മേട് അച്ചൻകാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാർഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. തൃത്താല കുമ്പിടി, പാലമേൽ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂർ, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെർവാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മൽ വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്. എളമ്പല്ലൂർ ആലുമൂട്ടി വാർഡിലാണ് ബിജെപിയുടെ വിജയം.

പള്ളിക്കര പഞ്ചായത്ത് 19-ാം വാർഡ് പള്ളിപ്പുഴയിലേക്ക് ജി.ഡബ്ല്യു.എൽ.പി.എസ് പള്ളിപ്പുഴയിൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി സമീറ അബാസ് വിജയിച്ചു. 831 വോട്ടുകൾ നേടിയാണ് സമീറ ജയിച്ചത്. ബദിയടുക്ക പഞ്ചായത്ത് 14-ാം വാർഡ് പട്ടാജെയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ ശ്യാമപ്രസാദ് വിജയിച്ചു. എൽഡിഎഫ്-11, യുഡിഎഫ്-7, ബിജെപി-2 എന്നിങ്ങനെയായിരുന്നു മുമ്പുണ്ടായിരുന്ന സീറ്റ് നില. ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തതോടെ എൽഡിഎഫ്-10, യുഡിഎഫ്-9, ബിജെപി-1 എന്നായി നിലവിലെ സീറ്റ് നില.