തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം റൗണ്ടിലേക്ക് കടന്നു. പതിവ് പോലെ ആദ്യ ഘട്ടത്തിൽ സിപിഐ(എം) തന്നെയാണ് പ്രചരണത്തിൽ മുന്നിൽ. ഈ ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിലും നേട്ടം കൊയ്യാമെന്ന് ഇടതുപക്ഷം കരുതുന്നു. വിമത ശല്യം അലട്ടുന്ന കോൺഗ്രസും പ്രചരണത്തിൽ സജീവമാവുകയാണ്. എസ്എൻഡിപിയുമായി കൂട്ടുകെട്ട് ഉറപ്പിച്ച ബിജെപിയും പ്രചരണത്തിൽ സജീവമായി രംഗത്തുണ്ട്. പോളിങ് ബൂത്തിലേക്ക് നീങ്ങാൻ 13-15 ദിവസം മാത്രമാണ് ഇനി ശേഷിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളുമടക്കം 21452 വാർഡുകളിൽ മാറ്റുരച്ച യുഡി.എഫ് 11,195 വാർഡുകളിൽ ജയിച്ചാണ് മുന്നിലെത്തിയത്. 19,203 വാർഡുകളിൽ മത്സരിച്ച ഇടതുമുന്നണി 8525 ഇടത്ത് വിജയിച്ചു. ബിജെപി സ്വതന്ത്രരുടെ പിന്തുണയോടെ 7874 ഇടത്ത് മത്സരിച്ച് 480 വാർഡുകൾ നേടി. ഈ കണക്കുകൾ മുന്നിൽ വച്ചാണ് മുന്നണികളുടെ പോരാട്ടം. എല്ലാവർക്കും ഈ കണക്കിനമപ്പുറം സീറ്റുകൾ കൂടിയേ തീരൂ. അത് തന്നെയാണ് വീറും വാശിയും കൂട്ടുന്നത്. 2010ൽ യു.ഡി.എഫിൽ നിന്നേറ്റ തിരിച്ചടി മറികടന്ന് മേൽക്കൈ വീണ്ടെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. എന്നാൽ സമീപകാല തിരഞ്ഞെടുപ്പനുഭവങ്ങളുടെ വെളിച്ചത്തിൽ ആധിപത്യം നിലനിറുത്താമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. എസ്എൻഡിപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ബിജെപിയിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.

ആറ് മാസത്തിനകം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സൽ എന്ന നിലയിൽ ഇടത്, വലത് മുന്നണികൾക്കും ബിജെപിക്കും അഭിമാനപ്രശ്‌നമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ  രണ്ടിനാണ്. തലസ്ഥാനമടക്കം ഏഴ് ജില്ലകളിലേക്കുള്ള വോട്ടെടുപ്പിന് ശേഷിക്കുന്നത് 13 ദിവസമാണ്. അടുത്ത ഘട്ടത്തിൽ രണ്ട് ദിവസം കഴിഞ്ഞ് നവംബർ  അഞ്ചിനും. വിമത ശല്യം എല്ലാ മുന്നണികളേയും ബാധിച്ചിട്ടുണ്ട്. എന്നാൽ അത് ഏറ്റവും കൂടതൽ ബാധിച്ചത് കോൺഗ്രസിനേയാണ്. യുഡിഎഫിൽ മലപ്പുറത്തും കോട്ടയത്തും സൗഹൃദ മത്സരവുമുണ്ട്. കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസും തമ്മിൽ പ്രാദേശികമായ ഭിന്നത രൂക്ഷമാണ്.

സീറ്റ് വിഭജന, സ്ഥാനാർത്ഥിനിർണയ ചർച്ചകൾക്ക് മതിയായ സാവകാശം കിട്ടാത്തതിന്റെ അസ്വസ്ഥതകളാണ് ഇതിന് കാരണം. ഇടതിലും സിപിഎമ്മും സിപിഐ യോജിപ്പിലെത്താത ചില പഞ്ചായത്തുകളുണ്ട്. എന്നാൽ പാർട്ടിക്കുള്ളിൽ നിന്നുള്ള വിമത ശല്യം കുറവാണെന്നത് സിപിഎമ്മിന് പ്രതീക്ഷയാണ്. അതുകൊണ്ട് തന്നെ പ്രചരണത്തിലും അവർക്ക് മുന്നേറാനായി. ആദ്യമായി മുഴുവൻ വാർഡുകളിലും മത്സരിക്കുന്ന ബിജെപി, എസ്.എൻ.ഡി.പിയുമായി ഉണ്ടാക്കിയ നീക്കുപോക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ്. ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികൾ ആദ്യറൗണ്ട് പ്രചാരണം പൂർത്തിയാക്കി. വാർഡ്തല കൺവെൻഷനുകളും പൂർത്തിയായി. യു.ഡി.എഫിൽ രൂക്ഷമായ തർക്കത്തിനിടവരുത്തിയ വാർഡുകളിലെ സ്ഥാനാർത്ഥികളുടേത് മാത്രമാണ് പൂർത്തിയാക്കാനുണ്ടായിരുന്നത്. ഇന്നോടെ അതും തീരും

രണ്ടാംഘട്ടത്തിൽ മുൻനിര നേതാക്കളെ കളത്തിലിറക്കിയുള്ള പ്രചാരണത്തിനാണ് മുൻഗണന. ഇടതുമുന്നണി ക്രൗഡ് പുള്ളറായ വി എസ്. അച്യുതാനന്ദനെ മുന്നിൽ നിറുത്തുന്നു. വി എസ് ഇന്നലെ തലസ്ഥാനത്ത് പര്യടനം തുടങ്ങി. പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ളയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിയും വി.എസിനൊപ്പം കളത്തിലിറങ്ങും. യു.ഡി.എഫിന്റെ പ്രചാരണ നായകൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. കെപിസിസി പ്രസിഡന്റ് വി എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സംസ്ഥാനത്തുടനീളം പര്യടനം നടത്തും. കൊട്ടിക്കലാശത്തിന് എ.കെ. ആന്റണിയെത്തും.

ബിജെപി മുൻനിര നേതാക്കളായ വി. മുരളീധരനും ഒ. രാജഗോപാലിനും പി.കെ. കൃഷ്ണദാസിനും പുറമേ കേന്ദ്രമന്ത്രിമാരായ പൊൻരാധാകൃഷ്ണനെയും സദാനന്ദഗൗഡയെയും നിർണായക ജില്ലകളിൽ പ്രചാരണത്തിനെത്തിക്കും. തിരുവനന്തപുരവും പാലക്കാടും കാസർകോടുമാണ് അവരുടെ ്ര്രപധാന പ്രതീക്ഷ.